എൻജിനീയറിങ് പ്രവേശനം: ന്യൂനപക്ഷ പദവി മറികടന്ന അലോട്ട്മെൻറ് റദ്ദാക്കി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോളജുകളിൽ മുന്നാക്ക സംവരണത്തിന് സീറ്റ് അനുവദിച്ച് സർക്കാർ നടത്തിയ രണ്ടാം അലോട്ട്മെൻറ് റദ്ദാക്കി. ഇതുസംബന്ധിച്ച് തിങ്കളാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് രാവിലെ 10 മണിയോടെ അലോട്ട്മെൻറ് പ്രവേശന പരീക്ഷ കമീഷണർ വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു.
ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളജുകളായ കൊല്ലം ടി.കെ.എം എൻജിനീയറിങ്, കോതമംഗലം മാർ അത്തനേഷ്യസ് എന്നിവയിലെ മുന്നാക്ക സംവരണ സീറ്റുകളും അലോട്ട്മെൻറും റദ്ദാക്കിയ പുതുക്കിയ അലോട്ട്മെൻറ് വൈകീട്ട് പ്രസിദ്ധീകരിച്ചു.
ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ മുന്നാക്ക സംവരണ അലോട്ട്മെൻറ് പുറത്തുവന്നതോടെ പിൻവലിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പ്രവേശന പരീക്ഷ കമീഷണർക്ക് നിർദേശം നൽകുകയായിരുന്നു.
പുതുക്കിയ അലോട്ട്മെൻറ് ഉടൻ പ്രസിദ്ധീകരിക്കാനും നിർദേശിച്ചു. ഗുരുതര പിഴവ് സംഭവിച്ചത് അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടു.
ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്ക സംവരണം പാടില്ലെന്ന കേന്ദ്ര/ സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് മറികടന്നാണ് രണ്ടു മുൻനിര എയ്ഡഡ് കോളജുകളിൽ അലോട്ട്മെൻറ് നടത്തിയത്. ടി.കെ.എമ്മിൽ 55 സീറ്റിലേക്കും മാർ അത്തനേഷ്യസിൽ 45 സീറ്റിലേക്കുമാണ് വഴിവിട്ട അലോട്ട്മെൻറ് നടത്തിയത്.
രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം ചൊവ്വാഴ്ച ആരംഭിക്കും മുെമ്പയാണ് അടിയന്തരമായി പുതുക്കി പ്രസിദ്ധീകരിച്ചത്. മുന്നാക്ക സംവരണത്തിെൻറ മറവിൽ വഴിവിട്ട വിദ്യാർഥി പ്രവേശനം നടത്തുന്നെന്ന ശക്തമായ ആക്ഷേപത്തിനിടെയാണ് ഇൗ കോളജുകളിലെ അേലാട്ട്മെൻറ് പുറത്തുവന്നത്. പ്രഫഷനൽ കോഴ്സ് പ്രവേശനത്തിന് പ്രസിദ്ധീകരിച്ച അലോട്ട്മെൻറ് പിൻവലിക്കുന്നത് അത്യപൂർവമാണ്.
55 പേർക്ക് അലോട്ട്മെൻറ് നഷ്ടം; 400 വിദ്യാർഥികൾക്ക് മാറ്റം
തിരുവനന്തപുരം: വഴിവിട്ട മുന്നാക്ക സംവരണം റദ്ദാക്കിയതോടെ 400ഒാളം വിദ്യാർഥികളുടെ അലോട്ട്മെൻറിൽ മാറ്റം. 55 പേർക്ക് അലോട്ട്മെൻറ് നഷ്ടമായി. ടി.കെ.എം, മാർ അത്തനേഷ്യസ് എന്നിവിടങ്ങളിൽ മുന്നാക്ക വിഭാഗത്തിലുള്ളവർ (ഇ.ഡബ്ല്യു.എസ്) നേടിയ അലോട്ട്മെൻറ് നഷ്ടമായി.
