നാല് വർഷ ബിരുദം; അക്കാദമിക് കലണ്ടർ തയാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും പുതിയ അധ്യയനവർഷം നാല് വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നതിന്റെ ഭാഗമായി സമ്പൂർണ അക്കാദമിക് കലണ്ടർ തയാർ. ആദ്യവർഷത്തെ രണ്ട് സെമസ്റ്ററുകളിലെ കോഴ്സ് നടത്തിപ്പിന്റെ സമ്പൂർണ സമയക്രമമാണ് നിശ്ചയിച്ചത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാറും സർവകലാശാലകളും ചേർന്ന് അക്കാദമിക് കലണ്ടറിന് രൂപം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ഒന്നാംവർഷ ബിരുദ ക്ലാസുകൾ തുടങ്ങുന്ന രീതിയിലാണ് കലണ്ടർ. നിലവിലുള്ള കോഴ്സുകൾക്ക് സർവകലാശാലകൾക്ക് പ്രത്യേകമായി അക്കാദമിക് കലണ്ടർ തയാറാക്കാം.
പ്ലസ് ടു ഫലപ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിൽ നാല് വർഷ ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം മേയ് 20നകം പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പണം ജൂൺ ഏഴ് വരെ. ജൂൺ 15നകം ട്രയൽ റാങ്ക് പട്ടികയും അന്തിമ റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും.
ആദ്യ അലോട്ട്മെന്റ് ജൂൺ 22നകം പ്രസിദ്ധീകരിക്കും. ജൂൺ 29നകം രണ്ടാം അലോട്ട്മെന്റ്. ജൂലൈ ഒന്നിന് ഒന്നാംവർഷ ബിരുദ ക്ലാസുകൾ തുടങ്ങും. ജൂലൈ അഞ്ചിനകം മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. നേരത്തെ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ജൂലൈ എട്ട് മുതൽ 15 വരെ അപേക്ഷിക്കാം. ജൂലൈ 22നകം നാലാം അലോട്ട്മെന്റ്. നാല് അലോട്ട്മെന്റിന് ശേഷം ശേഷിക്കുന്ന സീറ്റുകളിലേക്ക് കോളജ്/ ഡിപ്പാർട്ടുമെന്റ്തല അലോട്ട്മെന്റ് നടത്തണം. ആഗസ്റ്റ് 24ന് ബിരുദ പ്രവേശന നടപടികൾ പൂർത്തിയാക്കണം. ആവശ്യമെങ്കിൽ പ്രവേശനം അവസാനിപ്പിക്കുന്നത് സെപ്റ്റംബർ 13 വരെ ദീർഘിപ്പിക്കാം.
ആഗസ്റ്റ് 31വരെ വിദ്യാർഥികളുടെ കോഴ്സ് രജിസ്ട്രേഷൻ നടത്താം. സെപ്റ്റംബർ 30നകം കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് നടത്തണം. ഒന്നാം സെമസ്റ്റർ പരീക്ഷക്കുള്ള രജിസ്ട്രേഷനും സെപ്റ്റംബർ 30നകം പൂർത്തിയാക്കണം. ഒക്ടോബർ 15ന് ഒന്നാം സെമസ്റ്റർ പരീക്ഷക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിക്കണം. നവംബർ അഞ്ചിന് ഒന്നാം സെമസ്റ്റർ അധ്യയനം അവസാനിപ്പിക്കണം. ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ ആറ് മുതൽ 22 വരെ. ഡിസംബർ 23നകം ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം.
ഡിസംബർ രണ്ട് മുതൽ രണ്ടാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങണം. മേയ് 15നകം രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിക്കണം. മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകൾ ജൂൺ മുതൽ ഒക്ടോബർ വരെയും നാല്, ആറ്, എട്ട് സെമസ്റ്ററുകൾ നവംബർ മുതൽ മാർച്ച് വരെയുമായി നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.