ചതുർ വർഷ ബിരുദം: വിദ്യാർഥികൾ അറിയാൻ
text_fieldsകേരളത്തിലെ കോളജുകളിൽ ഈ അക്കാദമിക വർഷം മുതൽ ചതുർ വർഷ ബിരുദ പദ്ധതി (F.Y.U.G. P) നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ യൂനിവേഴ്സിറ്റികളിൽ പൂർത്തിയാക്കി വരുന്നു. തത്ത്വത്തിൽ വിദ്യാർഥി കേന്ദ്രീകൃതവും വിദ്യാർഥി സൗഹൃദപരവുമായിരിക്കും കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ചതുർ വർഷ ബിരുദ, ബിരുദാനന്തര ബിരുദ, ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകൾ.
ജ്ഞാനസമൂഹ സൃഷ്ടി
ജ്ഞാനസമൂഹ സൃഷ്ടി എന്ന മഹത്തായ ലക്ഷ്യം മുന്നിൽക്കണ്ടാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വന്നുകൊണ്ടിരിക്കുന്നു. ചില ഉദാഹരണങ്ങൾ മാത്രം സൂചിപ്പിക്കാം. പുതിയ വിദ്യാഭ്യാസ ക്രമത്തിൽ കരിക്കുലവും സിലബസും എന്തിനധികം, വിദ്യാഭ്യാസ പ്രക്രിയ തന്നെ വിദ്യാർഥി കേന്ദ്രീകൃതമായിരിക്കും. നിലനിൽക്കുന്ന വിദ്യാഭ്യാസം ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ വരുംകാലത്ത് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തിലേക്ക് നാം മാറുകയാണ്.
അഥവാ മുമ്പ് നാം പറഞ്ഞിരുന്നത് ഒരു വിഷയം പഠിപ്പിക്കുന്നതിലൂടെ/ പഠിക്കുന്നതിലൂടെ വിദ്യാർഥിക്ക് കൈവരുന്ന അറിവിനെക്കുറിച്ചായിരുന്നു. ഔട്ട്കം അടിസ്ഥാനത്തിലാകുമ്പോൾ ഒരു വിഷയം പഠിക്കുന്നതിന്റെ ഔട്ട്കം ഇതായിരിക്കും (ഭാഷ തെറ്റില്ലാതെ എഴുതാൻ പഠിക്കും എന്നുപറഞ്ഞാൽ വിദ്യാർഥിക്ക് ആ ഗുണം ലഭിച്ചിരിക്കണം) എന്നു ലക്ഷ്യമാക്കുന്നതിലൂടെ അധ്യാപകൻ പഠിപ്പിച്ചോ എന്നതിനേക്കാൾ ആ ഗുണം ആർജിച്ചത് പ്രകടിപ്പിക്കാൻ വിദ്യാർഥിക്ക് കഴിയുന്നുണ്ടോ എന്നായിരിക്കും പരിശോധിക്കുക.
പഠിപ്പിക്കുന്നതിലും പരീക്ഷകളിലും വിലയിരുത്തലുകളിലും മേപ്പിങ്ങിലും എല്ലാം വിദ്യാർഥി കേന്ദ്രീകൃതമായ സമീപനമായിരിക്കും സ്വീകരിക്കുക. അവരുടെ കഴിവ് (എബിലിറ്റി), നിപുണി (സ്കിൽ), മൂല്യബോധം(വാല്യു) എന്നിവ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. ലക്ഷ്യമിട്ട ഔട്ട്കം ലഭ്യമായതിന്റെ ഗുണങ്ങളും തെളിവുകളും മൂല്യനിർധാരണ സമയത്ത് കൃത്യമായും വസ്തുനിഷ്ഠമായും വിലയിരുത്താനാവണം. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ രസകരമായി പഠനപ്രക്രിയയിൽ ഏർപ്പെടുകയാണ് ഈ സമ്പ്രദായത്തിൽ. അധ്യാപകൻ എന്തു നൽകി എന്നതിനേക്കാൾ വിദ്യാർഥിക്ക് എന്തു ലഭിച്ചു എന്നതായിരിക്കും പ്രധാനം. ഒരു നിശ്ചിത അറിവ്/എബിലിറ്റി/സ്കിൽ ലഭിച്ചു എന്നു കരുതിയാൽ മാത്രം പോരാ, അതു പ്രകടിപ്പിക്കാനുള്ള കഴിവുകുടി വിദ്യാർഥി ആർജിക്കേണ്ടിവരും.
