നാലുവർഷ ബിരുദ കോഴ്സിനും കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് പദ്ധതിക്കും സി.പി.എം പച്ചക്കൊടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നതടക്കമുള്ള പരിഷ്കരണങ്ങൾക്ക് സർക്കാറിന് സി.പി.എം അനുമതി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് ഇ.എം.എസ് അക്കാദമിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന ശിൽപശാലയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. തെരഞ്ഞെടുത്ത സർക്കാർ കോളജുകളെ കോൺസ്റ്റിറ്റ്യുവന്‍റ് പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിനും പാർട്ടിതലത്തിൽ അംഗീകാരമായി. സർവകലാശാലകളിൽ അഞ്ച് വർഷത്തേക്ക് പ്രോജക്ട് മോഡിൽ നൂതന കോഴ്സുകൾ ആരംഭിക്കുന്ന നിർദേശവും നടപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇതുസംബന്ധിച്ച് ശിപാർശകളുണ്ടായിരുന്നു. ഇവ നടപ്പാക്കുന്നത് സംബന്ധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കൾ, പാർട്ടി അനുകൂല വിദ്യാർഥി, അധ്യാപക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത ശിൽപശാല ധാരണയിലെത്തിയത്. മൂന്നാം വർഷം പൂർത്തിയാക്കിയിട്ട് പുറത്തുപോകാൻ അവസരമൊരുക്കുന്ന രീതിയിലുള്ള നാല് വർഷ ബിരുദ കോഴ്സാണ് ശ്യാം ബി. മേനോൻ കമീഷൻ ശിപാർശ ചെയ്തത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കോളജുകളിൽ ഈ കോഴ്സ് നടപ്പാക്കി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. പി.ജി കോഴ്സുകളിൽ ഒന്നാം വർഷത്തിൽ പഠിക്കുന്ന ഭാഗങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് നാലുവർഷ ബിരുദ കോഴ്സിന് ശിപാർശ ചെയ്തത്.
സവിശേഷ അധികാരങ്ങളോടെയും കൂടുതൽ ധനസഹായത്തോടെയും മികച്ച സർക്കാർ കോളജുകളെ കോൺസ്റ്റിറ്റ്യുവൻറ് കോളജുകളാക്കാനാണ് ശിപാർശ. സർവകലാശാല പഠനവിഭാഗങ്ങളിലെ അധ്യാപന, ഗവേഷണ സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ കോൺസ്റ്റിറ്റ്യുവന്‍റ് കോളജുകളുടെ നിലവാരം ഉയർത്തണം. കോളജുകൾക്ക് പ്രത്യേക ഗവേണിങ് ബോഡിയും നിർദേശിച്ചിരുന്നു. സ്ഥിരം കോഴ്സുകൾക്ക് പകരം അഞ്ച് വർഷത്തേക്ക് മാത്രമായി പ്രോജക്ട് അടിസ്ഥാനത്തിൽ നൂതന കോഴ്സുകൾ തുടങ്ങുന്നതാണ് മറ്റൊരു നിർദേശം. അഞ്ച് വർഷത്തിനുശേഷം ഇത്തരം കോഴ്സുകളുടെ സാധ്യത പരിശോധിച്ചശേഷം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.