മെഡിക്കൽ പ്രവേശനത്തിൽ മുന്നാക്ക സംവരണം; സർക്കാർ തിരുത്തും
text_fieldsതിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് വഴിവിട്ട് സീറ്റ് നൽകിയ നടപടിയിൽനിന്ന് സർക്കാർ പിന്മാറുന്നു.
ഇതര സംവരണ വിഭാഗങ്ങൾക്ക് സീറ്റ് നിശ്ചയിച്ച രീതിയിൽ തന്നെ മുന്നാക്ക സംവരണ സീറ്റും നിശ്ചയിക്കാൻ തീരുമാനമായി. ഇതോടെ കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിനായി അനുവദിച്ച 130 സീറ്റിൽ ചുരുങ്ങിയത് 25 സീറ്റെങ്കിലും കുറയും.
ജനറൽ കാറ്റഗറിയിൽനിന്ന് 10 ശതമാനം വരെ സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാമെന്ന ഉത്തരവ് അവഗണിച്ച് കൂടുതൽ സീറ്റുകൾ അനുവദിച്ച നടപടി വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാറിെൻറ തിരുത്തൽ.
ശതമാനം പരിഗണിക്കാതെ 130 എം.ബി.ബി.എസ് സീറ്റുകൾ കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിന് വിട്ടുനൽകുകയും ഇൗ വർഷം അത്ര തന്നെ സീറ്റുകൾ നീക്കിവെക്കുകയും ചെയ്തിരുന്നു. 10 ശതമാനം സംവരണമുള്ള എസ്.സി/ എസ്.ടി വിഭാഗത്തിന് 105 സീറ്റ് നൽകിയപ്പോഴാണ് അത്ര തന്നെ ശതമാനം സംവരണം പറഞ്ഞ മുന്നാക്ക വിഭാഗത്തിന് 130 സീറ്റ് നൽകിയത്.
പുതുക്കിയ സീറ്റ് വിഹിതം നിശ്ചയിച്ചുള്ള നിർദേശം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സമർപ്പിക്കുന്നതോടെ വെള്ളിയാഴ്ച ഉത്തരവായി ആരോഗ്യവകുപ്പ് പ്രവേശന പരീക്ഷ കമീഷണർക്ക് നൽകും.
ഇതുപ്രകാരമായിരിക്കും വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒന്നാം ഘട്ട മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറ്. അതേസമയം, 60 ശതമാനം വരുന്ന സ്റ്റേറ്റ് മെറിറ്റിെൻറ 10 ശതമാനം വരെ സീറ്റ് മാത്രമേ മുന്നാക്ക സംവരണത്തിനായി നീക്കിവെക്കാവൂവെന്ന സംവരണ സമുദായ സംഘടനകളുടെ നിർദേശം സർക്കാർ അംഗീകരിച്ചിട്ടില്ല. അങ്ങനെയെങ്കിൽ 70നും 75നുമിടയിൽ സീറ്റ് മാത്രമേ മുന്നാക്ക സംവരണത്തിനായി നീക്കിവെക്കാനാകൂ.
പുതുക്കിയ സീറ്റ് വിഹിതം നിശ്ചയിക്കാൻ നിർദേശം
പുതുക്കിയ സീറ്റ് വിഹിതം (മെട്രിക്സ്) നിശ്ചയിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിന് 25 സീറ്റുകളെങ്കിലും അധികം അനുവദിച്ചെന്ന് ഇതോടെ വ്യക്തമായി. മുന്നാക്ക സംവരണത്തിൽനിന്ന് തിരിച്ചെടുക്കുന്ന സീറ്റുകൾ സ്റ്റേറ്റ് മെറിറ്റ്, മറ്റ് സംവരണ വിഭാഗങ്ങളുടെ സീറ്റ് വിഹിതത്തിൽ ലയിപ്പിക്കേണ്ടിവരും.
കഴിഞ്ഞ വർഷം മെഡിക്കൽ കൗൺസിൽ വർധിപ്പിച്ച 155 സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് നിലവിലുണ്ടായിരുന്ന 1400 സീറ്റുകളിലേക്ക് ചേർക്കാതെയാണ് നടത്തിയത്. ഇൗ വർഷം 155 സീറ്റ് 1400ലേക്ക് ചേർത്ത് ഒാരോ സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റ് വിഹിതവും നിശ്ചയിക്കാനാണ് നിയമവകുപ്പ് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.