കേരള, കാലിക്കറ്റ് വിദൂര കോഴ്സുകൾക്ക് അഞ്ച് വർഷത്തേക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള, കാലിക്കറ്റ് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ അഞ്ച് വർഷത്തേക്ക് അംഗീകാരം നൽകി. എല്ലാവർഷവും അംഗീകാരം പുതുക്കുന്നതിന് പകരമാണിത്. ഇതനുസരിച്ച് 2026 വരെ കോഴ്സുകൾ നടത്താം. അതേസമയം, രണ്ട് സർവകലാശാലകൾക്കും ശ്രീനാരായണഗുരു ഒാപൺ സർവകലാശാല നിയമത്തിലെ വ്യവസ്ഥ വിലങ്ങ്തടിയാകും.
ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല നിയമം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ഇതര സർവകലാശാലകളിലെ വിദൂര പഠന, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നിർത്തലാക്കണമെന്നാണ് വ്യവസ്ഥ. ഒാപൺ സർവകലാശാല നിലവിൽ വന്നിട്ട് ഒരുവർഷം പിന്നിട്ടിട്ടും കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ, വിദ്യാർഥി പ്രവേശനവും സാധിച്ചിട്ടില്ല.
സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസം നിലക്കുമെന്ന് വന്നതോടെ ഒാപൺ സർവകലാശാല കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതുവരെ ഇതര സർവകലാശാലകൾക്ക് കോഴ്സ് നടത്താൻ അനുമതി നൽകി വിജ്ഞാപനം ഇറക്കുകയായിരുന്നു. അങ്ങിനെയാണ് ഇൗ വർഷം കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനായത്. ഒാപൺ സർവകലാശാല കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലാണ്.
കരാറടിസ്ഥാനത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിന് മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് നൽകേണ്ട പഠനക്കുറിപ്പുകൾ (സെൽഫ് ലേണിങ് െമറ്റീരിയൽ) തയാറാക്കുന്ന ജോലികൾ പാതിവഴിയിലാണ്. റീജനൽ കേന്ദ്രങ്ങളും സ്റ്റഡി സെൻററുകളും പ്രവർത്തനസജ്ജമായിട്ടില്ല. ഇതിനിടെയാണ് കേരള, കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അംഗീകാരം അഞ്ച് വർഷത്തേക്ക് യു.ജി.സി പുതുക്കിയത്.
ഇരു സർവകലാശാലകളുടെയും മികവ് മുൻനിർത്തിയാണ് പതിവിൽനിന്ന് വ്യത്യസ്തമായി അഞ്ച് വർഷത്തേക്കുള്ള അംഗീകാരം. എന്നാൽ ഒാപൺ സർവകലാശാല കോഴ്സുകൾക്ക് അംഗീകാരമായാൽ കേരള, കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കേണ്ടിവരും. ഇൗ സാഹചര്യം ഒഴിവാക്കാൻ വിദൂര കോഴ്സുകളുടെ നടത്തിപ്പ് ഒാപൺ സർവകലാശാലയിൽ മാത്രം നിക്ഷിപ്തമാക്കുന്ന വ്യവസ്ഥ നിയമത്തിൽനിന്ന് നീക്കണമെന്നാണ് ആവശ്യം. ഒാപൺ സർവകലാശാലക്ക് പുറമെ മറ്റ് സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി നൽകണമെന്നാണ് വിദ്യാർഥികളിൽനിന്ന് ഉൾപ്പെടെ ഉയരുന്ന ആവശ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.