മലയാളം മാധ്യമമായി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നവരെ എണ്ണത്തിൽ മറികടന്ന് ഇംഗ്ലീഷ് മീഡിയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന മലയാളം മീഡിയം വിദ്യാർഥികളെ എണ്ണത്തിൽ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചുവരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണം ഇതാദ്യമായാണ് മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തെ മറികടക്കുന്നത്.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 4,22,226 വിദ്യാർഥികളാണ്. ഇതിൽ 2,18,043 പേർ (51.64 ശതമാനം) ഇംഗ്ലീഷ് മീഡിയത്തിലാണ്. മലയാളം മീഡിയം ആയി പരീക്ഷയെഴുതുന്നത് 2,00,613 വിദ്യാർഥികൾ. ഇംഗ്ലീഷ് മീഡിയത്തെ അപേക്ഷിച്ച് 17430 വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതലാണ്.
തമിഴ് മീഡിയത്തിൽ 2161ഉം കന്നട മീഡിയത്തിൽ 1409ഉം കുട്ടികളും പരീക്ഷയെഴുതുന്നു. കഴിഞ്ഞവർഷം മലയാളം മീഡിയത്തിൽ പരീക്ഷ എഴുതിയത് 2,17,234 പേരാണ്.
ഇംഗ്ലീഷ് മീഡിയത്തിൽ 2,01,312 പേരും പരീക്ഷയെഴുതി. അൺ എയ്ഡഡ് സ്കൂളുകളിലേക്ക് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നത് കൂടി ലക്ഷ്യമിട്ടാണ് വർഷങ്ങൾക്ക് മുമ്പ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചത്. ഇതിെൻറ പ്രതിഫലനമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണത്തിൽ കണ്ടുവരുന്ന വർധന.
എല്ലാ സ്കൂളുകളിലും ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം പഠിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന ബില്ല് നിയമസഭ പാസാക്കുകയും ചട്ടങ്ങൾക്ക് സർക്കാർ രൂപംനൽകുകയും ചെയ്തിരുന്നു.
മാതൃഭാഷ പഠനം നിർബന്ധമാക്കാൻ നിയമം കൊണ്ടുവന്നെങ്കിലും മാതൃഭാഷ മീഡിയം ആക്കിയുള്ള പഠനത്തിൽനിന്ന് മലയാളി വിദ്യാർഥികൾ പിന്മാറുന്നുവെന്ന കണക്കുകളാണ് ഒാരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.