എൻജിനീയറിങ് പ്രവേശനത്തിന് മൂന്ന് മണിക്കൂറിൽ ഒറ്റ പരീക്ഷ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് എൻട്രൻസിന് കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതി വരുന്നതോടെ രാവിലെയും ഉച്ചക്ക് ശേഷവുമായി ആറ് മണിക്കൂർ പരീക്ഷ എഴുതേണ്ട അവസ്ഥ മാറും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ(സി.ബി.ടി)യിലേക്ക് മാറുന്നത് വിദ്യാർഥികൾക്കും പ്രവേശന പരീക്ഷ കമീഷണറേറ്റിനും സമയലാഭം ഉൾപ്പെടെ നേട്ടങ്ങളേറെ. പരീക്ഷ അവസാനിക്കുംമുമ്പ് ഏത് സമയത്തും വിദ്യാർഥികൾക്ക് ഉത്തരങ്ങൾ തിരുത്താം. പരീക്ഷയുടെ ഡാറ്റ ഡിജിറ്റൽ ഫോർമാറ്റിൽ തന്നെ ലഭ്യമാകുമെന്നതിനാൽ ഫലം വളരെ വേഗത്തിൽ തയാറാക്കാം.
അതേസമയം, നേരത്തെ കീം പരീക്ഷയുടെ പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയിലെ മാർക്ക് ഉപയോഗിച്ച് തയാറാക്കിയിരുന്ന ഫാർമസി പ്രവേശന റാങ്ക് പട്ടികക്ക് പുതിയ സാഹചര്യത്തിൽ പ്രത്യേക പരീക്ഷ നടത്തേണ്ടിവരും. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വൈകാതെ വരും. എൻജി. എൻട്രൻസ് ജെ.ഇ.ഇ മെയിൻ പരീക്ഷ ഘടനയിൽ നടത്താനാണ് പ്രവേശന പരീക്ഷ കമീഷണറുടെ ശിപാർശയിലുള്ളത്. ഓരോ വിഷയത്തിനും (ഫിസിക്സ്, കെമിസ്ട്രി, മാത്സ്) രണ്ട് സെക്ഷൻ ഉണ്ടാകും.
സെക്ഷൻ ‘എ’യിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ‘ബി’യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട (ഫിൽ ഇൻ ടൈപ്) ചോദ്യങ്ങളും. ‘ബി’ സെക്ഷനിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയ്റ്റേജോടെ പത്തിൽ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നെഗറ്റീവ് മാർക്ക് രീതി തുടരാനാണ് സർക്കാർ അംഗീകരിച്ച റിപ്പോർട്ടിൽ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.