ഇ.എസ്.ഐ ക്വോട്ട മെഡിക്കൽ, നഴ്സിങ് പ്രവേശനം; ഐ.പി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം
text_fieldsഎംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) കോർപറേഷൻ മെഡിക്കൽ/ഡെന്റൽ/നഴ്സിങ് കോളജുകളിലും ഇ.എസ്.ഐ പദ്ധതിയുടെ കീഴിലുള്ള മറ്റ് ചില സർക്കാർ മെഡിക്കൽ കോളജുകളിലും ഇ.എസ്.ഐ.സി ഇൻഷ്വേർഡ് വ്യക്തികളുടെ കുട്ടികൾക്കായി എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ് സി നഴ്സിങ് കോഴ്സുകളിൽ 2024-25 വർഷം നീക്കിവെച്ച സീറ്റുകളിൽ പ്രവേശനത്തിന് ‘വാർഡ് ഓഫ് ഇൻഷ്വേർഡ് പേഴ്സൻ’ (ഐ.പി) സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കേണ്ടതുണ്ട്. നീറ്റ് യു.ജി 2024 അഭിമുഖീകരിച്ചവർക്ക് ‘വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റിനായി’ www.esic.gov.inൽ ഓൺലൈനായി മേയ് 29 വരെ അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അർഹതയുള്ളവർക്ക് ബന്ധപ്പെട്ട ഇ.എസ്.ഐ.സി റീജനൽ/സബ്-റീജനൽ ഓഫിസിൽനിന്നും ജൂൺ ഒന്നുവരെ ‘വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റ്’ ലഭിക്കും.
ഈ വിഭാഗത്തിൽപെടുന്നവർക്ക് വിവിധ കോളജുകളിലായി എം.ബി.ബി.എസിന് 466 സീറ്റുകളിലും ബി.ഡി.എസിന് 28 സീറ്റുകളിലും ബി.എസ് സി നഴ്സിങ്ങിന് 60 സീറ്റുകളിലും പ്രവേശനം ലഭിക്കും. കേരളത്തിൽ കൊല്ലം പാരിപ്പള്ളിയിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ 38 എം.ബി.ബി.എസ് സീറ്റുകളിലാണ് പ്രവേശനം ലഭിക്കുക.
മറ്റ് ഇ.എസ്.ഐ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകൾ-ഫരീദാബാദ് (ഹരിയാന) 43, ജോക്ക (കൊൽക്കത്ത) 65, കെ.കെ നഗർ ചെന്നൈ 30, രാജാജി നഗർ (ബംഗളൂരു) 68, ഗുൽബർഗ (കർണാടകം) 68, സനാത് നഗർ (ഹൈദരാബാദ്) 43, അൽവർ (രാജസ്ഥാൻ) 20, പട്ന 35, കോയമ്പത്തൂർ 20, ശ്രീ ലാൽബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജ്, മാണ്ഡി (ഹിമാചൽ പ്രദേശ്) 36. ഗുൽബർഗയിലെ ഇ.എസ്.ഐ.സി ഡെന്റൽ കോളജിൽ ബി.ഡി.എസ് കോഴ്സിൽ 28 പേർക്ക് പ്രവേശനമുണ്ട്.
ഇ.എസ്.ഐ നഴ്സിങ് കോളജുകൾ-ഇന്ദിരാനഗർ, ബംഗളൂരു - ബി.എസ് സി നഴ്സിങ് 30 സീറ്റുകൾ, ഗുൽബർഗ (കർണാടകം) 30 സീറ്റുകൾ. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് (അഡ്മിഷൻ ലിങ്ക്) സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.