നിയമ കലാലയങ്ങളിലെ അധിക ബാച്ച് പ്രഖ്യാപനത്തിലൊതുങ്ങുന്നു; ആശങ്കയിൽ വിദ്യാർഥികൾ
text_fieldsകൊച്ചി: സംസ്ഥാനത്തെ നിയമ കലാലയങ്ങളിൽ വെട്ടിക്കുറച്ച സീറ്റുകൾക്ക് പകരം അനുവദിക്കുമെന്ന് അറിയിച്ച അധിക ബാച്ചുകൾ പ്രഖ്യാപനത്തിലൊതുങ്ങിയതോടെ വിദ്യാർഥികൾ ആശങ്കയിൽ.
നാല് ഗവ. ലോ കോളജുകളിൽ 240 സീറ്റാണ് ഇത്തവണ വെട്ടിക്കുറച്ചത്. ഇതിൽ പ്രതിഷേധമുയർന്നതോടെ ബാർ കൗണ്സിൽ ഓഫ് ഇന്ത്യയുടെ നിർദേശമനുസരിച്ചാണ് സീറ്റുകൾ വെട്ടിക്കുറച്ചതെന്നും പകരം അധികം ബാച്ചുകൾ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയൊന്നുമായില്ല. ഒമ്പതിനായിരത്തോളം വിദ്യാർഥികളാണ് പ്രവേശന പരീക്ഷയെഴുതിയത്.
ഇതിനിടെ, പഞ്ചവത്സര എൽഎൽ.ബിയുടെ ഒന്നാംഘട്ട അലോട്ട്മെൻറ് വന്നപ്പോൾ 200ന് താഴെ റാങ്കുള്ള വിദ്യാർഥിക്കുപോലും സ്വകാര്യ കോളജിലാണ് സീറ്റ് ലഭിച്ചതെന്ന് കെ.എൽ.ഇ.ഇ റാങ്ക് ഹോൾഡേഴ്സ് ഫോറം പ്രതിനിധികൾ വ്യക്തമാക്കി. സ്വാശ്രയ കോളജുകളെ സഹായിക്കുന്ന സർക്കാറിെൻറ നിലപാട് വഞ്ചനപരമാണെന്ന് അവർ കൂട്ടിച്ചേർത്തു.
പരീക്ഷ കമീഷണറേറ്റ് പുതിയ ബാച്ചുകളെക്കുറിച്ച വ്യക്തമായ വിവരം നൽകുന്നില്ല. രണ്ടാംഘട്ട അലോട്ട്മെൻറിന് മുമ്പ് പുതിയ ബാച്ചുകളുടെ ഉത്തരവിറങ്ങിയാലേ വർധിപ്പിച്ച സീറ്റുകൾ അലോട്ട്മെൻറിന് പരിഗണിക്കൂവെന്നാണ് പ്രവേശന കമീഷണറുടെ നിലപാട്.
അതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉടൻ പുതിയ ബാച്ചുകൾക്കുള്ള നടപടി സ്വീകരിക്കണമെന്ന് ഫോറം പ്രതിനിധികളായ റാഫി, നിള മോഹൻകുമാർ, കെ.കെ. മുഹമ്മദ് അജ്മൽ എന്നിവർ ആവശ്യപ്പെട്ടു.
വിഷയത്തിൽ നീതി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ജസ്റ്റിസ് ഫോർ കെ.എൽ.ഇ.ഇ റാങ്ക് ഹോൾഡേഴ്സ് എന്ന പേരിൽ ഹാഷ്ടാഗ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. 720 സീറ്റുണ്ടായിരുന്ന സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിൽ വെട്ടിക്കുറച്ചതോടെ നിലവിലുള്ളത് 480 സീറ്റ് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.