കേരളം ഇന്ന് മുതൽ നാലുവർഷ ബിരുദ കോഴ്സിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകൾക്ക് തിങ്കളാഴ്ച തുടക്കം. നിലവിലെ രീതിയിൽ മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുള്ള അവസരം നിലനിർത്തിയാണ് ഓണേഴ്സ് ബിരുദം നൽകുന്ന നാല് വർഷ കോഴ്സിന് തുടക്കമാകുന്നത്.
നാല് വർഷ ഓണേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരുവർഷം കൊണ്ട് പി.ജി പൂർത്തിയാക്കാനുമാകും.
ഗവേഷണം കൂടി നാല് വർഷ കോഴ്സിന്റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദമാണ് നൽകുക. ഇവർക്ക് പി.ജിയില്ലാതെ നേരിട്ട് പിഎച്ച്.ഡി പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും. മൂന്ന് തരം ബിരുദ കോഴ്സുകളിലേക്കും വിദ്യാർഥികൾക്ക് ഇഷ്ടവും അഭിരുചിയുമനുസരിച്ച് നീങ്ങാൻ സാധിക്കുന്ന പാഠ്യപദ്ധതിയോടെയാണ് കേരളം നാല് വർഷ ബിരുദ കോഴ്സിലേക്ക് പ്രവേശിക്കുന്നത്.
ആദ്യ ബാച്ച് കുട്ടികൾ തിങ്കളാഴ്ച കോളജുകളിലെത്തും. നവാഗത വിദ്യാർഥികളെ കോളജ് അധികൃതരും മുതിർന്ന വിദ്യാർഥികളും ചേർന്ന് സ്വീകരിക്കുകയും കോഴ്സിനെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്ന രീതിയിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തോടെയാണ് പരിഷ്കരിച്ച ബിരുദ കോഴ്സുകൾക്ക് തുടക്കമാകുന്നത്.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള 864 ആർട്സ് ആൻഡ് സയൻസ് കോളജുകൾ/പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നത്.
പുറമെ കേരള, മലയാളം, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല പഠന വകുപ്പുകളിലും നാല് വർഷ കോഴ്സുകൾ തുടങ്ങുന്നുണ്ട്.
സമീപകാലത്ത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരമായാണ് നാല് വർഷ ബിരുദ കോഴ്സിനെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.