മൾട്ടിപ്പ്ൾ എൻട്രിയും എക്സിറ്റും
മറ്റൊരു ഗുണഫലം ബഹുമുഖ പ്രവേശവും (മൾട്ടിപ്പ്ൾ എൻട്രി) ബഹുമുഖ വിടുതലും (മൾട്ടിപ്പ്ൾ എക്സിറ്റ്) ആണ്. ചതുർ വർഷ ബിരുദത്തിനു ചേരുന്ന വിദ്യാർഥിക്ക് മൂന്നുവർഷം വിജയകരമായി പൂർത്തിയാക്കി സാധാരണ ഡിഗ്രിയോ, നാലുവർഷം വിജയകരമായി പൂർത്തിയാക്കി ഹോണേഴ്സ് ഡിഗ്രിയോ, ഗവേഷണത്തിനു ഊന്നൽ നൽകി ഹോണേഴ്സ് വിത്ത് റിസർച് ഡിഗ്രിയോ നേടാം. യു.ജി.സിയുടെ പുതിയ തീരുമാനപ്രകാരം നിശ്ചിത ശതമാനം മാർക്കുള്ള ചതുർ വർഷ ബിരുദ വിദ്യാർഥിക്ക് നെറ്റ് എഴുതുകയും നേരിട്ടു ഗവേഷണത്തിനു ചേരുകയും ആവാം. അത്തരത്തിൽ ഒരു വർഷം സേവ് ചെയ്യാനാകും.
ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ സംസ്ഥാനത്ത് ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സുകളും നിലനിൽക്കുന്നതിനാൽ ഡിഗ്രി തലത്തിൽ ഒന്നാം വർഷ, രണ്ടാം വർഷ വിടുതൽ അനുവദിക്കുന്നില്ല. കൊഴിഞ്ഞുപോക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരിലായിരിക്കും കൂടുതൽ എന്ന സാമൂഹിക പ്രശ്നം കണക്കിലെടുത്താണ് കേന്ദ്ര നയത്തിൽ നിന്ന് വ്യത്യസ്തമായി കേരള സർക്കാർ ആ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അക്കാദമിക് ബാങ്കും മൊബിലിറ്റിയും
പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർഥി പഠിച്ച വിഷയത്തിലെ ക്രെഡിറ്റുകൾ അഥവാ വിജയിച്ച വിഷയ മാർക്കുകൾ ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതുപോലെ സുരക്ഷിതമായി ദേശീയ അക്കാദമിക റിപ്പോസിറ്ററിയിൽ ഉണ്ടാകും. വിദ്യാർഥിക്ക് ഒരു നിശ്ചിത കാലം പഠിച്ച ശേഷം തൊഴിൽ നേടാനും പിന്നീട് ക്രെഡിറ്റിലുള്ള സ്കോർ ഉപയോഗപ്പെടുത്തി തുടർപഠനത്തിൽ ഏർപ്പെടാനാവും. കോളജുകൾ തമ്മിലോ യൂനിവേഴ്സിറ്റികൾ തമ്മിലോ പഴയ കെട്ടുപാടുകളോ നിയമക്കുരുക്കുകളോ ഇല്ലാതെ അവർക്ക് മാറാനുമാകും.
