വിധിയിൽ കുരുങ്ങി എൻജിനീയറിങ് പ്രവേശനം
text_fieldsതിരുവനന്തപുരം: റാങ്ക് പട്ടികയും അത് തയാറാക്കാൻ പ്രോസ്പെക്ടസിൽ വരുത്തിയ ഭേദഗതിയും ഹൈകോടതി റദ്ദാക്കിയതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന നടപടികൾ സമ്പൂർണ അനിശ്ചിതത്വത്തിലായി. ജൂലൈ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച സംവരണ വിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് റാങ്ക് പട്ടിക തന്നെ കോടതി അസാധുവാക്കിയത്.
പഴയ പ്രോസ്പെക്ടസ് പ്രകാരം റാങ്ക് പട്ടിക തയാറാക്കുന്നതോടെ നിലവിലെ റാങ്ക് പട്ടിക ഒന്നടങ്കം മാറിമറിയും. എൻജിനീയറിങ് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ എ.ഐ.സി.ടി.ഇ നിഷ്കർഷിച്ച സമയപരിധി ആഗസ്റ്റ് 14 ആണ്. ഇതിന് മുമ്പ് മൂന്ന് അലോട്ട്മെന്‍റും സ്പോട്ട് അലോട്ട്മെന്‍റും ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. ആഗസ്റ്റ് 14ന് ശേഷം പ്രവേശനം നടത്തണമെങ്കിൽ എ.ഐ.സി.ടി.ഇയിൽ പ്രത്യേക അനുമതി തേടേണ്ടി വരും.
കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മൂന്ന് വർഷമായി സമീകരണ പ്രക്രിയയിലൂടെ മാർക്കിൽ കുറവ് വരുന്നുവെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തിയത്. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ കമീഷണർ സമർപ്പിച്ച പ്രപ്പോസൽ മന്ത്രിസഭ അംഗീകരിച്ചാണ് ഭേദഗതി വരുത്താൻ തീരുമാനിച്ചത്. റാങ്ക് പട്ടിക തയാറാക്കാനായി പ്ലസ് ടു പരീക്ഷയുടെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് 1:1:1 എന്ന തുല്യ അനുപാതത്തിലായിരുന്നു പരിഗണിച്ചിരുന്നത്.
പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് ഈ അനുപാതത്തിൽ മാറ്റം വരുത്തിയത് അന്യായവും നിയമവിരുദ്ധവുമാണെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്. പ്രോസ്പെക്ടസ് ഭേദഗതി വരുത്തി 5:3:2 എന്ന മാർക്ക് അനുപാതത്തിലേക്ക് മാറ്റിയതാണ് റദ്ദാക്കിയത്. ഇതോടെ മൂന്ന് വിഷയങ്ങൾക്കും തുല്യ പ്രധാന്യം നൽകിയുള്ള 1:1:1 എന്ന അനുപാതത്തിൽ റാങ്ക് പട്ടിക തയാറാക്കേണ്ടിവരും. ഇതുവഴി സർക്കാർ കോളജുകളിലടക്കം പ്രവേശനം ഉറപ്പായ ഒട്ടേറെ വിദ്യാർഥികൾക്ക് അവസരം നഷ്ടമാകും. നേരത്തെ മൂന്ന് വിഷയങ്ങളുടെയും നൂറ് വീതം മാർക്കിൽ പരിഗണിച്ച് മൊത്തം 300ലാണ് കണക്കാക്കിയിരുന്നത്. പരിഷ്കരിച്ച പ്രോസ്പെക്ടസിൽ, മാത്സിന്‍റെ മാർക്ക് 150ലും ഫിസിക്സിന്‍റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കാൻ തീരുമാനിച്ചതാണ് കോടതിയിൽ ചോദ്യം ചെയ്തതും റദ്ദാക്കിയതും.
‘കീം’ പ്രോസ്പെക്ടസ് 14 വർഷമായി നിലനിൽക്കുന്നുവെന്ന് ഹൈകോടതി
കൊച്ചി: 2011ലെ വിദഗ്ധ സമിതി ശിപാർശയെത്തുടർന്ന് തയാറാക്കി നടപ്പാക്കിയ ‘കീം’ പ്രോസ്പെക്ടസാണ് 14 വർഷമായി നിലനിൽക്കുന്നതെന്ന് ഹൈകോടതി. 2025ലെ പരീക്ഷയും കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകളുള്ളപ്പോഴാണ് പ്രോസ്പെക്ടസിൽ നിയമവിരുദ്ധതയുണ്ടന്ന ബോധം സർക്കാറിന് പെട്ടെന്ന് പൊട്ടിമുളച്ചത്. ഭേദഗതി വരുത്താനുള്ള അവകാശം സർക്കാറിനുണ്ടെങ്കിലും അത് നടപ്പാക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. അപേക്ഷ നൽകേണ്ട അവസാന തീയതിയും പരീക്ഷയും കഴിഞ്ഞ്, മേയ് 14ന് സ്കോർ കാർഡ് പ്രസിദ്ധീകരിച്ച്, പ്ലസ് ടു മാർക്ക് ചേർക്കാൻ നിർദേശവും സർക്കാർ നൽകിയിരുന്നു. പരീക്ഷാഫലം പരിശോധിച്ച് കേരള സിലബസ് കുട്ടികളുടെ പ്രകടനം താരതമ്യേന മോശമെന്ന് കണ്ടെത്തിയ അധികൃതർ, സ്വേഛാപരമായി ഭേദഗതിയെന്ന തെറ്റായ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. നാടിന്‍റെ താൽപര്യത്തെ തൃപ്തിപ്പെടുത്താൻവേണ്ടി ചെയ്ത സ്വേഛാപരവും നിയമവിരുദ്ധവും നീതീകരണമില്ലാത്തതും ഒരുതരത്തിലും അനുകൂലിക്കാനാവാത്തതുമായ നടപടിയാണിത്. ഇതിൽ വിശദീകരണം നൽകാൻ സർക്കാറിനും കഴിയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നാണ് ഭേദഗതി റദ്ദാക്കി പഴയ പ്രോസ്പെക്ടസ് പ്രകാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.