അടുക്കള ജോലിക്ക് അച്ഛനും: ‘വൈറൽ ചർച്ച’ക്ക് വഴി തുറന്ന് പരിഷ്കരിച്ച പാഠപുസ്തകം
text_fieldsതിരുവനന്തപുരം: അടുക്കള ജോലികൾ അച്ഛനും അമ്മയും മക്കളും പങ്കിടുന്ന ചിത്രീകരണമടങ്ങിയ സ്കൂൾ പാഠഭാഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സംസ്ഥാനത്തെ സ്കൂളുകളിൽ മൂന്നാം ക്ലാസിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകത്തിലാണ് അമ്മക്കൊപ്പം അച്ഛനും മക്കളും അടുക്കള ജോലിയിൽ വ്യാപൃതരായ ചിത്രീകരണം ഉൾപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കളയെന്നും ചിത്രം നോക്കി എന്തെല്ലാം പണികളാണ് അടുക്കളയിൽ നടക്കുന്നതെന്നും സ്വന്തം വീട്ടിലെ കാര്യങ്ങൾ കൂടി ഓർമിച്ചു പറയാൻ കൂടി കുട്ടിക്ക് നിർദേശം നൽകുന്നതാണ് പാഠപുസ്തകത്തിലെ 59ാം പേജിലെ ഉള്ളടക്കം. ചിത്രത്തിൽ അമ്മ പാചകത്തിൽ വ്യാപൃതയായിരിക്കുേമ്പാൾ അച്ഛൻ തേങ്ങ ചിരവുന്നതാണ്. മകൾ മറ്റൊരു ജോലിയിലും വ്യാപൃതയാണ്. ‘തൊഴിലും ഭാഷയും’ എന്ന പാഠഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി ഓൺലൈനായി ലഭ്യമാക്കിയത്. ഇതിനു പിന്നാലെയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക ചർച്ചക്ക് വഴി തുറന്നത്.
മുമ്പത്തെ പാഠപുസ്തകങ്ങളിൽ ‘പൂമുഖത്തെ ചാരുകസേരയിലിരിപ്പായിരുന്ന അച്ഛനെ അടുക്കളയിൽ എത്തിച്ചിട്ടുണ്ടെന്നും വളർന്നുവരുന്ന മക്കളൊക്കെ ഇതുകണ്ട് പഠിക്കട്ടെ’ തുടങ്ങിയ രീതിയിൽ പാഠപുസ്തക പരിഷ്കരണത്തെ പിന്തുണച്ചുള്ള പ്രതികരണങ്ങളാണ് ഏറെയും. പാഠപുസ്തകങ്ങൾ ലിംഗനീതിയിൽ അധിഷ്ഠിതമായിരിക്കുമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽതന്നെ വ്യക്തമാക്കിയിരുന്നു.
സ്കൂളുകളിൽ ആൺ-പെൺ കുട്ടികൾക്ക് ഒന്നിച്ചുള്ള ഇരിപ്പിടം എന്ന പരാമർശം വിവാദമായതോടെ ചർച്ചാരേഖയിൽനിന്ന് പിൻവലിച്ചിരുന്നു. അഞ്ചാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ പ്രാരംഭ പാഠമായ ‘പീലിയുടെ ഗ്രാമം’ എന്നത് നേരത്തേ കരിക്കുലം സബ്കമ്മിറ്റിയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. കുട്ടികൾ അവധിക്കാലത്ത് സഹപാഠിയായ പീലിയുടെ വീട്ടിലെത്തിയപ്പോൾ അമ്മ വീട്ടിലെ വിശേഷങ്ങൾ പറയുന്നുണ്ട്. ഇതിൽ അച്ഛനാണ് മീൻകറി ഉണ്ടാക്കിയത് എന്ന് പ്രത്യേകം എടുത്തുപറയുന്നു.
അച്ഛനാണ് കൃഷി ചെയ്യുന്നതും. അപ്പോൾ പീലിയുടെ അമ്മക്കെന്താണ് ജോലി എന്നായിരുന്നു കരിക്കുലം സബ്കമ്മിറ്റിയിലുയർന്ന ചോദ്യം. പാഠഭാഗത്തെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും മാറ്റങ്ങളില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗമാണ് ഇപ്പോൾ പുറത്തുവന്നത്. ഒക്ടോബറിലായിരിക്കും രണ്ടാം ഭാഗം പുറത്തുവരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.