പകരം ഇവരെ മറ്റ് കോളജുകളിൽ നൽകിയ ഒാപ്ഷനുകളിലേക്ക് മാറ്റി. നേരത്തേ ലഭിച്ച കോളജുകളെക്കാൾ ഒാപ്ഷനിൽ പിറകിൽ നിൽക്കുന്ന കോളജുകളിലേക്കോ ബ്രാഞ്ചുകളിലേക്കോ ആണ് മാറിയത്. ഇവർ മാറിവരുന്ന കോളജുകളിൽ അലോട്ട്മെൻറിൽ ഉൾപ്പെട്ടവർ പിറകിലെ ഒാപ്ഷനിലേക്കും കോളജുകളിലേക്കും മാറി.
അലോട്ട്മെൻറ് ലഭിച്ചവരിൽ പിറകിൽ നിന്ന 55 പേരാണ് പുറത്തുപോയത്. ഇവരെ മൂന്നാം അലോട്ട്മെൻറിൽ ഒാപ്ഷനുകൾ പുനഃസ്ഥാപിച്ച് വീണ്ടും പരിഗണിക്കും. അലോട്ട്മെൻറ് മാറിയ വിദ്യാർഥികളെ പ്രവേശന പരീക്ഷ കമീഷണറുടെ കാര്യാലയത്തിൽനിന്ന് അറിയിച്ചു. ഇവർ പുതിയ അലോട്ട്മെൻറ് പ്രകാരം പ്രവേശനത്തിന് ഹാജരാകണം. മറ്റ് വിദ്യാർഥികൾക്ക് നേരത്തേ ലഭിച്ച അലോട്ട്മെൻറിൽ കാര്യമായ മാറ്റങ്ങളില്ലെന്നാണ് കമീഷണറേറ്റ് വ്യക്തമാക്കുന്നത്.
ഉത്തരവിലെ തർക്കം തീരുന്നില്ല
എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിൽ മുന്നാക്ക സംവരണ ഉത്തരവ് നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അലോട്ട്മെൻറ് റദ്ദാക്കുന്നതിലേക്ക് വഴിവെച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ.
ഇതുസംബന്ധിച്ച് ഒക്ടോബർ 15ലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ 'ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ളവയിൽ' മുന്നാക്ക സംവരണ സീറ്റുകൾ അനുവദിക്കാമെന്ന ഭാഗം ചേർത്തിരുന്നില്ല. ഇതാണ് രണ്ടു ന്യൂനപക്ഷ സ്ഥാപനങ്ങളിൽ അലോട്ട്മെൻറിന് വഴിവെച്ചതെന്നാണ് വിശദീകരണം.
എന്നാൽ, 2020 -21 വർഷത്തെ എ.െഎ.സി.ടി.ഇ ഹാൻഡ്ബുക്ക് പ്രകാരം മുന്നാക്ക സംവരണം നടത്തണമെന്ന നിർദേശം സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നെന്നും ഇതുപ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ഇ.ഡബ്ല്യു.എസ് അലോട്ട്മെൻറ് നടത്താനാകില്ലെന്നുമാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസ് പറയുന്നത്.
ആർക്കിടെക്ചറിലെ മുന്നാക്ക സംവരണ നീക്കം പാളി
ആർക്കിടെക്ചർ കൗൺസിൽ അനുമതിയില്ലാതെ മുന്നാക്ക സംവരണത്തിനായി സീറ്റ് വർധിപ്പിക്കാനുള്ള നീക്കം പാളി. ദേശീയ കൗൺസിൽ അനുമതിയില്ലാതെ സീറ്റ് വർധിപ്പിക്കുന്നതിനെതിരെ ഏതാനും കോളജുകൾ മുന്നറിയിപ്പ് നൽകിയതോടെയാണ് ബി.ആർക് കോഴ്സുകളിലേക്ക് മുന്നാക്ക സംവരണ അലോട്ട്മെൻറ് സർക്കാർ മാറ്റിവെച്ചത്.
മൂന്നു സർക്കാർ കോളജുകളിലും കൊല്ലം ടി.കെ.എമ്മിലും ഉൾപ്പെടെയാണ് 10 ശതമാനം സീറ്റ് വർധിപ്പിച്ച് ബി.ആർക്കിന് മുന്നാക്ക സംവരണം നടപ്പാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.