വിദ്യാർഥികളെ 'കാമധേനു പശു ശാസ്ത്ര' പരീക്ഷയെഴുതാൻ പ്രോത്സാഹിപ്പിക്കണം; യൂനിവേഴ്സിറ്റികളോട് യു.ജി.സി
text_fieldsവിദ്യാർഥികളെ പശു ശാസ്ത്ര പരീക്ഷയെഴുതാൻ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ എല്ലാ സർവകലാശാലകളോടും നിർദേശിച്ച് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യുജിസി). ഒരു വ്യക്തിക്ക് cow science അഥവാ പശു ശാസ്ത്രത്തിൽ എത്ര വൈദഗ്ധ്യമുണ്ടെന്ന് ടെസ്റ്റ് ചെയ്യുന്നതിനുള്ള 'കാമധേനു ഗോ വിഗ്യാൻ പ്രചാർ - പ്രസാർ പരീക്ഷ' വിദ്യാർഥികളെകൊണ്ട് എഴുതിക്കാനാണ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കെഴുതിയ സർക്കുലറിൽ യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി സെക്രട്ടറി രജനിഷ് ജെയിൻ ഒപ്പിട്ട സർക്കുലറിൽ അഫിലിയേറ്റഡ് കോളേജുകളെ ഇതേക്കുറിച്ച് അറിയിക്കാനും വിസികളോട് ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ തദ്ദേശീയ പശുക്കളുടെ സാമ്പത്തിക, ശാസ്ത്രീയ, പാരിസ്ഥിതിക, ആരോഗ്യ, കാർഷിക, ആത്മീയ പ്രസക്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് (ആർകെഎ)പരീക്ഷ നടത്തുന്നത്.
പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജുകളിലും സർവകലാശാലകളിലും ഉള്ളവർക്കും ഓൺലൈൻ പരീക്ഷയെഴുതാം. കൂടാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും എഴുതാനുള്ള സൗകര്യമുണ്ട്. പരീക്ഷ എഴുതുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും, സർക്കുലറിൽ പറയുന്നു. "ചെറുപ്പക്കാരായ വിദ്യാർത്ഥികൾക്കും മറ്റെല്ലാ പൗരന്മാർക്കുമിടയിൽ തദ്ദേശീയ പശുക്കളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വർഷത്തിൽ ഒരു പരീക്ഷ എന്ന നിലയിലാണ് പശു ശാസ്ത്ര പരീക്ഷ നടത്തുകയെന്ന് ആർകെഎ ചെയർമാൻ വല്ലഭായ് കതിരിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.