എൻജിനീയറിങ് പ്രവേശന പരീക്ഷ ആദ്യ 100 റാങ്കിൽ 87 ആൺകുട്ടികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ആദ്യ 100 റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണുള്ളത്. എസ്.സി വിഭാഗത്തിൽ കാസർകോട് നീലേശ്വരം പേരോൽ സാജ് നിവാസിൽ ഹൃദിൻ എസ്. ബിജുവിനാണ് രണ്ടാം റാങ്ക്. എസ്.ടി വിഭാഗത്തിൽ ഇടുക്കി കുടയത്തൂർ ഇല്ലക്കാട്ട് ഹൗസിൽ അഭിജിത്ത് ലാൽ എസ്.ടി വിഭാഗത്തിൽ ഒന്നാം റാങ്കും കോട്ടയം മേലുകാവ്മറ്റം കുന്നുംപുറത്ത് ആൻഡ്രൂ ജോസഫ് സാമിന് രണ്ടാം റാങ്കും നേടി.എറണാകുളം മരട് അയിനി പേട്ട റോഡിൽ കൈലാസം വീട്ടിൽ ജിതിൻ ജെ. ജോഷി അഞ്ചും തിരുവനന്തപുരം വട്ടിയൂർക്കാവ് കരിമൺകുളം സ്വാഗത് നഗറിൽ പി.ടി അതുൽ ആറും റാങ്ക് നേടി.
സൗരവ് ശ്രീനാഥ് (പയ്യന്നൂർ, അന്നൂർ റോഡ്, ശ്രീഗോവിന്ദ് ഹൗസ്)ഏഴും പി. പ്രത്യുഷ് (തിരുവനന്തപുരം ബാലരാമപുരം പള്ളിച്ചൽ ജ്യോതിസ് ഹൗസ്) എട്ടും പി.എ. ഗൗതം (എറണാകുളം മൂത്തകുന്നം പുല്ലാർക്കാട്ട് എസ് നിവാസ്) ഒമ്പതും എസ്. ശിവറാം (എറണാകുളം കാരക്കാമുറി ആരാധന അപ്പാർട്ട്മെന്റ്) പത്തും റാങ്കു നേടി.
പരീക്ഷ എഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല. ആദ്യ നൂറിലെ 75 പേർ ഒന്നാം അവസരത്തിൽതന്നെയാണ് പട്ടികയിൽ ഉൾപ്പെട്ടത്.
ആദ്യ നൂറു റാങ്കിൽ കൂടുതൽ പേർ എറണാകുളം ജില്ലയിൽനിന്നാണ്; 24 പേർ. തിരുവനന്തപുരം ജില്ലയിൽ നിന്ന് 15ഉം കോട്ടയത്ത് നിന്ന് 11പേരും ആദ്യ നൂറിൽ ഉൾപ്പെട്ടു. ഏറ്റവും കൂടുതൽ പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതും എറണാകുളം ജില്ലയിൽനിന്നാണ്; 6568 പേർ. ഏറ്റവുമധികം പേർ ആദ്യ 1000 റാങ്കിൽ ഉൾപ്പെട്ടതും എറണാകുളത്ത് നിന്നാണ്; 170 പേർ.
79,044 പേർ പരീക്ഷ എഴുതിയതിൽ 58,340 പേർ യോഗ്യത നേടി. 52,500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചു. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.