രണ്ട് എൻജിനീയറിങ് കോളജുകൾക്ക് കൂടി താഴുവീണു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് സ്വാശ്രയ എൻജിനീയറിങ് കോളജുകൾ കൂടി പൂട്ടി. ചേർത്തല കെ.വി.എം എൻജിനീയറിങ് കോളജ്, കൊല്ലം കടയ്ക്കൽ എസ്.എച്ച്.എം എൻജിനീയറിങ് കോളജ് എന്നിവക്കാണ് അടച്ചുപൂട്ടാൻ സാേങ്കതിക സർവകലാശാല അനുമതി നൽകിയത്. വിദ്യാർഥികളെ മറ്റു സ്വാശ്രയ കോളജുകളിലേക്ക് മാറ്റാനും അനുമതി നൽകി. ഇതോടെ സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ പൂട്ടിയ എൻജിനീയറിങ് കോളജുകളുടെ എണ്ണം 11 ആയി. വിദ്യാർഥികളെ കിട്ടാതെ പ്രതിസന്ധിയിലായതോടെയാണ് കോളജുകൾ പൂട്ടിയത്. പാലക്കാട് പ്രൈം, കൊല്ലം അയനിക്കോട് പിനാക്കിൾ, പാലക്കാട് ആര്യനെറ്റ്, കാസർകോട് സെൻറ് ഗ്രിഗോറിയസ്, ആലപ്പുഴ നൂറനാട് അർച്ചന, തിരുവനന്തപുരം കാട്ടാക്കട പങ്കജ കസ്തൂരി, കൊല്ലം ഒായൂർ ട്രാവൻകൂർ, കൊല്ലം തലച്ചിറ യൂനുസ്, കോതമംഗലം കെ.എം.പി എന്നിവയാണ് പൂട്ടിയത്. ഇതിൽ കോതമംഗലം കെ.എം.പി കോളജ് ഇൗ വർഷം മുതൽ പോളിടെക്നിക് ആക്കാൻ എ.െഎ.സി.ടി.ഇ അനുമതി നൽകിയിട്ടുണ്ട്. പങ്കജകസ്തൂരി, യൂനുസ്, ആര്യനെറ്റ് കോളജുകൾ പോളിടെക്നിക് ആക്കാൻ എൻ.ഒ.സിക്ക് അപേക്ഷ നൽകിയിരുന്നു. സർക്കാർ എൻ.ഒ.സി നൽകാതെ വന്നതോടെ ആ നീക്കവും ലക്ഷ്യം കണ്ടില്ല. സർക്കാർ എൻ.ഒ.സി നൽകാതിരുന്നതോടെ കോതമംഗലം കെ.എം.പി കോളജ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇവർക്ക് സർക്കാർ എൻ.ഒ.സിയില്ലാതെതന്നെ പോളിടെക്നിക് അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കോടതി എ.െഎ.സി.ടി.ഇക്ക് നിർദേശം നൽകിയിരുന്നു. 25 ശതമാനത്തിൽ കുറവ് പ്രവേശനം നടന്ന 30 കോളജുകൾ കൂടി പ്രതിസന്ധിയിലാണ്.
കാലിയാകുന്ന സീറ്റുകളുടെ എണ്ണം ഇത്തവണ 50 ശതമാനം ആകും.
എൻജിനീയറിങ് സീറ്റുകൾ വൻതോതിൽ ഒഴിവുവരുന്ന പ്രതിഭാസം മൂന്നു വർഷം മുമ്പാണ് കണ്ടുതുടങ്ങിയത്. സാേങ്കതിക സർവകലാശാലക്ക് കീഴിലും കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ എൻജിനീയറിങ് കോളജുകളിലുമായി 55,285 ബി.ടെക് സീറ്റുകളാണുള്ളത്. 2015ൽ 30 ശതമാനം സീറ്റുകളാണ് ഒഴിവുണ്ടായിരുന്നത്. 2016ൽ അത് 35 ശതമാനമായി. 2017ൽ 40 ശതമാനം. ഇൗ വർഷം എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് വെറും 46,686 പേർ മാത്രം. ഇതിൽനിന്ന് െഎ.െഎ.ടി, എൻ.െഎ.ടി ഉൾപ്പെടെ മികച്ച സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെഡിക്കൽ, അനുബന്ധ കോഴ്സുകളിലുമായി പതിനായിരം പേർ പ്രവേശനം നേടും. ഇതോടെ റാങ്ക് പട്ടികയിൽ അവശേഷിക്കുന്നവരുടെ എണ്ണം 36,000 ആകും. അവശേഷിക്കുന്നവരിൽനിന്ന് പല കാരണങ്ങളാൽ പ്രവേശനം നേടാത്തവർ കൂടി ചേരുന്നതോടെ 50 ശതമാനം സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുമെന്നാണ് സൂചന. ഇതോടെ കൂടുതൽ കോളജുകൾ പ്രതിസന്ധിയിലാവുകയും പൂട്ടുന്നവയുടെ എണ്ണം കൂടുകയും ചെയ്യും. കഴിഞ്ഞ വർഷം 25 ശതമാനത്തിൽ താഴെ സീറ്റുകളിലേക്ക് പ്രവേശനം നടന്ന കോളജുകളുടെ എണ്ണം 30 ആണ്. ഇവയിൽനിന്നാണ് രണ്ട് കോളജുകൾ കൂടി പൂട്ടിയത്. അവശേഷിക്കുന്നവയുടെ നില ഇൗ വർഷത്തോടെ കൂടുതൽ പരുങ്ങലിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.