‘കേരള’യിൽ ഈ വർഷംതന്നെ നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കേരള സർവകലാശാലയിൽ ഈ വർഷം തന്നെ നാല് വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നു. സർവകലാശാല നേരിട്ട് നടത്തുന്ന നാല് കോഴ്സുകളാണ് പുതിയ രീതിയിൽ തുടങ്ങുന്നത്.ലാംഗ്വേജസ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ, പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബി.എ ഓണേഴ്സ് കോഴ്സും ലൈഫ് സയൻസിൽ ബി.എസ്സി ഓണേഴ്സ് കോഴ്സും സർവകലാശാല പഠന വിഭാഗങ്ങളിൽ തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ. മോഹൻകുന്നുമ്മൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സർവകലാശാല സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി)യിൽ നാല് വർഷ ബി.കോം (പ്രഫഷണൽ) ഓണേഴ്സ് കോഴ്സും ഈ വർഷം തുടങ്ങും. നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങാൻ അഫിലിയേറ്റഡ് കോളജുകളിൽനിന്ന് താൽപര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. അടുത്തവർഷം മുഴുവൻ കോളജുകളിലും നാല് വർഷ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. ഈ വർഷം തുടങ്ങുന്ന കോഴ്സുകൾ ഏത് പഠന വകുപ്പുകൾക്ക് കീഴിലാണെന്നത് വൈകാതെ തീരുമാനിക്കും.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശിപാർശയെ തുടർന്നാണ് നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ തുടങ്ങുന്നത്. മൂന്നാം വർഷത്തിൽ നിശ്ചിത എണ്ണം ക്രെഡിറ്റ് ആർജിച്ച് വിദ്യാർഥിക്ക് പുറത്തുപോകാനും (എക്സിറ്റ്) അവരമുണ്ടാകും. ഇവർക്ക് നിലവിലുള്ള ത്രിവത്സര ബിരുദമായിരിക്കും നൽകുക. ഗവേഷണ, ഇന്റേൺഷിപ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന നാലാം വർഷം കൂടി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും നൽകും. ഓണേഴ്സ് ബിരുദം നേടുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരു വർഷം കൊണ്ട് പി.ജി പൂർത്തിയാക്കാനും അവസരമൊരുക്കും.
ഈ വർഷം തുടങ്ങുന്ന ഓണേഴ്സ് ബിരുദ കോഴ്സുകൾ:
* ബി.എ ഓണേഴ്സ് ഇൻ ലാംഗ്വേജസ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ
* ബി.എ ഓണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ
* ബി.എസ്സി ഓണേഴ്സ് ഇൻ ലൈഫ് സയൻസ്
* ബി.കോം ഓണേഴ്സ് ഇന് ബി.കോം (പ്രഫഷണൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.