ലിംഗഭേദമില്ലാത്ത യൂനിഫോം ഇന്നുമുതൽ
text_fieldsകോഴിക്കോട്: ആൺകുട്ടി-പെൺകുട്ടി വേർതിരിവില്ലാതെ ജെൻഡർ ന്യൂട്രൽ യൂനിഫോം പ്രഖ്യാപനം ബുധനാഴ്ച ബാലുശ്ശേരിയിൽ. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി ആൺ, പെൺ വ്യത്യാസമില്ലാതെ ഒരേതരത്തിലുള്ള വസ്ത്രം തയാറാക്കിയത്. ഹയർ സെക്കൻഡറി മിക്സഡ് ഒന്നാം വർഷ ബാച്ചിലെ 200 പെൺകുട്ടികൾക്കും 60 ആൺകുട്ടികൾക്കുമാണ് യൂനിഫോം നടപ്പാക്കുന്നത്. ബുധനാഴ്ച രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈൻവഴി പ്രഖ്യാപനം നടത്തും. നടി റീമ കല്ലിങ്കലടക്കമുള്ളവരും ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കും. നീല പാൻറ്സും ഇളംനീല കള്ളി ഷർട്ടുമാണ് യൂനിഫോം. കുർത്തയും പാൻറ്സും യൂനിഫോമാക്കാനായിരുന്നു നേരത്തേ തീരുമാനം. അടുത്ത വർഷം കുർത്തയും പാൻറ്സും നടപ്പാക്കും. കഴിഞ്ഞ ദിവസം മുതൽ കുട്ടികൾ പുതിയ യൂനിഫോം ധരിച്ചുവന്നിരുന്നു.
അതേസമയം ആൺ, പെൺ വ്യത്യാസമില്ലാത്ത വസ്ത്രധാരണത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് ലീഗ്, സോളിഡാരിറ്റി, എം.എസ്.എഫ്, എസ്.എസ്.എഫ്, കോഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. യൂനിഫോം ഒരുപോലെയാക്കുന്നത് വസ്ത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച ചില സംഘടനകൾ സ്കൂളിൽ പ്രതിഷേധവുമായെത്തിയിരുന്നു. ബുധനാഴ്ച സ്കൂളിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ലിംഗസമത്വം എന്ന പേരിൽ യൂനിഫോം ഏകീകരിക്കാനുള്ള ശ്രമം ലിബറലിസം അടിച്ചേൽപിക്കലാണെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വസ്ത്രത്തിെൻറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള അവകാശത്തെ ഹനിക്കുന്നതാണ് സർക്കാർ നടപടിയെന്ന് സോളിഡാരിറ്റി വ്യക്തമാക്കി. അതേസമയം, കുട്ടികൾ പുതിയ യൂനിഫോമിൽ സംതൃപ്തരാണെന്നും ഏതെങ്കിലും കുട്ടിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട മാറ്റം വരുത്താവുന്നതാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.