ഫീസ് വർധന ആശങ്ക: നിരവധിപേർ മെഡിക്കൽ പഠനമോഹം ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: സ്വാശ്രയ എം.ബി.ബി.എസ് ഫീസ് ഉയരുമെന്ന ആശങ്കയിൽ അർഹരായ നൂറുകണക്കിന് വിദ്യാർഥികൾ മെഡിക്കൽ പഠനമോഹം ഉപേക്ഷിച്ചു.
കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നൽകേണ്ടിവരുമെന്ന് വിദ്യാർഥികളെ അറിയിക്കണമെന്ന ഹൈകോടതി നിർദേശവും ഇതിനനുസൃതമായി പ്രവേശന പരീക്ഷ കമീഷണർ വിജ്ഞാപനമിറക്കിയതുമാണ് ഒേട്ടറെപ്പേരെ സ്വാശ്രയ മെഡിക്കൽ കോളജ് പഠനത്തിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചത്.
പ്രവേശന പരീക്ഷ കമീഷണറുടെ വിജ്ഞാപനത്തിന് പിന്നാലെ വിദ്യാർഥികൾക്ക് ഒാപ്ഷനുകൾ റദ്ദാക്കാനും നിലവിലുള്ളവ പുനഃക്രമീകരിക്കാനും അവസരം നൽകിയിരുന്നു. കോളജുകൾ 20.7 ലക്ഷം രൂപ വരെ ജനറൽ സീറ്റിൽ വാർഷിക ഫീസ് ആവശ്യപ്പെട്ടതോടെ ഒേട്ടറെപ്പേർ ഇൗ ഘട്ടത്തിൽ സ്വാശ്രയ മെഡിക്കൽ കോളജിലെ ഒാപ്ഷനുകൾ റദ്ദാക്കി.
ഇതോടെ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മെറിറ്റിൽ പിന്നിൽ നിൽക്കുന്നവർക്ക് ഇത്തവണ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ആദ്യ അലോട്ട്മെൻറിൽ തന്നെ കയറിപ്പറ്റാനായി. കഴിഞ്ഞവർഷം ഒന്നാം അലോട്ട്മെൻറിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അവസാന അലോട്ട്മെൻറ് ലഭിച്ച റാങ്ക് 4206 ആയിരുന്നെങ്കിൽ ഇത്തവണ 6525 ആയി ഉയർന്നു. മറ്റ് സംവരണ വിഭാഗങ്ങളിലെല്ലാം സമാനമായ ഉയർച്ച ഉണ്ടായി. ഒാപ്ഷൻ പുനഃക്രമീകരിക്കാനുള്ള അവസരം നൽകിയ ശേഷമാണ് ഹൈകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിവിധ കോളജുകൾക്കായി ഫീസ് നിർണയ സമിതി നിശ്ചയിച്ചത് 6.32 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയായിരുന്നു. കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർഥികളെ അറിയിക്കണമെന്ന നിർദേശം കോടതി നൽകിയതോടെ 20.7 ലക്ഷം വരെ ഫീസ് നൽകേണ്ടിവരുമെന്ന ആശങ്ക ഉയർന്നു.
ഹൈകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ രണ്ടാം അലോട്ട്മെൻറിന് ഇതേ കോളജുകളിൽ വീണ്ടും ഒാപ്ഷൻ സമർപ്പിക്കാൻ അവസരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഒന്നാം ഒാപ്ഷന് ശേഷം പുതുതായി കൂട്ടിച്ചേർക്കുന്ന കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രമാണ് പ്രവേശന പരീക്ഷ കമീഷണർ പുതിയ ഒാപ്ഷനുകൾ സമർപ്പിക്കാൻ അവസരം നൽകുന്നത്.
നേരേത്ത സമർപ്പിച്ച ഒാപ്ഷനുകളിൽ കൺഫർമേഷനുള്ള അവസരവും നൽകും. ഫലത്തിൽ ഒന്നാം അലോട്ട്മെൻറിൽ ഉണ്ടായിരുന്ന 17 സ്വാശ്രയ കോളജുകളിലേക്ക് ഇവർക്ക് ഒാപ്ഷൻ നൽകാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.