എൻജിനീയറിങ് പ്രവേശനം; മൂന്നിലൊന്ന് പേർക്കും പ്രിയം കമ്പ്യൂട്ടർ സയൻസിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ പ്രവേശനം ഉറപ്പായ 32.12 ശതമാനം പേരും തെരഞ്ഞെടുത്തത് കമ്പ്യൂട്ടർ സയൻസ്. മൊത്തം 19,725 പേർക്കാണ് പ്രവേശന പരീക്ഷ കമീഷണർ മെറിറ്റ് അടിസ്ഥാനത്തിൽ അലോട്ട്മെന്‍റ് നൽകിയത്.
ഇതിൽ 6336 പേരും കമ്പ്യൂട്ടർ സയൻസിലാണ്. 3317 പേർക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലാണ് അലോട്ട്മെന്‍റ്. മെക്കാനിക്കൽ ബ്രാഞ്ചിൽ 2117 പേർക്കും സിവിൽ എൻജിനീയറിങ്ങിൽ 2079 പേർക്കും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ 1984 പേർക്കും പ്രവേശനം ഉറപ്പായി. റാങ്ക് ക്രമത്തിൽ പ്രവേശനം നേടിയ ആദ്യ നൂറ് പേരിൽ 80ഉം കമ്പ്യൂട്ടർ സയൻസാണ് തെരഞ്ഞെടുത്തത്. ആദ്യ 500 പേരിൽ 310 പേർക്കും ആയിരം പേരിൽ 572 ഉം 5000 പേരിൽ 1762 ഉം പതിനായിരം പേരിൽ 3624ഉം കമ്പ്യൂട്ടർ സയൻസിലാണ് പ്രവേശനം ഉറപ്പാക്കിയത്. കോളജുകൾ ഈ വർഷം കമ്പ്യൂട്ടർ സയൻസിൽ അധിക ബാച്ചിന് അംഗീകാരം വാങ്ങിയാണ് വിദ്യാർഥി പ്രവേശനം നടത്തുന്നത്.
മുൻനിര റാങ്കുകാരിൽ ഭൂരിഭാഗത്തിനും കേരളത്തിൽ പ്രവേശനം വേണ്ട
തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് റാങ്ക് പട്ടികയിൽ മുൻനിരയിലുള്ളവരിൽ ഭൂരിഭാഗത്തിനും സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം വേണ്ട. റാങ്ക് പട്ടികയിൽ ആദ്യ പത്ത് റാങ്കുകാരിൽ ഒരാൾ മാത്രമാണ് പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റിലൂടെ സംസ്ഥാനത്തെ എൻജിനീയറിങ് കോളജിൽ അലോട്ട്മെന്‍റ് നേടിയത്. ആദ്യ 50 റാങ്കുകാരിൽ രണ്ടുപേരും നൂറ് റാങ്കുകാരിൽ എട്ടുപേരുമാണ് അലോട്ട്മെന്‍റ് നേടിയത്. ആദ്യ 200 റാങ്കുകാരിൽ 39 ഉം 500 റാങ്കുകാരിൽ 183 പേരും ആയിരം റാങ്കുകാരിൽ 426 പേരും 5000 റാങ്കുകാരിൽ 2322 പേരുമാണ് കേരളത്തിൽ അലോട്ട്മെന്‍റ് നേടിയത്. കേരള റാങ്ക് പട്ടികയിൽ മുൻനിരയിലുള്ളവരിൽ നല്ലൊരു ശതമാനവും ഐ.ഐ.ടി ഉൾപ്പെടെ ദേശീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിലും ഉൾപ്പെട്ടവരാണ്. ഇവർ ഐ.ഐ.ടി, എൻ.ഐ.ടി ഉൾപ്പെടെ സ്ഥാപനങ്ങളാണ് എൻജിനീയറിങ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. കേരള എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരിൽ പലരും മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി റാങ്ക് പട്ടികയിലും ഉൾപ്പെട്ടവരാണ്. ഇവരും എൻജിനീയറിങ് പ്രവേശന നടപടികളിൽ പങ്കെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.