30 ലക്ഷം കുട്ടികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ കൈയൊപ്പ് ചാർത്തിയ കെ.ഐ.ലാൽ ഇനി പുതിയ പദവിയിൽ
text_fieldsതിരുവനന്തപുരം: 30 ലക്ഷത്തോളം കുട്ടികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ കൈയൊപ്പ് ചാർത്തി പരീക്ഷ സെക്രട്ടറി പദവിയിൽനിന്ന് കെ.ഐ. ലാൽ പടിയിറങ്ങുന്നു. പരീക്ഷ നടത്തിപ്പിലും സെക്രട്ടറി പദവിയിലും തിളക്കമാർന്ന സേവനത്തോടെ റെക്കോഡിട്ടാണ് ലാൽ കൊല്ലം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ) പദവിയിലേക്ക് മാറുന്നത്.
2015ൽ യു.ഡി.എഫ് സർക്കാറിന് നാണക്കേടുണ്ടാക്കിയ എസ്.എസ്.എൽ.സി ഫലപ്രഖ്യാപന പിഴവിലെ തിരുത്തൽ നടപടിയുടെ ഭാഗമായാണ് ലാൽ അതേവർഷം ജൂലൈയിൽ പരീക്ഷ സെക്രട്ടറിയായി നിയമിതനായത്. പരീക്ഷഫലം പിഴക്കാൻ ഇടയാക്കിയ ഐ എക്സാം സോഫ്റ്റ്വെയറിലെ പിഴവ് പരിഹരിച്ച് 2016ൽ ലാലിന്‍റെ നേതൃത്വത്തിൽ പിഴവില്ലാതെ ആദ്യഫലം പുറത്തുവിട്ടു.
പിഴവുകളില്ലാതെ തുടർച്ചായി ഏഴ് വർഷം എസ്.എസ്.എൽ.സി പരീക്ഷ നടത്തിയതും പരീക്ഷഭവനെ ജനകീയവത്കരിച്ചതും ലാലിന്‍റെ നേതൃത്വത്തിലായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷക്ക് പുറമെ പത്താംതരം തുല്യത, കെ.ടെറ്റ്, ഡി.എൽ.എഡ്, കെ.ജി.ടി.ഇ ഉൾപ്പെടെ പരീക്ഷഭവൻ നടത്തുന്ന 34 പരീക്ഷകളുടെയും ചുമതലയും ലാലിനായിരുന്നു. സർക്കാർ മാറിയിട്ടും പ്രവർത്തന മികവ് മുൻനിർത്തി ലാലിനെ ആറ് വർഷം പരീക്ഷ സെക്രട്ടറി പദവിയിൽ നിലനിർത്തി. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം പ്രഖ്യാപനത്തിന് തയാറാക്കിയാണ് ലാൽ പുതിയ പദവിയിലേക്ക് മാറുന്നത്. കൊല്ലം കല്ലട സ്വദേശിയാണ് ലാൽ. പരീക്ഷഭവൻ ജോയന്‍റ് കമീഷണർ ഗിരീഷ് ചോലയിലിനാണ് പരീക്ഷ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.