നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെ ജോലിഭാരത്തിൽ ക്രമീകരണം വരുത്താൻ സർക്കാർ ഒരുങ്ങുന്നു. വിദ്യാർഥികൾക്ക് ഇഷ്ടമേഖല തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത് അധ്യാപകരുടെ ജോലിഭാരത്തെ ബാധിക്കുമെന്നും ഇത് ഭാവിയിൽ തസ്തികയില്ലാതാക്കാൻ വഴിവെക്കുമെന്ന ആശങ്ക പരന്നതോടെയാണ് ക്രമീകരണം കൊണ്ടുവരാൻ തീരുമാനിച്ചത്.
ക്രമീകരണം സംബന്ധിച്ച് വൈകാതെ സർക്കാർ ഉത്തരവിറക്കും. അധ്യാപകരുടെ ജോലിഭാരം കോളജ്തലത്തിൽ തന്നെ ക്രമീകരിക്കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച അധ്യാപക സംഘടന പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചർച്ച നടത്തും.
നിലവിൽ കോളജ് അധ്യാപക തസ്തികക്ക് ആഴ്ചയിൽ 16 മണിക്കൂർ ജോലി നിർബന്ധമാണ്. ഇതിൽ കുറവ് വരുത്താൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുമ്പോൾ വിദ്യാർഥികൾ മേജർ, മൈനർ കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കണം. മൈനർ കോഴ്സുകൾ മേജർ വിഷയത്തിന് പുറത്തുള്ള മേഖലകളിൽനിന്ന് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. പ്രധാന വിഷയത്തിന് പുറമെയുള്ള മേഖലയിൽനിന്ന് വിദ്യാർഥികൾ മൈനർ കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ നിലവിലുള്ള ജോലിഭാരത്തിൽ കുറവുവരുമെന്നും ഇത് തസ്തികക്ക് ഭീഷണിയാകുമെന്നുമാണ് അധ്യാപകരുടെ ആശങ്ക.
ഈ ഭീഷണി മുന്നിൽകണ്ട് കാലിക്കറ്റ്, എം.ജി സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സിന് പാഠ്യപദ്ധതി തയാറാക്കിയപ്പോൾ മേജർ വിഷയത്തിൽ തന്നെ മൈനർ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ അനുമതി നൽകിയിരുന്നു. ഇത് സർക്കാറിന്റെ വിമർശനത്തിനിടയാക്കുകയും ഇത് ഇഷ്ട മൈനർ കോഴ്സ് തെരഞ്ഞെടുക്കാനുള്ള വിദ്യാർഥിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുമെന്നും അഭിപ്രായമുയർന്നു.
വിദ്യാർഥികൾക്ക് വ്യത്യസ്ത വിഷയ മേഖലകളിൽ അവഗാഹം നേടാൻ വഴിയൊരുക്കുന്ന രീതിയിൽ മൈനർ കോഴ്സിൽ സ്വാതന്ത്ര്യം അനുവദിക്കണമെന്നും രണ്ട് സർവകലാശാലകളും അതിനനുസൃതമായി പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണമെന്നും സർക്കാർ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് അധ്യാപകരുടെ ജോലിഭാരം സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ പ്രത്യേക ഉത്തരവിറക്കാനും സർക്കാർ തീരുമാനിച്ചത്. പരീക്ഷ മൂല്യനിർണയം കോളജ് തലത്തിൽ കൂടി നടത്തുന്ന സാഹചര്യത്തിൽ ഇന്റേണൽ അസസ്മെന്റ് അനുപാതത്തിൽ മാറ്റംവരുന്നത് സംബന്ധിച്ചും ബുധനാഴ്ച വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.