കേന്ദ്ര സർവകലാശാലകളിൽ പി.ജി പ്രവേശനത്തിനും പൊതുപരീക്ഷ
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ 42 കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എൻ.ടി.എ) നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്(സി.യു.ഇ.ടി) വഴിയാക്കുന്നു. ഇതിനുള്ള രജിസ്ട്രേഷൻ മേയ് 19 മുതൽ ആരംഭിച്ചതായി യു.ജി.സി ചെയർമാൻ ജഗദീഷ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂലൈ അവസാന വാരത്തിലാണ് പരീക്ഷ.
അപേക്ഷ ഫോറങ്ങൾ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി വെബ്സൈറ്റില്‍ (nta.ac.in) ലഭ്യമാണ്. പരീക്ഷയില്‍ പങ്കാളികളാകുന്ന സര്‍വകലാശാലകളുടെ കോഴ്‌സ് വിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ ലഭ്യമാകുമെന്നും ജഗദീഷ്കുമാർ വ്യക്തമാക്കി.
2010 മുതൽ രാജസ്ഥാൻ കേന്ദ്ര സർവകലാശാല നടത്തിയിരുന്ന കേന്ദ്ര സർവകലാശാല കോമൺ എൻട്രൻസ് ടെസ്റ്റ്( സി.യു.സി.ഇ.ടി) വഴിയായിരുന്നു12 കേന്ദ്ര സർവകലാശാലകൾ പി.ജി പ്രവേശനം നൽകിയിരുന്നത്. മിക്ക സർവകലാശാലകളും ഇതിന്‍റെ ഭാഗമായിരുന്നില്ല.
ഇത്തവണ യു.ജി.സി നിർദേശത്തെത്തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതു പ്രശേന പരീക്ഷ നടത്തുന്നത്.
ഇതുവഴി 42 കേന്ദ്ര സർവകലാശാലകൾ പ്രവേശനം നൽകാൻ തയാറായിട്ടുണ്ടെന്നാണ് യു.ജി.സി അറിയിപ്പ്.
അതേസമയം, ജാമിഅ മില്ലിയ സർവകലാശാലയും ഡൽഹി സർവകലാശാലയും ഇത്തവണയും അവർ നടത്തുന്ന പ്രവേശന പരീക്ഷ വഴി തന്നെയാണ് പി.ജി കോഴ്സുകളിലേക്ക് പ്രവേശനം നൽകുക.
ജെ.എൻ.യു ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. അടുത്ത അധ്യയന വർഷ ബിരുദ പ്രവേശനം സി.യു.ഇ.ടി സ്കോർ വഴി ആക്കണമെന്ന് കേന്ദ്രസർവകലാശാലകൾക്ക് യു.ജി.സി കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു.
എന്നാൽ, മിക്ക കേന്ദ്ര സർവകലാശാലകളും ഏതാനും കോഴ്സുകൾ മാത്രമാണ് സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ പ്രവേശനത്തിന് ഉൾപ്പെടുത്തിയത്. മറ്റു കോഴ്സുകളിലേക്ക് സ്ഥാപനം നേരിട്ട് നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.