രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ്; വിവാദം
text_fieldsതിരുവനന്തപുരം: എ.ഐ.സി.ടി.ഇ അനുമതി കൂടാതെ, കേരള സർവകലാശാല രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചത് വിവാദത്തിൽ. കേരള യൂനിവേഴ്സിറ്റി കാമ്പസിൽ മാത്രം നേരിട്ട് നടത്തുന്ന എം.ബി.എ പ്രോഗ്രാം ആദ്യമായാണ് സർവകലാശാലക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ചത്. സർവകലാശാല പഠന വകുപ്പിൽ നടത്തുന്ന സി.എസ്.എസ് കോഴ്സുകൾ സർവകലാശാലക്ക് പുറത്തുള്ള കോളജുകൾക്ക് അനുവദിക്കാൻ വ്യവസ്ഥയില്ല. മാത്രമല്ല ഇത് സി.എസ്.എസ് കോഴ്സിന്റെ അക്കാദമിക് ഗുണനിലവാരം തകർക്കുമെന്നും ആക്ഷേപമുണ്ട്.
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാദമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് കോഴ്സ് അനുവദിച്ചത്. 30 പേർക്ക് വീതമാണ് പ്രവേശനം. വിദ്യാർഥി പ്രവേശനം, ഫീസ്, അധ്യാപക നിയമനം, അധ്യയനം, മൂല്യനിർണയം തുടങ്ങിയവയെല്ലാം സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സർവകലാശാല ഫീസിന്റെ ഇരട്ടിയാണ് ഓരോ സെമസ്റ്ററിനും ഈടാക്കുന്നത്. വിദ്യാർഥി പ്രവേശനത്തിനുള്ള അപേക്ഷകൾ സ്ഥാപനങ്ങൾ നേരിട്ട് സ്വീകരിച്ചുതുടങ്ങി.
ലാറ്റക്സ് തൊഴിലാളികൾക്കും കർഷകർക്കും പരിശീലനം നൽകുകയെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായാണ് സർവകലാശാല ധാരണപത്രം ഒപ്പുവെച്ച് കോഴ്സുകൾ അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ യൂനിവേഴ്സിറ്റി അഫിലിയേഷനും കോഴ്സുകളും അനുവദിക്കാൻ പാടുള്ളുവെന്ന വ്യവസ്ഥ ലംഘിച്ചാണിത്. അഫിലിയേറ്റഡ് കോളജുകൾക്ക് വ്യവസ്ഥ ചെയ്ത നിയമാനുസൃതമായ സ്ഥലവും മറ്റു സൗകര്യങ്ങളും ഈ സ്ഥാപനങ്ങളിലില്ല.
എം.ബി.എ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ എ.ഐ.സി.ടി.ഇയുടെ മുൻകൂർ അനുമതി തേടണം. എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദങ്ങൾക്ക് അംഗീകാരമുണ്ടാവില്ല. എന്നാൽ, സർവകലാശാലകൾക്ക് എം.ബി.എ കോഴ്സ് നടത്താൻ എ.ഐ.സി.ടി.ഇ അംഗീകാരം നിർബന്ധമല്ല. ഈ ഇളവ് ദുരുപയോഗം ചെയ്താണ് രണ്ടു സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയതെന്നാണ് ആക്ഷേപം.
സമാനരീതി തുടർന്നാൽ സർവകലാശാല പഠന വകുപ്പുകൾക്ക് ധാരണപത്രം ഒപ്പുവെച്ച് കൂടുതൽ സ്വാശ്രയ കോഴ്സുകൾ സർവകലാശാലക്ക് പുറത്ത് അനുവദിക്കാനാവും. ചട്ടവിരുദ്ധമായി അനുവദിച്ച കോഴ്സ് നിർത്തലാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്കും എ.ഐ.സി.ടി.ഇ ചെയർമാനും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.