ഫാറൂഖ് കോളജ് മാറുന്ന കാലത്തിനൊപ്പം മുന്നോട്ട്
text_fieldsഫാറൂഖ് കോളജ് അതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, കോളജിന്റെ പ്രിൻസിപ്പൽ പദവിയിലെത്തിയ ആദ്യ വനിതയായ ഡോ. കെ.എ. ആയിഷ സ്വപ്ന, കലാലയത്തിന്റെ വർത്തമാനവും ഭാവിയും ‘മാധ്യമ’ത്തോട് പങ്കുവെക്കുന്നു
ഡോക്ടർ, ബാങ്ക് മാനേജർ, അല്ലെങ്കിൽ കോളജ് ലെക്ചറർ... ഞാൻ ഇതിൽ ഏതെങ്കിലും ഒന്നാകണമെന്നായിരുന്നു എന്റെ വല്യുപ്പയുടെ ആഗ്രഹം. വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകുന്നതിനാൽ ഞാൻ മൂന്നാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്; ഏറെ അഭിമാനത്തോടെ. ആ യാത്ര ഇപ്പോൾ 75 വർഷത്തെ പ്രൗഢപാരമ്പര്യമുള്ള കോഴിക്കോട് ഫാറൂഖ് കോളജിന്റെ പ്രിൻസിപ്പൽ എന്ന മഹനീയ പദവിയിലെത്തി നിൽക്കുകയാണ്. ചരിത്രനിമിഷം എന്നൊക്കെ പലരും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഞാൻ ഇതിനെ കരിയറിലെ അടുത്തൊരു ഘട്ടമായിട്ടേ എടുത്തിട്ടുള്ളൂ. ഫാറൂഖ് കോളജുമായുള്ള ബന്ധം തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ടായി. 2008ലാണ് ഇവിടെ അസിസ്റ്റന്റ് പ്രഫസറായി എത്തുന്നത്. തുടർന്നിങ്ങോട്ട് ലഭിച്ച എല്ലാ ചുമതലകളും ആസ്വദിച്ചും ആത്മാർഥതയോടെയുമാണ് നിർവഹിച്ചിട്ടുള്ളത്. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോഓഡിനേറ്റർ ആയിരിക്കെയാണ് പ്രിൻസിപ്പലായി നിയോഗിക്കപ്പെടുന്നത്. ഫാറൂഖ് കോളജ് അതിന്റെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിടുന്ന വേളയിലുള്ള ഈ സ്ഥാനലബ്ധിയിലൂടെ കൈവന്നിരിക്കുന്ന ചുമതലകളും വെല്ലുവിളികളും ഏറെയാണ്.
ഫാറൂഖ് കോളജിന്റെ ശിൽപികൾ വിഭാവനംചെയ്ത കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും യാഥാർഥ്യമായതിന്റെ പശ്ചാത്തലത്തിൽ ഭാവിയിലേക്കുള്ള പ്രയാണത്തിന് ചുക്കാൻപിടിക്കുകയെന്ന ദൗത്യം നൽകുന്ന വെല്ലുവിളികൾ ചെറുതല്ല. അതിൽ ഏറ്റവും പ്രാധാന്യമുള്ളത് മാറുന്ന കാലഘട്ടത്തിനോട് ചേർന്നുനിന്ന് ഉന്നതിയിലെത്തുന്നതിന് നമ്മുടെ കുട്ടികളെ പര്യാപ്തമാക്കുന്ന കോഴ്സുകൾ കൊണ്ടുവരുകയെന്നതാണ്. ഓട്ടോണമസ് കോളജ് ആയതുകൊണ്ട് ഞങ്ങൾ കരിക്കുലം റീസ്ട്രക്ചർ ചെയ്യുന്നുണ്ട്. ഇതുവരെ ചെയ്തത് ഒരു പ്രോഗ്രാമിനുള്ളിൽ ഒരു കോഴ്സ് ഡിസൈൻ ചെയ്യുക എന്നതായിരുന്നു. ഇനി അതല്ല, പ്രോഗ്രാം തന്നെ ഡിസൈൻ ചെയ്തുകൊണ്ടുവരേണ്ടതുണ്ട്. അക്രഡിറ്റേഷൻ ഘട്ടമൊക്കെ വരുമ്പോൾ സ്കോറുകൾ കൂടി കിട്ടണം. കാലം ആവശ്യപ്പെടുന്ന ന്യൂജനറേഷന്‍ കോഴ്‌സുകളും ഡിപ്ലോമകളും നടപ്പാക്കാന്‍ പദ്ധതികളുണ്ട്. അവ കുട്ടികൾക്ക് ഗുണകരമായി വരുന്ന കോഴ്സുകളും ആകണം. ന്യൂജൻ കോഴ്സുകൾ എന്നുപറഞ്ഞ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വെർച്വൽ റിയാലിറ്റി എന്നിവയെയൊക്കെ അടിസ്ഥാനമാക്കി കുറേ കോഴ്സുകളുണ്ട്. പക്ഷേ, ഇതിന്റെയൊക്കെ സാധ്യതകൾ പരിശോധിക്കപ്പെടണം. കുട്ടികളെ മികച്ച ഭാവിജീവിതം പടുത്തുയർത്താൻ പ്രാപ്തിയുള്ളവരാക്കുന്നതാണെന്ന് ഉറപ്പാക്കണം. അവർക്ക് ജോലിസാധ്യതയും മികച്ച ജീവിതവും ഉറപ്പാക്കുന്ന കോഴ്സുകൾക്ക് രൂപംനൽകണം. അതിനുള്ള സാമ്പത്തിക ക്രമീകരണങ്ങളും കണ്ടെത്തണം. അതിനൊക്കെയുള്ള മാസ്റ്റർ പ്ലാൻ കരിക്കുലം ഡെവലപ്മെന്റ് വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. അതോടൊപ്പം നിലവിലുള്ള കോഴ്സുകൾ പഠിച്ചിറങ്ങിയ കുട്ടികൾക്ക് ഗുണകരമാകുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും രൂപംനൽകണം.
