മുടങ്ങിയ വിദേശ മെഡിക്കൽ ഇന്‍റേൺഷിപ് ഇന്ത്യയിൽ പൂർത്തിയാക്കാം
text_fieldsതിരുവനന്തപുരം: യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും സാഹചര്യത്തിൽ വിദേശത്ത് മെഡിക്കൽ ഇന്‍റേൺഷിപ് മുടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകി ദേശീയ മെഡിക്കൽ കമീഷന്‍റെ ഉത്തരവ്. ഈ വിദ്യാർഥികൾ ഇന്ത്യയിൽ ഇന്‍റേൺഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന ഫോറിൽ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) വിജയിച്ചിരിക്കണം. ഈ വ്യവസ്ഥയോടെ ഇന്‍റേൺഷിപ് പൂർത്തീകരിക്കാനുള്ള വിദ്യാർഥികളുടെ അപേക്ഷയിൽ ബന്ധപ്പെട്ട സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് തുടർനടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്കായി കമീഷൻ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കുകയും എന്നാൽ നിർബന്ധിത ഇന്‍റേൺഷിപ് പൂർത്തിയാക്കാൻ കഴിയാത്തതുമായ വിദ്യാർഥികളുടെ അപേക്ഷകൾ പരിഗണിച്ചാണ് കമീഷന്‍റെ നടപടി.
യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെതുടർന്ന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുകയാണ്. നേരേത്ത കോവിഡ് വ്യാപനത്തെതുടർന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിക്കാത്തതുകാരണം അവിടെ പഠിക്കുന്ന ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്‍റേൺഷിപ് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങൾ വിദ്യാർഥികളുടെ നിയന്ത്രണത്തിൽ നിൽക്കുന്നതല്ലെന്ന് കണ്ടാണ് മെഡിക്കൽ കമീഷൻ തീരുമാനമെടുത്തത്.
ഇന്‍റേൺഷിപ് സൗകര്യം ഒരുക്കുന്നവരുടെ എണ്ണം ബന്ധപ്പെട്ട മെഡിക്കൽ കോളജിലെ സീറ്റിന്‍റെ ഏഴര ശതമാനത്തിൽ കവിയരുത്. വിദേശ മെഡിക്കൽ ബിരുദധാരികളെ ഇന്‍റേൺഷിപ്പിന് പ്രവേശിപ്പിക്കുന്നതിന് പ്രത്യേക തുക ഈടാക്കില്ലെന്ന് മെഡിക്കൽ കോളജുകളിൽ നിന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ രേഖാമൂലമുള്ള ഉറപ്പുവാങ്ങണം. ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്‍റേൺഷിപ് കാലയളവിൽ നൽകുന്നതിന് തുല്യമായ സ്റ്റൈപന്‍റും മറ്റ് സൗകര്യങ്ങളും വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക് കൂടി അനുവദിക്കണം. മെഡിക്കൽ കമീഷൻ അനുവദിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രികളിലോ കോളജുകളോട് ചേർന്ന ആശുപത്രികളിലോ മാത്രമേ ഇന്‍റേൺഷിപ് അനുവദിക്കുകയുള്ളൂ. വിദ്യാർഥി പഠിക്കുന്ന രാജ്യത്ത് രജിസ്റ്റർ ചെയ്യാവുന്നതും പ്രാക്ടീസ് ചെയ്യാവുന്നതുമായ മെഡിക്കൽ ബിരുദം മാത്രമേ അംഗീകരിക്കുകയുള്ളൂ. ഇന്ത്യയിൽ രജിസ്ട്രേഷൻ ആഗ്രഹിക്കുന്ന വിദ്യാർഥി ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ പാസായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.