പ്രതിസന്ധികളെ സാധ്യതയാക്കി എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ
text_fieldsറാന്നി: ഒന്നരവർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്. കോവിഡ് മഹാമാരിയുടെ കനത്ത വെല്ലുവിളികൾക്കിടയിലാണ് കുട്ടികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്നത്.
എവിടെയോ നഷ്ടപ്പെട്ടുപോയ ചങ്ങാതിമാരുടെ സ്നേഹച്ചങ്ങലയിലെ കണ്ണികൾ ഇഴചേർക്കുന്നതിനും അധ്യാപകരുടെ സ്നേഹ ലാളനകളുടെ മടിത്തട്ടിലിൽ തലചായ്ക്കുവാനും കുസൃതിയും ആട്ടവും പാട്ടും ഇണക്കവും പിണക്കവുമൊക്കെ ഒത്തുചേരുന്ന വർണക്കൂടാരത്തിലേക്ക് ഓടിയെത്താൻ വെമ്പുകയാണ് നമ്മുടെ കുട്ടികൾ. കുട്ടികളുടെ മടങ്ങിവരവ് സുരക്ഷിതവും ആഹ്ലാദപൂർണവുമാക്കാനുള്ള ഒരുക്കങ്ങളിലാണ് റാന്നി ഉപജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ.
കോവിഡ് കാലത്ത് വന്നുചേർന്ന വിദ്യാഭ്യാസ സ്തംഭനാവസ്ഥക്ക് താൽക്കാലിക പരിഹാരം എന്ന നിലയിലാണ് ഓൺലൈൻ പഠനം തുടങ്ങിയതെങ്കിലും അതിെൻറ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പഠന-പഠനേതര പ്രവർത്തനങ്ങളിൽ കുട്ടികളെ ഏറെ സജീവമായി നിലനിർത്തുവാൻ എണ്ണൂറാംവയൽ സ്കൂളിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.
നടത്തുന്നത് സങ്കര പഠന രീതി
റാന്നി: വീണ്ടും കുട്ടികൾ വിദ്യാലയങ്ങളിലെക്കെത്തുമ്പോൾ സങ്കര പഠന രീതിയിലൂടെ ( ബ്ലൻഡെഡ് ലേണിങ്) കുട്ടികളെ മികവിലേക്ക് നയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ സാബു പുല്ലാട്ട് പറഞ്ഞു. വെല്ലുവിളികൾക്ക് മുന്നിൽ കുട്ടികൾ നിർന്നിമേഷരായി പകച്ചു നിൽക്കുവാനല്ല പൊരുതി വിജയം നേടുന്നതിനുള്ള ആത്മവിശ്വാസം വളർത്താനുള്ള എല്ലാ വിധ ക്രമീകരണങ്ങളും ഒരുക്കുന്നതിൽ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെൻറും ഒരേ പോലെ ഉണർന്നു പ്രവർത്തിക്കുകയാണ്.
മടങ്ങിയെത്തുന്ന കുട്ടികളെ വരവേൽക്കാൻ വിദ്യാലയം അപ്പാടെ മാറിക്കഴിഞ്ഞു. വർണ വിസ്മയങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെട്ട അക്വെറിയമായാണ് പ്രധാന കെട്ടിടത്തിെൻറ രൂപ മാറ്റം. ക്ലാസ് മുറികൾ പ്രകൃതി ദൃശ്യങ്ങളും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും നിറഞ്ഞതാണ്. അധ്യാപകനായ എം.ജെ. ബിബിെൻറ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ തന്നെയാണ് പെയിൻറിങ്ങും ചിത്രരചനയും. കുട്ടികളുടെ സുരക്ഷിതത്തിന് ഏറെ പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. ഓരോ ദിവസവും സ്കൂളിൽ എത്തേണ്ട കുട്ടികളുടെ ലിസ്റ്റ് തയാറാക്കി രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കുന്നു. ഒരു ക്ലാസ് മുറിയിൽ പരമാവധി 15 കുട്ടികൾ , ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയിലാണ് ക്രമീകരണം.
