എൻജിനീയറിങ് എൻട്രൻസ് ഇത്തവണ ഓൺലൈനാക്കില്ല
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഈ വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു.
ഈ വർഷം പഴയ രീതിയിലുള്ള പേപ്പർ -പെൻ ഒ.എം.ആർ പരീക്ഷ തുടരാനും ധാരണയായി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് സാങ്കേതിക സഹായം ഒരുക്കേണ്ട ഏജൻസിയെ കണ്ടെത്താനുള്ള നടപടികൾ വൈകിയതോടെയാണ് ഈ വർഷവും പഴയ രീതി തുടരുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറാനും ധാരണയായി. പരീക്ഷ രീതി സംബന്ധിച്ചും അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ എൻട്രൻസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്, ദേശീയതല എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. എന്നിട്ടും കേരള എൻട്രൻസ് തീയതി പ്രഖ്യാപിക്കാത്തത് വിദ്യാർഥികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
നേരത്തേ പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മുതൽ എൻജിനീയറിങ് എൻട്രൻസ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് ടെൻഡർ നടപടികളിലേക്ക് പോയത്. നടപടികൾക്ക് സർക്കാറിൽനിന്നുള്ള അംഗീകാരവും വൈകി. നിലവിലുള്ള രീതി മാറ്റി സ്വകാര്യ കമ്പനിയുടെ സാങ്കേതിക സഹായത്തോടെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നതിന് സർക്കാറിന്റെ നയപരമായ തീരുമാനവും ആവശ്യമാണ്.പരീക്ഷ നടത്തിപ്പിന് സാങ്കേതിക സഹായം ഒരുക്കുന്നതിന് മുൻ പരിചയമുള്ള സ്ഥാപനങ്ങളിൽനിന്ന് ആദ്യം താൽപര്യപത്രവും പിന്നീട് ടെൻഡറും ക്ഷണിച്ചിരുന്നു. ഒന്നേകാൽ ലക്ഷം പേർ എഴുതുന്ന പരീക്ഷക്ക് സാങ്കേതിക സൗകര്യം ഒരുക്കാൻ ശേഷിയുള്ളതെന്ന് വിലയിരുത്തുന്ന സ്ഥാപനം നേരത്തേ ജെ.ഇ.ഇ പരീക്ഷ നടത്തിപ്പിൽ വിവാദത്തിലകപ്പെട്ടിരുന്നു.
സർക്കാർ ഏജൻസികൾക്ക് ഒരേ സമയം ഒന്നേകാൽ ലക്ഷം പേർ എഴുതുന്ന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തിയെടുക്കാനുള്ള സംവിധാനങ്ങളുമില്ല. കുസാറ്റ് എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടത്തുന്നത്. ഇതുകൂടി പരിശോധിച്ചായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷരീതി മാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.