അത് ദേശീയ തലത്തിലും ചിലപ്പോൾ അന്തർദേശീയ തലത്തിലും സാധ്യമാകും. അപ്പോഴെല്ലാം തങ്ങളുടെ അക്കാദമിക ക്രെഡിറ്റുകൾ സംരക്ഷിക്കപ്പെടുകയും അവ തങ്ങളുടെ ബിരുദത്തിനായി കൺവേർട്ട് ചെയ്യാനുമാകും. അംഗീകൃത ഓൺലൈൻ (MOOK) കോഴ്സുകളിലൂടെ ക്രെഡിറ്റു നേടാനും അവ ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നത് വിദ്യാർഥികൾക്ക് പ്രയോജനകരമാകും. ഒരു റഗുലർ ഡിഗ്രി ചെയ്യുന്നതിനൊപ്പം ഓൺലൈൻ കോഴ്സുകളും ഒരു ഡിസ്റ്റൻസ് കോഴ്സും ചെയ്യാം.
തിരഞ്ഞെടുക്കാനുള്ള അവസരം
മുമ്പ് സിംഗിൾ മെയിൻ, ഡബിൾ മെയിൻ, അപൂർവമായി ട്രിപ്പ്ൾ മെയിൻ ഉണ്ടായിരുന്ന അവസ്ഥക്കുപകരം വിദ്യാർഥികൾക്ക് അഭിരുചിയനുസരിച്ച് മേജറും മൈനറുമായ വിഷയങ്ങൾ തിരഞ്ഞെടുക്കാം. കൂടുതൽ പ്രോഗ്രാമുകളുള്ള യൂനിവേഴ്സിറ്റികളിലും ഓട്ടോണമസ് കോളജുകളിലും ഈ അവസരം കൂടുതലായിരിക്കും.
മൾട്ടി ഡിസിപ്ലിനറി സമീപനം
കാലങ്ങളായി പിന്തുടർന്നു വന്നിരുന്ന ഏകമുഖ കോഴ്സുകൾക്കുപകരം ബഹുമുഖ കോഴ്സുകളായിരിക്കും ചതുർ വർഷ ബിരുദ പ്രോഗ്രാമിൽ ലഭ്യമാവുക. മുൻകാലങ്ങളിൽ മലയാളമോ അറബിയോ മറ്റു ഭാഷകളോ എടുത്ത വിദ്യാർഥിക്ക് ശാസ്ത്ര, ഗണിത, വിഷയങ്ങൾ എടുക്കുക സാധ്യമായിരുന്നില്ല. ഒരു വിദ്യാർഥി കോഴ്സിനു ചേരുന്ന സമയത്തു തന്നെ സയൻസ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഭാഷ, സംസ്കാരം എന്നിങ്ങനെ വിഷയവും മുൻകൂട്ടി തീരുമാനിക്കണമായിരുന്നു. മൾട്ടി ഡിസിപ്ലിനറി, ഇന്റർ ഡിസിപ്ലിനറി സംവിധാനത്തിലൂടെ ഈ പരിമിതി വിദ്യാർഥിക്ക് അനുഗുണമാകുന്ന വിധത്തിൽ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ് പുതിയ സംവിധാനത്തിൽ.
പാത്ത് വേ
വിദ്യാർഥിക്ക് ഒരു ഡിസിപ്ലിനിലെ വിവിധ വിഷയങ്ങളും (ഇന്റർ ഡിസിപ്ലിനറി) വിവിധ ഡിസിപ്ലിനിലെ വിഷയങ്ങളും (മൾട്ടി ഡിസിപ്ലിനറി) പഠിക്കാൻ അവസരം ഒരുക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ആവശ്യമുള്ളത് പഠിക്കാനും വിപണിയിൽ ഡിമാൻഡുള്ളത് തിരഞ്ഞെടുക്കാനുമുള്ള അവസരം വിദ്യാർഥിക്കുണ്ടാകും. ഇത് എത്രത്തോളം പ്രായോഗികവും എത്രത്തോളം പ്രയോജനകരവുമാകും എന്ന തർക്കം നിലനിൽക്കുന്നുണ്ട്. ഒന്നിലും നിപുണി നേടാൻ കഴിയാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയം മറികടക്കേണ്ടതും വിദ്യാർഥികളെ ജ്ഞാനസമൂഹ സൃഷ്ടിയിലേക്ക് വഴി നടത്തേണ്ടതും അധ്യാപകരാണ്. ആ നിലക്ക് അധ്യാപകരുടെ ചുമതലകൾ വർധിതമായിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.