ബയോ ബബ്ബിൾ അനുസരിച്ച് അഞ്ചു കുട്ടികൾ വീതമുള്ള മൂന്നു ഗ്രൂപ്പുകളാണ് ഒരു ക്ലാസിൽ. ഇവരുടെ ഇരിപ്പിടങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ തങ്ങൾ ഉൾപ്പെടുന്ന ബയോ ബബ്ബിൾ ഗ്രൂപ് തിരിച്ചറിയാനും ഓർത്തിരിക്കുവാനും ഹൗസുകളായി ഓരോ പേരും നൽകിയിട്ടുണ്ട്. ഓരോ ഹൗസിനും പ്രത്യേകം ബാഡ്ജുകളും ഉണ്ട്. എല്ലാ ക്ലാസിലും തെർമൽ സ്കാനർ, സാനിെറ്റയ്സർ എന്നിവയും ഒരുക്കുന്നു. സിക്ക് റൂമിൽ അത്യാവശ്യ പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
വെച്ചൂച്ചിറ പ്രാഥമികരോഗ്യ കേന്ദ്രം, ബി. എം. സി. ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഉടനടി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ പ്രവർത്തകരായ രക്ഷിതാക്കൾ അടങ്ങുന്ന ഒരു എമർജൻസി ടീമിനും രൂപം കൊടുത്തു.
ഹെൽപ് ലൈൻ സംവിധാനത്തിൽ രക്ഷിതാക്കൾക്ക് കുട്ടികളുടെ വിവരങ്ങൾ യഥാ സമയം ലഭിക്കും. കുട്ടികളുടെ യാത്രാ സൗകര്യം ഒരുക്കുന്നതാണ് വലിയ വെല്ലുവിളി. ആദ്യ ഘട്ടത്തിൽ രക്ഷിതാക്കൾ തന്നെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനാണ് പി.ടി.എ യുടെ തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂൾ ബസുകൾ സർവിസ് ആരംഭിക്കും.
ഓൺലൈൻ പഠന സംവിധാനം നിലനിർത്തി തന്നെ സ്കൂളിലെ പഠനവും സംയോജിപ്പിച്ചു കൊണ്ടുള്ള െബ്ലൻഡഡ് ലേണിങ് രീതിയിലാണ് ആദ്യ ഘട്ടത്തിൽ. നവംബർ 15 വരെ ഇത്തരത്തിൽ നടപ്പാക്കുന്ന പഠന പദ്ധതി ഓരോ ക്ലാസിലേക്കും അധ്യാപകർ തയാറാക്കി കഴിഞ്ഞു.
ഓൺലൈൻ പഠന കാലത്ത് കുട്ടികളിലുണ്ടായ പഠന വിടവ് നികത്തുന്നതിനുള്ള പ്രത്യേകം പ്രവർത്തനങ്ങളും അധ്യാപകർ നൽകും. കുട്ടികളിൽ ഇക്കാലയളവിലുണ്ടായ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനു കൗൺസലിങ് ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്.
രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനു പ്രത്യേക പി.ടി.എ യോഗങ്ങൾ ക്രമീകരിച്ചിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളും ഒഴികെ 90 ശതമാനം കുട്ടികളെയും സ്കൂളിൽ അയക്കാൻ തയാറാണെന്നാണ് രക്ഷിതാക്കൾ അറിയിച്ചിട്ടുള്ളത്.
സാബു പുല്ലാട്ട് (ഹെഡ്മാസ്റ്റർ, സി.എം.എസ്.എൽ.പി സ്കൂൾ, എണ്ണൂറാം വയൽ വെച്ചൂച്ചിറ)
വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും
റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിലെ നാനൂറിലധികം വരുന്ന കുട്ടികൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷിത യാത്ര, ഭക്ഷണം, കുടിവെള്ളം ഇക്കാര്യങ്ങളിലൊക്കെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. വിദ്യാലയവും ചുറ്റുപാടും ശുചീകരണം നടത്തി ഏറെ ആകർഷകമാക്കി കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കുട്ടികൾ സ്കൂളിൽ എത്തി അധ്യയനം പതിവുപോലെ ആരംഭിക്കുമ്പോൾ മാത്രമാണ് പുതിയ സാഹചര്യത്തിലെ വെല്ലുവിളികളെ കൂടുതൽ അടുത്തറിയാൻ കഴിയൂ. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം മാനേജ്മെൻറ് ഉണ്ടാകും.
റവ. സോജി വി. ജോൺ (സ്കൂൾ ലോക്കൽ മാനേജർ)
ആശങ്കയുണ്ടെങ്കിലും ഏറെ സന്തോഷം
റാന്നി: ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിക്കുക എന്നത് ഏറെ സ്വാഗതാർഹമാണ്. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിലെ 100% രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയാറാണ് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. സ്കൂൾ അധികാരികൾ, മാനേജ്മെൻറ്, പി.ടി.എ എന്നിവ എല്ലാ ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ അധ്യാപകർക്കൊപ്പം എല്ലാ സഹായവും നൽകാൻ പി.ടി.എ ഭാരവാഹികൾ പൂർണ സമയം വിദ്യാലയത്തിലുണ്ടാകും.
ഷൈനു ചാക്കോ (പി.ടി.എ പ്രസിഡൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.