നാലുവർഷ ബിരുദ കോഴ്സിൽ മൂന്നാം വർഷത്തിൽ ‘എക്സിറ്റ്’ അവസരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വർഷം ആരംഭിക്കുന്ന നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾക്ക് ചേരുന്നവർക്ക് മൂന്നുവർഷം കഴിയുമ്പോൾ പുറത്തുപോകാനുള്ള (എക്സിറ്റ്) അവസരമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ വിജയിക്കുന്നവർക്ക് ഇപ്പോഴുള്ള മാതൃകയിൽ തന്നെ ബിരുദം നൽകും. നാലുവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദമാകും നൽകുക.
ഓണേഴ്സ് ബിരുദം നേടുന്നവർക്ക് പി.ജി കോഴ്സുകളിൽ ലാറ്ററൽ എൻട്രി അനുവദിക്കുകയും ഒരു വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാനും സാധിക്കും. നാലുവർഷ കോഴ്സിന്‍റെ അവസാന വർഷം ഗവേഷണ പഠനത്തിനും ഇന്‍റേൺഷിപ്പിനുമായിരിക്കും മുൻതൂക്കം നൽകുക. ആദ്യ വർഷം ഫൗണ്ടേഷൻ കോഴ്സുകൾക്കാണ് ഊന്നൽ. ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്ന രീതിയിൽ ഓരോ വർഷവും വിദ്യാർഥിക്ക് പുറത്തുപോകാനുള്ള അവസരം കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നാം വർഷം മാത്രം പഠിക്കുന്ന വിദ്യാർഥിക്ക് കാര്യമായി ഒന്നും നേടാനാകില്ല. കൊഴിഞ്ഞുപോക്കിനെ സഹായിക്കുന്ന സമ്പ്രദായം കേരളം പിന്തുടരില്ല. ഇടക്ക് നിർത്തിപ്പോകുന്ന വിദ്യാർഥികൾക്ക് വീണ്ടും കോഴ്സിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കും.
ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥികൾക്ക് സമഗ്ര കാഴ്ചപ്പാട് നൽകുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടന, ജനാധിപത്യം, പരിസ്ഥിതി അവബോധം, ലിംഗസമത്വം, സാമൂഹിക നീതി, ശാസ്ത്രാവബോധം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും ഒന്നാം വർഷത്തിൽ വരുന്ന ഫൗണ്ടേഷൻ കോഴ്സുകൾ. താൽപര്യമുള്ള സർവകലാശാലകൾക്ക് ഈ വർഷം നാലുവർഷ കോഴ്സുകൾ ആരംഭിക്കാം.
പുതിയ കോഴ്സിൽ തൊഴിൽ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകും. ഹോട്ടൽ മാനേജ്മെന്‍റ് പോലെ സർവകലാശാല സെന്‍ററുകളിൽ നടത്തുന്ന കോഴ്സുകൾ ഈ വർഷം നാലുവർഷത്തിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിച്ച് അറിയിക്കാമെന്ന് കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം മുഴുവൻ കോളജുകളിലും ത്രിവത്സര ബിരുദ കോഴ്സുകൾക്കുപകരം നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.