ഐ.ക്യുവിനെക്കാൾ പ്രധാനം ഇ.ക്യു
text_fieldsകൊല്ലം ശ്രീനാരായണ സംസ്കാരിക സമുച്ചയത്തിൽ ‘മാധ്യമം എജുകഫേ’ വേദിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സംസാരിക്കുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്, മാധ്യമം തിരുവനന്തപുരം റീജണൽ മാനേജർ
ബി. ജയപ്രകാശ്, ഓപ്പറേറ്റിങ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ എന്നിവർ സമീപം
കൊല്ലം: ജീവിതത്തിൽ വിജയിക്കാൻ ഐ.ക്യു(ബുദ്ധിശക്തി)വിനെക്കാൾ വേണ്ടത് ഇ.ക്യു(വൈകാരിക ബുദ്ധി) ആണെന്ന് ഓർമിപ്പിച്ച് എജുകഫേ വേദിയിൽ ‘വെൽനെസ് ചാറ്റ്’. ‘ടീനേജ് ഇമോഷനൽ വെൽബീയിങ്- റെയ്സിങ് എംപതറ്റിക് കിഡ്സ്’ എന്ന വിഷയത്തിൽ ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ. മനോജ് വെള്ളനാട്, മാധ്യമപ്രവർത്തകൻ ജെയ്ബി ജോസഫ്, അധ്യാപിക പാർവതി വത്സല, വിദ്യാർഥിനിയായ ജെ.പി. ഭാരതി എന്നിവരാണ് ചിന്തകൾ പങ്കുവെച്ചത്.
പഠിക്കാനും പ്രവർത്തിക്കാനുമുള്ള ഐ.ക്യുവിനെക്കാൾ സഹജീവികളെ മനസ്സിലാക്കി സഹാനുഭൂതിയോടെ പ്രവർത്തിക്കാനുള്ള വൈകാരികബുദ്ധിയും വെല്ലുവിളികളെ നേരിടാനുള്ള പ്രതികൂലാവസ്ഥ ബുദ്ധിയുമാണ്(അഡ്വേഴ്സിറ്റി ക്വാഷന്റ്) ഇന്ന് ഏറെ പ്രാധാന്യമെന്ന് ഡോ. മനോജ് വെള്ളനാട് പറഞ്ഞു. ഒരിക്കൽ പോലും വീഴാൻ ഇഷ്ടമില്ലാത്തവരായി ഇന്നത്തെ തലമുറ മാറിയിരിക്കുന്ന സ്ഥിതിയാണ്.
എജുകഫേയിൽ വെൽനസ് ചാറ്റ് സെഷനിൽ പങ്കെടുക്കുന്നവർ
തോൽവികളെയും നെഗറ്റിവ് സാഹചര്യങ്ങളെയും നേരിടാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദേഹം വ്യക്തമാക്കി. കുട്ടികളുടെ മുറിയിലുള്ള സാധനങ്ങൾ പോലും സംശയത്തിലൂടെ കാണുന്ന സ്ഥിതിയിലേക്കാണ് ഇന്ന് എത്തിയിരിക്കുന്നതെന്നും അത് അപകടം ചെയ്യുമെന്നും ജെയ്ബി ജോസഫ് പറഞ്ഞു.
കുട്ടികളെ മുൻവിധികളില്ലാതെ, ഉപാധികളില്ലാതെ കേൾക്കാൻ ആളുണ്ടാകുകയാണ് പ്രധാനമെന്ന് പാർവതി വത്സല കൂട്ടിച്ചേർത്തു. കുട്ടികൾ പ്രത്യേക രീതിയിൽ പെരുമാറുകയാണെങ്കിൽ പെട്ടെന്ന് എന്ത് ചെയ്യാമെന്ന് രക്ഷിതാക്കൾ പഠിച്ചുവെക്കണമെന്നും അവർ പറഞ്ഞു.
കുട്ടികൾക്ക് എന്താണ് പ്രശ്നമെന്ന് പറഞ്ഞ് നിസ്സാരവത്കരിച്ച് കൗമാരക്കാരുടെ വാക്കുകൾക്ക് കാതോർക്കാത്ത സമൂഹത്തിനെ കുറിച്ച് സദസ്സിന്റെ പ്രതിനിധിയായെത്തിയ ജെ.പി. ഭാരതി ഓർമിപ്പിച്ചു. കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടായാൽ കുറ്റപ്പെടുത്താതെ, ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുകയാണ് വേണ്ടതെന്ന് ചാറ്റിലെത്തിയ പ്രതിനിധികൾ കൂട്ടിച്ചേർത്തു. അശ്വതി ശ്രീകാന്ത് മോഡറേറ്ററായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.