വിദേശ എം.ബി.ബി.എസിന് ‘നീറ്റ്’ നിർബന്ധം
text_fieldsന്യൂഡൽഹി: ദേശീയ യോഗ്യത പ്രവേശന പരീക്ഷയായ ‘നീറ്റ്’ പാസായവർക്ക് മാത്രമായി വിദേശ എം.ബി.ബി.എസ് പഠനാവസരം പരിമിതപ്പെടുത്തി. നീറ്റ് പാസാകാത്തവരെ മറ്റു രാജ്യങ്ങളിൽ മെഡിക്കൽ കോഴ്സിൽ ചേരാൻ അനുവദിക്കില്ല. ഇൗ വർഷം മേയ് മുതൽ വ്യവസ്ഥ ബാധകമാണ്. പ്രവേശന പരീക്ഷ ചട്ടം ഭേദഗതി ചെയ്യാനുള്ള മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ നിർദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. കേരളത്തിൽനിന്ന് 2000ത്തോളം പേർ അടക്കം ഇന്ത്യയിൽനിന്ന് പ്രതിവർഷം 7000ത്തിൽപരം കുട്ടികൾ മെഡിക്കൽ പഠനത്തിന് വിദേശത്തു പോകുന്നുണ്ട്. മിക്കവരും റഷ്യയിലും ചൈനയിലുമാണ് പോകുന്നത്.
ഇന്ത്യയിൽ എം.ബി.ബി.എസിനു ചേരാൻ നീറ്റ് പാസാകണമെന്നാണ് 2016 മുതൽ വ്യവസ്ഥ. പുറത്ത് മെഡിക്കൽ പഠനം കഴിഞ്ഞ് വരുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) പാസാകണം. വേണ്ടത്ര യോഗ്യതയില്ലാത്തവർക്ക് പുറംനാടുകളിൽ പഠനാവസരം കിട്ടുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് വിദേശ പഠനത്തിനും നീറ്റ് നിർബന്ധമാക്കുന്നത്. ഇപ്പോൾ പുറംപഠനത്തിന് പോകാൻ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയിൽനിന്നുള്ള ‘എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്’ മതി. ഇനി നീറ്റ് പാസാകാതെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) കിട്ടില്ല. ഇക്കൊല്ലം മേയ് ആറിനാണ് നീറ്റ്.
വിദേശത്ത് പഠിച്ച് തിരിച്ചുവരുന്നവർ വിദേശ മെഡിക്കൽ ബിരുദക്കാർക്കുള്ള പരീക്ഷയായ എഫ്.എം.ജി.ഇ എഴുതുേമ്പാൾ പരമാവധി 15 ശതമാനം പേർ മാത്രമാണ് പാസാകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു. ഇൗ പരീക്ഷ പാസാകാതെത്തന്നെ നിയമവിരുദ്ധമായി പ്രാക്ടീസ് തുടങ്ങുന്ന സംഭവങ്ങളുമുണ്ട്. ഇത് ആപത്കരമാണ്. അതുകൊണ്ട് യോഗ്യരായ കുട്ടികൾ മാത്രം വിദേശത്തു പഠിക്കാൻ പോയാൽ മതി എന്നാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.