ഭിന്നശേഷിക്കാരെ പരിഗണിക്കാതെ വിദ്യാഭ്യാസ നയം
text_fieldsകൊച്ചി: മുഖ്യധാരാ സ്കൂളുകളിൽ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾ വർധിക്കുമ്പോഴും വിഭ്യാഭ്യാസ നയം മാറ്റാതെ സംസ്ഥാന സർക്കാർ. സ്കൂളുകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനോ അധ്യാപക -വിദ്യാർഥി അനുപാതം പുനർനിർണയിക്കാനോ നടപടിയില്ല. സ്പെഷൽ, ബഡ്സ് സ്കൂളുകളിൽ ഉൾപ്പെടെ ആവശ്യത്തിന് അധ്യാപക, റിസോഴ്സ് പേഴ്സൺമാർ ഇല്ലാത്തതും പഠനത്തെ സാരമായി ബാധിക്കുന്നു.
2015ലെ ഡിെസബിലിറ്റി സെൻസസ് പ്രകാരം സംസ്ഥാനത്ത് ഭിന്നശേഷിയുള്ളവരുടെ എണ്ണം 7,93,937 ആണ്. ഇവരിൽ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന 2,23,969 പേരിൽ (28.2 ശതമാനം) 1,42,813 പേർ (18 ശതമാനം) വിദ്യാർഥികളാണ്. അവരിൽ 89.88 ശതമാനം (1,28,347) മുഖ്യധാരാ സ്കൂളുകളിലാണ് പഠിക്കുന്നത്. എന്നാൽ, ഇവിടങ്ങളിൽ മതിയായ അധ്യാപകരോ റിസോഴ്സ് പേഴ്സൺമാരോ ഇല്ല. സ്പെഷൽ സ്കൂളുകളിലെ അധ്യാപക -വിദ്യാർഥി അനുപാതം 1:8 ആണെന്നിരിേക്ക മുഖ്യധാരാ സ്കൂളുകളിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് 1:62 അനുപാതമാണ് തുടരുന്നത്. സാധാരണ സ്കൂളുകളിൽപ്പോലും അധ്യാപക -വിദ്യാർഥി അനുപാതം 1:40 ആണ്.
സംസ്ഥാനത്ത് 250 സ്പെഷൽ സ്കൂൾ, 64 ബഡ്സ് സ്കൂൾ, സർവശിക്ഷ അഭിയാന് കീഴിൽ 159, രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന് കീഴിൽ 226 റിസോഴ്സ് സെൻറർ എന്നിവയാണ് പ്രവർത്തിക്കുന്നത്. സ്പെഷൽ സ്കൂളുകളിൽ ഒരെണ്ണമാണ് സർക്കാറിനുള്ളത്. മറ്റുള്ളവ എൻ.ജി.ഒ, സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള ഫണ്ടിെൻറ ഭൂരിഭാഗവും ഇവരാണ് സ്വന്തമാക്കുന്നത്. സ്പെഷൽ സ്കൂളിൽ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിന് താഴെയുള്ള 11,637 പേരുണ്ട്. അതിന് മുകളിലുള്ളവർ 9,626. ഇവർക്ക് 2600ഓളം അധ്യാപകർ വേണമെന്നിരിേക്ക, നിലവിൽ 1764 പേരാണുള്ളത്. ബഡ്സ് സ്കൂളിൽ 2,829 വിദ്യാർഥികളുണ്ട്. 353 അധ്യാപകർ വേണമെന്നിരിേക്ക 175 പേരാണുള്ളത്.
സ്പെഷൽ സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നതായി സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓൺ ഡിെസബിലിറ്റിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു. 2015ൽ 12,556 കുട്ടികളുണ്ടായിരുന്നു. 2016-17ൽ 11,785, 2017-18ൽ 11,637. അതേസമയം, 18നുമേൽ പ്രായമുള്ള വിദ്യാർഥികളെ കൂടുതലായി ഉൾക്കൊള്ളുകയാണ്. 2015-16ൽ 8,703, 2016-17ൽ 9,289, 2017-18ൽ 9,626 എന്നിങ്ങനെയാണ് കണക്ക്. സ്കൂളുകളുടെ നിലനിൽപ്പും ഫണ്ട് നേട്ടവും ലക്ഷ്യമിട്ടാണ് പലരും ഇത്തരത്തിൽ പ്രവേശനം നടത്തുന്നത്. എന്നാൽ, പ്രായമേറിയവരെ സ്കൂളുകളിൽത്തന്നെ നിലനിർത്തുന്നതിലൂടെ നൈപുണ്യ വികസനത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള അവസരങ്ങളുമാണ് നിഷേധിക്കുന്നത്. പഠനശേഷം പരാശ്രയം കൂടാതെ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുന്ന രീതിയിൽ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.