ഫിലിപ്പീൻസിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
text_fieldsകോഴിക്കോട്: മെഡിസിന് പഠനത്തിനായി ഫിലിപ്പീന്‍സിലെ കോളജുകളില്‍ ചേര്‍ന്ന നിരവധി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. വിദേശ മെഡിക്കല്‍ ബിരുദത്തിന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍.എം.സി) ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകളാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ വെട്ടിലാക്കിയത്. രണ്ട് വര്‍ഷവും ഫീസിനത്തില്‍ പത്തുലക്ഷത്തോളം രൂപയുമാണ് ഇതിനകം വിദ്യാർഥികൾക്ക് നഷ്ടമായത്.
2021 നവംബര്‍ 18ന് ദേശീയ മെഡിക്കല്‍ കമീഷന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 54 മാസം കാലാവധിയുള്ള മെഡിക്കല്‍ ബിരുദത്തിനു മാത്രമെ ഇന്ത്യയില്‍ അംഗീകാരം ലഭിക്കൂ. പഠിക്കുന്ന രാജ്യത്ത് പ്രാക്ടിസ് ചെയ്യാനും അനുമതി വേണം. ഈ രണ്ട് വ്യവസ്ഥകളും ഫിലിപ്പീന്‍സ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രതികൂലമായാണ് ബാധിക്കുക. ഈ വിവരം മറച്ചുവെച്ച് ഇപ്പോഴും വിവിധ ഏജന്‍സികള്‍ വിദ്യാര്‍ഥികളെ ഫിലിപ്പീന്‍സിലേക്ക് പഠനത്തിന് അയക്കുന്നുണ്ട്.
എം.ബി.ബി.എസിന് തത്തുല്യമായ ഫിലിപ്പീന്‍സിലെ കോഴ്സ് എം.ഡി. (ഡോക്ടര്‍ ഓഫ് മെഡിസിന്) എന്നാണ് അറിയപ്പെടുന്നത്. എം.ഡിക്ക് പ്രവേശനം കിട്ടണമെങ്കില്‍ ഫിലിപ്പീന്‍സിലെ ബി.എസ് (ബാച്ചിലര്‍ ഓഫ് സയന്‍സ്) ബിരുദവും അവിടുത്തെ പ്രവേശന പരീക്ഷയായ എന്മാറ്റും എഴുതണം. ബി.എസിന് പഠിക്കുമ്പോള്‍ തന്നെ എന്മാറ്റും എഴുതാം. 2019-2020 വര്‍ഷം മുതല്‍ ബി.എസ് കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ഥികളുടെ ഭാവിയാണ് എന്‍.എം.സി വ്യവസ്ഥ കാരണം പ്രശ്നത്തിലായത്. ബി.എസിന്റെ നാല് സെമസ്റ്ററുകളും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുണ്ട്. എം.ഡി ബിരുദത്തിന്റെ കാലാവധി 48 മാസമാണ്. അമേരിക്കന്‍ മാതൃകയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണിത്. അമേരിക്കയിലും ബി.എസ്+എം.ഡി സമ്പ്രദായത്തിലാണ് മെഡിസിന് പഠനം.
ഫിലിപ്പീന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിസ് ചെയ്യാൻ ലൈസന്‍സ് ലഭിക്കില്ല. ഉഭയകക്ഷി കരാറുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ അവിടെ ലൈസന്‍സ് നല്‍കൂ. ഫിലിപ്പിനോ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ ലൈസന്‍സ് നല്‍കാത്തത് കൊണ്ടുതന്നെ അവര്‍ ഇന്ത്യക്കാർക്കും ലൈസന്‍സ് നൽകുന്നില്ല.
എന്നാല്‍ ഈ വിജ്ഞാപനത്തിനു മുമ്പ് (2021 നവംബര്‍ 18നു മുമ്പ്) മെഡിസിന് പഠനം മാത്രം ലക്ഷ്യമിട്ട് ഫിലിപ്പീന്‍സില്‍ ബി.എസിന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഈ നിയമം ബാധകമാക്കരുതെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. കേവലം ഒരു സയന്‍സ് ഡിഗ്രി പഠിക്കാനായി ആരും ഫിലിപ്പീന്‍സിലേക്ക് പോകില്ല. മാത്രമല്ല, ഫിലിപ്പീന്‍സിലേക്ക് മെഡിസിന് പഠിക്കാന്‍ ഇക്കാലമത്രയും പോയ വിദ്യാര്‍ഥികള്‍ ഇതേ പാറ്റേണിലാണ് (ബി.എസ്-എം.ഡി) പഠിച്ചതും പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ വന്ന് പ്രാക്ടിസ് ചെയ്യുന്നതും. ഈ ധാരണയിലാണ് വിദ്യാര്‍ഥികള്‍ താരതമ്യേന ചെലവു കുറഞ്ഞ രാജ്യം എന്ന നിലയില്‍ ഫിലിപ്പീന്‍സ് തെരഞ്ഞെടുത്തത്.
എന്‍.എം.സിയുടെ പുതിയ വിജ്ഞാപന പ്രകാരം വിദേശ മെഡിക്കല്‍ കോഴ്സിന്റെ കാലാവധിക്കു പുറമെ അതത് രാജ്യത്തെ പ്രാക്ടിസിങ് ലൈസന്‍സ് കൂടി ഉറപ്പുവരുത്തണം. എന്‍.എം.സിയുടെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ റിക്രൂട്ടിങ് ഏജന്‍സികളുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിട്ടുകള്‍ ചെന്നൈ, ഡല്‍ഹി ഹൈകോടതികള്‍ തള്ളുകയായിരുന്നു. വിജ്ഞാപനം റദ്ദാക്കണമെന്നല്ല, വിജ്ഞാപനം വരുന്നതിനു മുമ്പ് ബി.എസിനു ചേര്‍ന്നവര്‍ക്ക് ഇളവ് നല്‍കണമെന്ന് മാത്രമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.