ഗേറ്റ്-2024 രജിസ്ട്രേഷൻ 24 മുതൽ
text_fieldsഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2024) ദേശീയതലത്തിൽ ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ നടത്തും. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് (IISC) പരീക്ഷ സംഘടിപ്പിക്കുന്നത്. എൻജിനീയറിങ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് ബിരുദക്കാർക്കും 3/4 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പരീക്ഷയിൽ പങ്കെടുക്കാം.
ഗേറ്റ്-2024ൽ 30 ടെസ്റ്റ് പേപ്പറുകളാണുള്ളത്. പുതുതായി ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എയ്റോസ്പേസ് എൻജിനീയറിങ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആന്റ്ൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ, പെട്രോളിയം, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, സ്റ്റാറ്റിസ്റ്റിക്സ്, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് പേപ്പറുകളിലാണ് പരീക്ഷ. ഒരാൾക്ക് ഒന്നോ രണ്ടോ പേപ്പറുകൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം. പരീക്ഷാഘടനയും സിലബസും ഉൾപ്പെടെ സമഗ്ര വിവരങ്ങൾ https://gate2024.iisc.ac.inൽ ലഭ്യമാണ്. രജിസ്ട്രേഷൻ ആഗസ്റ്റ് 24ന് ആരംഭിക്കും.
കേരളത്തിൽ അങ്കമാലി, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തൃശൂർ, വടകര, വയനാട്, ആലപ്പുഴ, ആലുവ/എറണാകുളം, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, മൂവാറ്റുപുഴ, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.
ഉയർന്ന ഗേറ്റ് സ്കോർ നേടുന്നവർക്ക് സ്കോളർഷിപ് ഫെലോഷിപ്പോടെ മാസ്റ്റേഴ്സ്/ഡോക്ടറൽ പ്രോഗ്രാമുകളിൽ ഉപരിപഠനം നടത്താം. നിലവിൽ എം.ടെക്/എം.ഇ പഠനത്തിന് 12,400 രൂപയാണ് പ്രതിമാസ സ്കോളർഷിപ്. നിരവധി കേന്ദ്ര/പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനും ഗേറ്റ് സ്കോർ ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.