ആസൂത്രണത്തിലെ പിഴവ്; ഗോത്ര സാരഥി പദ്ധതിയിൽ പാഴാവുന്ന കോടികൾ
text_fieldsവെളളമുണ്ട: ആദിവാസി വിദ്യാർഥികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് തുടങ്ങിയ സംരംഭം ആസൂത്രണത്തിലെ വീഴ്ച്ച കാരണം കോടികൾ പാഴാവുന്ന പദ്ധതിയായി മാറുകയാണ്. നിലവിൽ വിദ്യാലയങ്ങളിലെത്തുന്ന ആദിവാസി കുട്ടികളുടെ എണ്ണവും അതിനു വേണ്ടി ചെലവഴിക്കുന്ന ലക്ഷങ്ങളുടെ കണക്കും ഒരു നിലക്കും പൊരുത്തപ്പെടുന്ന ഒന്നല്ല.
വൻ സാമ്പത്തിക ബാധ്യതയിലാണ് മുൻ വർഷങ്ങളിൽ പദ്ധതി നടപ്പാക്കിയത്. ഓരോ പ്രദേശമായി തിരിച്ച് അവിടങ്ങളിലെ കോളനികളിൽനിന്ന് വിദ്യാർഥികളെ എത്തിക്കുന്നതിന് ജീപ്പ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല ദിവസങ്ങളിലും മൂന്നോ നാലോ കുട്ടികൾ മാത്രമായി ചുരുങ്ങുന്ന ഓരോ ട്രിപ്പിനും ആയിരത്തിനടുത്ത് തുക ചെലവഴിക്കുന്നുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്ന സമയത്ത് ഒരു ദിവസം ഒരു വിദ്യാർഥിയെ വിദ്യാലയത്തിലെത്തിക്കുന്നതിന് 320 രൂപ വരെ ചെലവഴിക്കുന്നതായാണ് കണക്കുകൾ. സമീപത്തെ പല വിദ്യാലയങ്ങളും ഒഴിവാക്കി ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ചേർക്കുന്നതും പതിവാണ്.
കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഡിവിഷൻ നിലനിർത്തുന്നതിനും ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം ആദിവാസി കുട്ടികളെ കൊണ്ടുവരുന്നതും വ്യാപകമാണ്. സമീപത്തെ വിദ്യാലയത്തിലേക്ക് നടന്നുപോകാൻ കഴിയുന്ന വിദ്യാർഥികൾവരെ അകലെയുള്ള വിദ്യാലയങ്ങളിലേക്ക് പോകുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാറിനുണ്ടാവുന്നത്. ഏറ്റവും അടുത്ത വിദ്യാലയത്തിൽ കുട്ടികളെ ചേർക്കുന്നതിന് സംവിധാനം ഉണ്ടായാൽ ഓരോ വർഷവും ലക്ഷങ്ങളുടെ ലാഭവും ഉണ്ടാവും.
പ്രൈമറി വിദ്യാലയങ്ങളിൽ ചിലയിടത്ത് ഇംഗ്ലീഷ് മീഡിയം ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മറ്റൊരു വിദ്യാലയത്തിന്റെ മുറ്റത്തുനിന്നടക്കം കുട്ടികളെ വലിക്കുന്നത്. എന്നാൽ ആദിവാസി കുട്ടികളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെത്തുന്നത്. മലയാളം മീഡിയങ്ങളിലാണ് ഈ കുഞ്ഞുങ്ങളുടെ പഠനം. കോവിഡാനന്തരം കഴിഞ്ഞ തവണ വിദ്യാലയം തുറന്ന സമയത്ത് കേവലം മൂന്നു മാസക്കാലത്ത് വെള്ളമുണ്ട പഞ്ചായത്തിൽ മാത്രം ഗോത്ര സാരഥിക്ക് ചിലവഴിച്ച തുക 12 ലക്ഷമാണ്. മാനന്തവാടി താലൂക്കിൽ 80 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. മികച്ച ആസൂത്രണവും ഇടപെടലും ഉണ്ടായാൽ ഗോത്ര സാരഥി പദ്ധതിയിൽ പാഴാവുന്ന വൻ തുക മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാവും. നിലവിലെ പദ്ധതിയും കൃത്യമായി ആദിവാസി കുട്ടികൾക്ക് ഉപകാരപ്പെടുന്നില്ലെന്ന പരാതിയുണ്ട്.
വൈകിയെത്തുന്ന ഗോത്ര സാരഥി പദ്ധതി കാരണം ആദ്യമാസങ്ങളിലെ അടിസ്ഥാന പഠനം ആദിവാസി വിദ്യാർഥികൾക്ക് നഷ്ടപ്പെടുകയാണ് പതിവ്. വിദ്യാലയം തുറന്ന് ക്ലാസുകളിൽ പഠനം ആരംഭിച്ചിട്ടും ഒരു ദിവസം പോലും വിദ്യാലയത്തിലെത്താത്തവരും ഒന്നോ രണ്ടോ ദിവസം മാത്രം ക്ലാസുകളിലെത്തിയ ആദിവാസി കുട്ടികളും നിരവധിയാണ്. ഇവരുടെ കണക്കിലും ഗോത്ര സാരഥിയിൽ ഫണ്ട് അനുവദിക്കുന്നതായും പരാതിയുണ്ട്.
കുത്തനെയുള്ള മല ഇറങ്ങി അഞ്ച് കിലോമീറ്ററിലധികം നടന്നു വരെ ഗോത്ര സാരഥി വണ്ടി കയറാനെത്തുന്ന വിദ്യാർഥികളുണ്ട്. ഇവരിൽ പലർക്കും സമീപത്തെ വിദ്യാലയങ്ങളിൽ പഠിക്കാനും അവസരമുണ്ട് എന്നതാണ് വിരോധാഭാസം. പലരും നിർബന്ധിച്ചും മറ്റു സൗകര്യങ്ങൾ നൽകിയുമാണ് ഈ കുട്ടിക്കെള ചേർക്കുന്നത്. ഇതിലൂടെ അടുത്ത വിദ്യാലയത്തിലെ ഡിവിഷൻ അവതാളത്തിലാവുകയും സർക്കാറിന് വൻ സാമ്പത്തിക ബാധ്യത വരുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.