നാളയിലേക്കുള്ള ചുവടുവെപ്പ്; വിഷൻ 2035:
1948ൽ പ്രവർത്തനമാരംഭിച്ച ഫാറൂഖ് കോളജിൽ ഒമ്പതുവർഷം കഴിഞ്ഞാണ് പെൺകുട്ടികൾ പഠിക്കാനെത്തുന്നത്. ഇന്ന് ആ സ്ഥിതി മാറി. 75 ശതമാനത്തിലേറെ വിദ്യാർഥികളും പെൺകുട്ടികളാണ്. വിദ്യാഭ്യാസത്തിനോടുള്ള പെൺകുട്ടികളുടെ മനോഭാവത്തിലുള്ള ഈ മാറ്റം അവർക്ക് ഗുണകരമായിത്തീരുന്ന രീതിയിലാവണം ഇവിടെ നടപ്പാക്കുന്ന ഓരോ തീരുമാനങ്ങളുമെന്നതും വെല്ലുവിളിയേകുന്നു. കോളജിൽ വരുമ്പോഴുള്ള കാഴ്ചപ്പാടും സ്വഭാവവും പെരുമാറ്റവുമെല്ലാം മെച്ചപ്പെടുത്തി പുതിയ ആളായിട്ടാകണം അവർ ഇവിടെ നിന്ന് പഠിച്ചിറങ്ങേണ്ടത്. 15 വർഷം മുന്നിൽക്കണ്ടാണ് ഇവിടെ ഓരോ പ്രോഗ്രാമുകളും ആവിഷ്കരിക്കുന്നത്. ഇപ്പോഴുള്ളത് വിഷൻ 2035 ആണ്. അതിലേക്ക് എത്തിച്ചേരാൻ കുറേ കടമ്പകളുണ്ട്. ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ അതിൽ പ്രധാനമാണ്. നിലവിൽ ഇവിടെ സൗകര്യങ്ങളുണ്ട്. പക്ഷേ, മുന്നോട്ടുപോകുന്തോറും അതിലെല്ലാം വികസനം വേണ്ടിവരും. അതിനൊക്കെ ഫണ്ട് കണ്ടെത്തണം. ആദ്യ വനിത പ്രിൻസിപ്പൽ എന്ന വിശേഷണം അത്തരത്തിൽ നോക്കുമ്പോഴും വെല്ലുവിളിയാണ്. മികച്ചൊരു പ്രവർത്തനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതനുസരിച്ച് പെർഫോം ചെയ്യണം.
കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം എന്നത് പ്രത്യേകിച്ചൊരു സമ്മർദവും നല്‍കുന്നില്ല. ഇത്രയധികം പെണ്‍കുട്ടികള്‍ പഠിക്കുന്നു എന്നത് സമൂഹത്തിന് നല്‍കുന്ന സന്ദേശം മറ്റൊന്നാണുതാനും. ആ സമൂഹം പുരോഗതിയിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണത്. സമൂഹത്തിലെ മാറ്റമാണ് ഇവിടെ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലൂടെ പ്രതിഫലിക്കുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂനിവേഴ്‌സിറ്റികളിലേക്ക് പോകുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ കരിയറിലും ജീവിതത്തിലും വരുന്ന മാറ്റങ്ങള്‍ കാണുമ്പോള്‍ വളരെ സന്തോഷവും ചാരിതാര്‍ഥ്യവും ഉണ്ട്. അവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊള്ളാൻ കഴിയുംവിധം വീട്ടുകാരിലും മാറ്റം വരണമെന്ന് തോന്നിയിട്ടുണ്ട്. നന്നായി പഠിക്കുന്ന പെൺകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്ന മാതാപിതാക്കൾ ഇപ്പോഴുമുണ്ട്. ‘അവളെ ഇക്കാര്യത്തിൽ ഒന്നുപദേശിക്കണം’ എന്ന ആവശ്യവുമായി മാതാപിതാക്കൾ എത്താറുണ്ട്. ‘വിദേശ രാജ്യത്ത് ഈ കോഴ്സ് പഠിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് കൗൺസലിങ് കൊടുക്കണം’ എന്ന ആവശ്യവുമായെത്തുന്ന വിദ്യാർഥികളുമുണ്ട്. ഉപരിപഠനത്തിനുള്ള പെൺകുട്ടികളുടെ ഈ ആഗ്രഹം ഉൾക്കൊള്ളാനാകുംവിധം കുടുംബത്തിനകത്തെ ചിന്തകളും വളരണം.
ഇവിടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചും പരിശീലനം നടത്തിയും പ്ലേസ്‌മെന്റുകളില്‍ പങ്കെടുപ്പിക്കുന്നുണ്ട്. പഠനത്തിനുപുറമെ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുപ്പിക്കുന്നു, ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യിക്കുന്നു. പാര്‍ട്ട് ടൈം ജോലിവരെ ചെയ്യുന്നവരുണ്ട്. പ്ലേസ്‌മെന്റും ഇന്റേണ്‍ഷിപ്പുകളും കൂറേക്കൂടി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിന്റെയും വരുമാനം നേടുന്നതിന്റെയും ആവശ്യകത വിദ്യാര്‍ഥികളെ പറഞ്ഞു മനസ്സിലാക്കും. ഇക്കാര്യത്തില്‍ പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.