എൻജിനീയറിങ് പ്രവേശനം: യോഗ്യത 64.57 ശതമാനത്തിന്
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 64.57 ശതമാനം പേർ യോഗ്യത നേടി. ഫാർമസി പ്രവേശന പരീക്ഷയിൽ 74.03 ശതമാനവും യോഗ്യത നേടി. വിദ്യാർഥികൾ നേടിയ സ്കോർ പ്രവേശന പരീക്ഷാകമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു.
എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും എഴുതിയ 90,233 വിദ്യാർഥികളിൽ 58,268 പേരാണ് യോഗ്യത നേടിയത്. പരീക്ഷയെഴുതിയ 31,965 പേർക്ക് ഒാരോ പേപ്പറിനും മിനിമം ലഭിേക്കണ്ട 10 മാർക്ക് നേടാനായില്ല. പേപ്പറൊന്നിന് 10 മാർക്ക് ലഭിക്കാത്തവരെയാണ് (പട്ടികവിഭാഗം ഒഴികെ) അയോഗ്യരാക്കിയത്.
എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിെൻറ (ഫിസിക്സ്, കെമിസ്ട്രി) സ്കോറിൽ നിന്ന് ‘കീം 2018’ പ്രോസ്പെക്ടസ് പ്രകാരം 480 ൽ പത്ത് ഇൻഡക്സ് മാർക്ക് ലഭിക്കാത്തവരെയാണ് (പട്ടികവിഭാഗം ഒഴികെ) ഫാർമസി വിഭാഗത്തിൽ അയോഗ്യരാക്കിയത്. 16,821 പേരാണ് ഫാർമസിയിൽ യോഗ്യത നേടാതെ പോയത്. 1772 വിദ്യാർഥികളുടെ എൻജിനീയറിങ്/ഫാർമസി പ്രേവശന പരീക്ഷാഫലം തടഞ്ഞുവെച്ചു.
പ്ലസ് ടു/ തത്തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് എന്നിവയിൽ നേടിയ മാർക്കും പ്രവേശന പരീക്ഷയിൽ നേടിയ സ്കോറും തുല്യമായി പരിഗണിച്ചുള്ള സമീകരണപ്രക്രിയക്ക് ശേഷമാണ് എൻജിനീയറിങ് റാങ്ക്പട്ടിക തയാറാക്കുക. റാങ്ക്പട്ടിക ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമീഷണർ അറിയിച്ചു. ‘കീം 2018’ പ്രോസ്പെക്ടസ് പ്രകാരം കണക്കാക്കുന്ന ഇൻഡക്സ് മാർക്കിെൻറ അടിസ്ഥാനത്തിൽ ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്പട്ടികയും ജൂൺ മൂന്നാം വാരം പ്രസിദ്ധീകരിക്കും.
ഏപ്രിൽ 23, 24 തീയതികളിലാണ് എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ നടത്തിയത്. 24ന് പ്രസിദ്ധീകരിച്ച എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ഉത്തരസൂചിക പരാതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചത്.
എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ യോഗ്യതനേടിയവർ റാങ്ക് പട്ടിക തയാറാക്കാൻ യോഗ്യതാപരീക്ഷയുടെ മാർക്ക് ഒാൺലൈനായി നൽകണം. ഇതിനുള്ള സൗകര്യം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.