സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകൾ അടുത്ത വർഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നത് അടുത്ത അധ്യയനവർഷം. മുഖ്യമന്ത്രി വിളിച്ച വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് ധാരണ.സാധ്യമായ സർവകലാശാലകൾക്ക് ഈ വർഷം തന്നെ നാല് വർഷ കോഴ്സുകൾ തുടങ്ങാമെന്നും അല്ലാത്തവർ അടുത്തവർഷം നിർബന്ധമായും മാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കഴിഞ്ഞ 30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ ഈ വർഷം നാല് വർഷ ബിരുദ കോഴ്സ് തുടങ്ങുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വി.സിമാർ വിശദീകരിച്ചിരുന്നു.
അടുത്തവർഷം പുതിയ സമ്പ്രദായത്തിലേക്ക് മാറാനായിരുന്നു ധാരണ. എന്നാൽ, ഈ വർഷം തന്നെ നാല് വർഷ കോഴ്സ് തുടങ്ങണമെന്ന നിർദേശം മുഖ്യമന്ത്രി മുമ്പാകെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വെച്ചതോടെയാണ് ഇതുൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച യോഗം വിളിച്ചത്. ഈ വർഷം പുതിയ രീതിയിലുള്ള കോഴ്സ് തുടങ്ങുന്നതിൽ വി.സിമാർ നേരേത്തതന്നെ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ അടുത്ത വർഷമേ നാല് വർഷ കോഴ്സുകൾ തുടങ്ങൂ. തെരഞ്ഞെടുത്ത കോഴ്സുകളിലോ ഇന്റഗ്രേറ്റഡ് കോഴ്സുകളിലോ ഈ വർഷം പുതിയ രീതി പരീക്ഷണാർഥം നടപ്പാക്കുന്നത് പരിശോധിക്കാമെന്ന് ചില വി.സിമാർ യോഗത്തിൽ പറഞ്ഞു.
നേരേത്ത ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിളിച്ച ചർച്ചയിലും ശിൽപശാലയിലും അടുത്തവർഷമേ നാല് വർഷ കോഴ്സ് തുടങ്ങാവൂവെന്ന് അധ്യാപകരും വിദ്യാർഥികളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സാധ്യമായ സർവകലാശാലകൾക്ക് ഈ വർഷം തുടങ്ങാമെന്നും അല്ലാത്തവക്ക് അടുത്തവർഷം ആരംഭിക്കാമെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് നിലപാടിലെത്തിയത്. ഇതിന് വിരുദ്ധമായ നിലപാട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്വീകരിച്ചതോടെയാണ് വിവാദമുയർന്നത്.
സ്വകാര്യ/ കൽപ്പിത സർവകലാശാലകൾ തുടങ്ങുന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ചാണ് നിർദേശങ്ങൾ വന്നത്. അതിനായിരിക്കും മുൻഗണന. കോൺസ്റ്റിറ്റ്യുവൻറ് കോളജുകൾ തുടങ്ങുന്നതിനെക്കുറിച്ചും ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, വൈസ് ചാൻസലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.