ഡിവിഷന് നിലനിര്‍ത്താന്‍ വ്യാജ അഡ്മിഷന്; അധ്യാപകര്‍ക്ക് പിന്നാലെ പ്രധാനാധ്യാപികക്കും സസ്പെന്ഷന്
text_fieldsകാക്കനാട്: ഡിവിഷൻ നിലനിര്‍ത്താൻ മറ്റു സ്കൂളുകളിൽനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യാജ അഡ്മിഷൻ നല്കി ക്ലാസിലിരുത്തിയ സംഭവത്തിൽ പ്രധാനാധ്യാപികക്കും സസ്പെന്ഷൻ. ആലുവ ഗവ. ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക മീന പോളിനെയാണ് അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സസ്പെന്‍ഡ് ചെയ്തത്.
സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഏഴ് ബി ക്ലാസിലെ അധ്യാപകൻ എൽ. ജയലാൽ, 10 ബി ക്ലാസിലെ അധ്യാപിക ദിവ്യ ദിവാകരൻ എന്നിവരെ കഴിഞ്ഞ ദിവസം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ) ഹണി ജി. അലക്സാണ്ടർ സസ്പൻഡ് ചെയ്തിരുന്നു. സ്കൂളിലെ ഡിവിഷനുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രധാനാധ്യാപികയും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
ഏഴാം ക്ലാസിൽ ഏഴ് കുട്ടികളെയും പത്താം ക്ലാസിൽ ഒരു വിദ്യാര്‍ഥിനിയെയുമാണ് പ്രധാനാധ്യാപികയുടെ ഒത്താശയോടെ വ്യാജ പ്രവേശന രേഖകളുണ്ടാക്കി ക്ലാസിലിരുത്തിയത്. ചൊവ്വാഴ്ച ഡി.ഡി.ഇയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാജ അഡ്മിഷൻ കണ്ടെത്തിയത്.
സ്കൂൾ രേഖകൾ പരിശോധിച്ചതിൽ പ്രവേശന രജിസ്റ്ററുൾപ്പെടെ പലതും പൂര്‍ത്തിയാക്കാത്തതിനാൽ കുട്ടികളുടെ എണ്ണം എടുക്കുന്നത് അപ്രായോഗികമായിരുന്നു. വെള്ളിയാഴ്ച വെരിഫിക്കേഷൻ പൂര്‍ത്തിയാക്കേണ്ടതിനാൽ രേഖകളെല്ലാം ഉടൻ തയാറാക്കി നല്‍കണമെന്ന് നിര്‍ദേശിച്ച് മടങ്ങിയ ഡി.ഡി.ഇ, ബുധനാഴ്ച ഉച്ചക്ക് സ്കൂളിൽ വീണ്ടും എത്തി.
തുടര്‍ന്ന് ഏഴ് ബിയിലെ കുട്ടികളുടെ എണ്ണമെടുത്തപ്പോൾ ഏഴ് വിദ്യാര്‍ഥിനികൾ ചൊവ്വാഴ്ചയാണ് ആദ്യമായി ക്ലാസിൽ ഹാജരാവുന്നതെന്ന് മറ്റു വിദ്യാര്‍ഥികൾ അറിയിച്ചിരുന്നു. രേഖകൾ പ്രകാരം ഇവർ ജൂണിൽതന്നെ അഡ്മിഷനെടുക്കുകയും സമ്പൂര്‍ണയിൽ വിവരങ്ങളുള്പ്പെടുത്തുകയും ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള ഹാജർ നല്‍കുകയും ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്ക് ഇവിടെ അഡ്മിഷനെടുത്തെങ്കിലും വീടുകളുടെ സമീപത്തേക്ക് സ്കൂൾ ബസ് പോകാത്തതിനാൽ വീടിനടുത്തുള്ള സര്‍ക്കാർ അംഗീകാരമില്ലാത്ത സ്കൂളിൽ ചേര്‍ത്ത് പഠനം തുടരുകയും സ്കൂളിൽ ഇന്സ്പെക്ഷൻ നടന്നപ്പോൾ രക്ഷിതാക്കളുടെ അനുമതിയോടെ സ്കൂളിൽ കൊണ്ടുവരുകയുമായിരുന്നുവെന്നാണ് ക്ലാസ് അധ്യാപകൻ ഇതുസംബന്ധിച്ച് നല്കിയ വിശദീകരണം. പത്ത് ബിയിലും ഇത്തരത്തിലൊരു വിദ്യാര്ഥിനിയുണ്ടായിരുന്നു.
എന്നു മുതലാണ് ഈ സ്കൂളിൽ പഠിക്കുന്നതെന്ന് അന്വേഷിച്ചപ്പോൾ താൻ കുഞ്ഞുണ്ണിക്കരയിലെ സ്കൂളിലാണ് പഠിക്കുന്നതെന്നും അവിടത്തെ അധ്യാപകരോട് മാതാവ് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി ഈ സ്കൂളിൽ വന്നതെന്നും വ്യക്തമാക്കി.
ഈ കുട്ടിക്കും ജൂണിൽതന്നെ അഡ്മിഷൻ എടുത്തതാണെന്നും ഇതേ സ്കൂളിൽതന്നെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുമെന്ന് അറിയിച്ചതിനാൽ കുട്ടിയെ സഹായിച്ചതാണെന്നുമായിരുന്നു ക്ലാസ് അധ്യാപികയുടെ വിശദീകരണം. എന്നാൽ, ഡിവിഷൻ നിലനിര്‍ത്താൻ മറ്റൊരു സ്കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് ഈ സ്കൂളിൽ ചേര്‍ത്തതിലൂടെ ചട്ടലംഘനവും ഗുരുതര വീഴ്ചയുമാണ് നടന്നിട്ടുള്ളതെന്നു ഡി.ഡി.ഇയുടെ അന്വേഷണത്തിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.