എൻജിനീയറിങ് എൻട്രൻസ് മേയ് 15 മുതൽ നടത്താൻ ശിപാർശ
text_fieldsതിരുവനന്തപുരം: കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലേക്ക് മാറുന്ന ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ മേയ് 15 മുതൽ നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശന പരീക്ഷ പരിഷ്കരണ സമിതി യോഗം ശിപാർശ ചെയ്തു. പരീക്ഷക്ക് മാർച്ച് 20 മുതൽ ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്ന രീതിയിൽ വിജ്ഞാപനമിറക്കും. അപേക്ഷകരുടെ എണ്ണംകൂടി പരിഗണിച്ചാകും എത്ര ദിവസങ്ങളിലായി പരീക്ഷ നടത്തണമെന്നതിൽ അന്തിമ തീരുമാനമെടുക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ ഏഴുമുതൽ പത്തുവരെ ദിവസം ഇതിന് േബ്ലാക്ക് ചെയ്തിടാനാണ് ധാരണ.
നിലവിൽ മേയ് 15 മുതൽ 31 വരെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സി.യു.ഇ.ടി പരീക്ഷ തീയതിയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേയ് 15 മുതൽ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താൻ ധാരണ. സി.യു.ഇ.ടി പരീക്ഷ തീയതിയിൽ മാറ്റമില്ലെങ്കിൽ അതിനനുസൃതമായി എൻജിനീയറിങ് പ്രവേശന പരീക്ഷ തീയതിയിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം സർക്കാർതലത്തിലെടുക്കും.
140ഓളം സെന്ററുകളാണ് പരീക്ഷ നടത്തിപ്പിനായി സി-ഡിറ്റ് സഹായത്തോടെ കണ്ടെത്തിയത്. ഇവ മിക്കതും എൻജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളുമാണ്. പ്രതിദിനം 22,000 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരുടെ എണ്ണവും സെന്ററുകളുടെ ലഭ്യതയും അനുസരിച്ചാകും എത്ര ദിവസം പരീക്ഷ നടത്തണമെന്നതിൽ അന്തിമ തീരുമാനമെടുക്കുക. പ്രധാനഘട്ടത്തിൽ മൂന്ന് റൗണ്ട് കൗൺസിലിങ് രീതി തുടരും. ഒഴിവുവരുന്ന സംവരണ സീറ്റുകൾ മൂന്നാം റൗണ്ടിൽ ജനറൽ സീറ്റുകളാക്കി മാറ്റും.
മൂന്ന് മണിക്കൂറിൽ 150 ചോദ്യങ്ങളിൽ ഒറ്റ പരീക്ഷ; പെർസന്റയിൽ രീതി
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ, നേരത്തെയുള്ള രണ്ട് പരീക്ഷകൾ ഒറ്റ പരീക്ഷയാക്കി മാറ്റും. 150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷയാണ് നടത്തുക. ഇതിൽ 75 ചോദ്യങ്ങൾ മാത്സിൽനിന്നും 45 എണ്ണം ഫിസിക്സിൽനിന്നും 30 എണ്ണം കെമിസ്ട്രിയിൽനിന്നുമായിരിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽനിന്ന് ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ലഭിച്ച സ്കോർ ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനായി ഉപയോഗിക്കും.
എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാതെ ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർക്കായി 75 ചോദ്യങ്ങളടങ്ങിയ ഒന്നര മണിക്കൂർ പരീക്ഷ പ്രത്യേകം നടത്തും. ഇത് പ്രവേശന പരീക്ഷയുടെ അവസാന ദിവസങ്ങളിലായിരിക്കും. ജെ.ഇ.ഇ പരീക്ഷ മാതൃകയിൽ ഒന്നിൽ കൂടുതൽ ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയായതിനാൽ പ്രവേശനത്തിന് പെർസന്റയിൽ സ്കോർ രീതിയായിരിക്കും പിന്തുടരുക.
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ രീതി നടപ്പാക്കിയായിരിക്കും സ്കോർ പരിഗണിക്കുക. പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന (300:300) നൽകിയാകും റാങ്ക് പട്ടിക തയാറാക്കുക. നിലവിലുള്ള രീതിയിൽ സ്റ്റാന്റേഡൈസേഷൻ രീതിയായിരിക്കും ഇതിന് പിന്തുടരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.