ഹയർ സെക്കന്‍ഡറി പരീക്ഷയിൽ ഒഴിവാക്കുന്ന പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ ഒഴിവാക്കുന്ന പാഠഭാഗങ്ങൾ എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം ചേർന്ന കരിക്കുലം സബ് കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ഉള്ളടക്കം കുറക്കുന്നതിന്‍റെ ഭാഗമായി സോഷ്യോളജിയിലെ ഒരു പാഠഭാഗവും പരീക്ഷയിൽനിന്ന് ഒഴിവാക്കേണ്ടതില്ലെന്നാണ് തീരുമാനം.
കുട്ടികളുടെ ഉപരിപഠന സാധ്യത പരിഗണിച്ച് സിലബസിലോ പാഠപുസ്തകങ്ങളിലോ തൽക്കാലം അഴിച്ചുപണിയുണ്ടാകില്ല. വിവിധ മത്സര പരീക്ഷകളും പ്രവേശന പരീക്ഷകളും അഭിമുഖീകരിക്കേണ്ട വിദ്യാർഥികൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്ക മേഖലകളെല്ലാം പരിചയപ്പെട്ട് പോകുന്നത് ഉചിതമായിരിക്കുമെന്ന് കരിക്കുലം സബ് കമ്മിറ്റി യോഗം വിലയിരുത്തിയതായും എസ്.സി.ഇ.ആർ.ടി ഡയറക്ടറുടെ അറിയിപ്പിൽ പറയുന്നു.
എന്നാൽ മറ്റ് ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളേക്കാൾ സമ്മർദം കേരള ബോർഡ് പരീക്ഷയെഴുതുന്ന കുട്ടികൾക്കുണ്ടാകുമെന്ന ആശങ്ക പരിഗണിച്ച് ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി ക്ലാസുകളിലെ ചില പാഠഭാഗങ്ങൾ മൂല്യനിർണയത്തിന് പരിഗണിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാത്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി-ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഫണ്ടമെന്‍റൽസ് ഓഫ് ഫിസിക്കൽ ജിയോഗ്രഫി, ഇന്ത്യ: ഫിസിക്കൽ എൻവയൺമെന്‍റ്, പ്രാക്ടിക്കൽ വർക്ക് ഇന്‍ ജിയോഗ്രഫി, സൈക്കോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്-പൊളിറ്റിക്കൽ തിയറി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലെ പാഠഭാഗങ്ങളാണ് പരീക്ഷയിൽനിന്ന് ഒഴിവാക്കിയത്.
എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങളിൽ വരുത്തിയ കുറവിനനുസൃതമായി പ്രത്യേക പരിശോധന നടത്തിയാണ് കേരളത്തിൽ പരീക്ഷയിൽ പരിഗണിക്കേണ്ട പാഠഭാഗങ്ങൾ തീരുമാനിച്ചത്.
എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ഗുജറാത്ത് കലാപം, മുഗൾ ചരിത്രം എന്നിവ സംബന്ധിച്ച പാഠഭാഗങ്ങൾ പരീക്ഷക്ക് പരിഗണിക്കാൻ സംസ്ഥാന കരിക്കുലം സബ്കമ്മിറ്റി തീരുമാനിച്ചത് ചൊവ്വാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷയിൽ പരിഗണിക്കാത്ത പാഠഭാഗങ്ങളുടെ പട്ടിക https://scert.kerala.gov.in വെബ്സൈറ്റിൽ 'WHATS NEW' ലിങ്കിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.