മെഡിക്കൽ, ഡെന്‍റൽ മോപ് അപ് കൗൺസലിങ്ങിനും ലക്ഷം രൂപ ഫീസ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള മോപ് അപ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ വൻ തുക ഫീസ് നിശ്ചയിച്ച് പ്രവേശന പരീക്ഷ കമീഷണറേറ്റ്. സർക്കാർ കോളജുകളിലെ സീറ്റുകളിലേക്ക് ഓപ്ഷൻ സമർപ്പിക്കാൻ പതിനായിരം രൂപയും സ്വാശ്രയ കോളജുകളിലേക്ക് ഒരു ലക്ഷം രൂപയുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ള ചുരുക്കം സീറ്റുകളിലേക്ക് കൗൺസലിങ്ങിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് കുട്ടികളിൽനിന്ന് ഫീസ് പിരിക്കുന്നതിലെ അനൗചിത്യവും അശാസ്ത്രീയതയും ചോദ്യം ചെയ്യപ്പെടുന്നു.
എസ്.സി, എസ്.ടി, ഒ.ഇ.സി, മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നിവർക്കും ശ്രീചിത്ര ഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവിടങ്ങളിലെ കുട്ടികൾക്കും 5000 രൂപ കൗൺസലിങ്ങിൽ പങ്കെടുക്കാൻ ഫീസായി നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ഇതേ കോഴ്സുകളിലേക്ക് സംസ്ഥാന ക്വോട്ടയിൽ അലോട്ട്മെന്‍റ് ലഭിച്ചവരാണെങ്കിൽ അവർ പ്രവേശന പരീക്ഷ കമീഷണർക്ക് ഒടുക്കിയ തുക മോപ് അപ് ഫീസിനെക്കാൾ കൂടുതലാണെങ്കിൽ വേറെ ഫീസടക്കേണ്ടതില്ല. കമീഷണർക്ക് അടച്ച ഫീസ് മോപ് അപ് ഫീസിനെക്കാൾ കുറവാണെങ്കിൽ കുറവുള്ള തുകയാണ് അലോട്ട്മെന്‍റ് ഫീസായി അടയ്ക്കേണ്ടത്. അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകുമെങ്കിലും ഇതിന് മാസങ്ങളെടുക്കും. അലോട്ട്മെന്‍റ് ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തവർ ഒരു ലക്ഷം രൂപ ഫീസടച്ച് അലോട്ട്മെന്‍റിൽ പങ്കെടുക്കണമോ എന്ന സംശയത്തിലുമാണ്. നിലവിൽ അലോട്ട്മെന്‍റ് ലഭിച്ചവരെക്കാൾ പതിന്മടങ്ങ് അലോട്ട്മെന്‍റ് ലഭിക്കാത്ത കുട്ടികൾ മോപ് അപ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ കാത്തുനിൽക്കുന്നവരാണ്. ഇതിനിടെയാണ് മോപ് അപ് രജിസ്ട്രേഷന് വൻ തുക ഫീസായി നിശ്ചയിച്ച് പ്രവേശന പരീക്ഷ കമീഷണർ വിജ്ഞാപനം ഇറക്കിയത്. കഴിഞ്ഞ വർഷം മോപ് അപ് കൗൺസലിങ്ങിന് വൻ തുക ഫീസായി ഈടാക്കാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതിഷേധം ഉയർന്നതോടെ കുറക്കുകയായിരുന്നു. പ്രവേശനമെടുക്കാൻ താൽപര്യമില്ലാത്ത കുട്ടികൾ അനാവശ്യ ഓപ്ഷനുകൾ നൽകുന്നത് ഒഴിവാക്കാനാണ് ഫീസ് നിശ്ചയിച്ചതെന്നും തുക ഉയർന്നുപോയതായി പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും പ്രവേശന പരീക്ഷ കമീഷണർ കെ. ഇംപശേഖർ അറിയിച്ചു. അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് കോഴ്സ് ഫീസിനത്തിൽ ഈ തുക കുറച്ചുനൽകുമെന്നും മറ്റുള്ളവർക്ക് തുക തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബാക്കിയുള്ളത് 232 എം.ബി.ബി.എസ്, 615 ബി.ഡി.എസ് സീറ്റുകൾ ഡെന്‍റലിൽ 615 സീറ്റുകൾ
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന്‍റെ ആദ്യ രണ്ട് അലോട്ട്മെന്‍റുകൾ പൂർത്തിയായപ്പോൾ സംസ്ഥാന ക്വോട്ടയിൽ ബാക്കിയുള്ളത് 232 എം.ബി.ബി.എസ് സീറ്റുകളും 615 ബി.ഡി.എസ് സീറ്റുകളും. ഈ സീറ്റുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്‍റിന് ഓൺലൈനായി ഈ മാസം 30ന് രാവിലെ പത്ത് വരെ രജിസ്റ്റർ ചെയ്യാം. ഏപ്രിൽ ഒന്നിന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
ഒഴിവുള്ള 232 എം.ബി.ബി.എസ് സീറ്റുകളിൽ 19 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളിലാണ്. സ്റ്റേറ്റ് മെറിറ്റിൽ പത്തും മുസ്ലിം സംവരണത്തിൽ അഞ്ചും ഈഴവ സംവരണത്തിൽ രണ്ടും സാമ്പത്തിക പിന്നാക്ക വിഭാഗത്തിലും എസ്.സി വിഭാഗത്തിലും ഒന്ന് വീതവും സീറ്റുകളാണ് സർക്കാർ കോളജുകളിലുള്ളത്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ബാക്കിയുള്ളത് 213 സീറ്റുകളാണ്. ഇതിൽ 67 എണ്ണം എൻ.ആർ.ഐ ക്വോട്ടയിലാണ്. 615 ബി.ഡി.എസ് സീറ്റുകളിൽ 36 എണ്ണം സർക്കാർ ഡെന്‍റൽ കോളജുകളിലാണ്. 579 എണ്ണം സ്വാശ്രയ കോളജുകളിലാണ്. നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രം അപേക്ഷിക്കുന്നതിന് പകരം പ്രതീക്ഷിത ഒഴിവുകളിലേക്കുകൂടി ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. നിലവിൽ അലോട്ട്മെന്‍റ് ലഭിച്ചവർ മോപ് അപ് റൗണ്ടിൽ മെച്ചപ്പെട്ട കോളജിലേക്കോ കോഴ്സിലേക്കോ മാറുന്നത് വഴിയുണ്ടാകുന്ന ഒഴിവുകളും ഈ ഘട്ടത്തിൽ നികത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.