പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ കണക്ക് പുറത്തുവിടാതെ സർക്കാർ
text_fieldsതിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ കണക്ക് ഇതുവരെയും പുറത്തുവിടാതെ സർക്കാർ. ജൂണിൽ സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണൽ കണക്ക് ജൂലൈ പകുതിയോടെയാണ് സാധാരണ പുറത്തുവിടുക. ഈ കണക്ക് നോക്കിയാണ് അധിക സ്റ്റാഫ് നിർണയം അടക്കമുള്ള പല കാര്യങ്ങളും തീരുമാനിക്കേണ്ടത്. കുട്ടികളുടെ ആധാർ നമ്പർ അടക്കം വിവരങ്ങൾ സമഗ്രമായി ഇത്തവണ വാങ്ങിയെടുത്തിരുന്നു. അവയെല്ലാം സോഫ്റ്റ്വെയർ വഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ, മിക്കവാറും സ്കൂളുകളിൽ കൊഴിഞ്ഞുപോക്കുണ്ടായെന്ന് അധ്യാപകർതന്നെ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്താണ് കൂടുതൽ കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയത്. സ്കൂളിൽ പോകാതിരിക്കുമ്പോഴും സ്കൂൾ ബസ് അടക്കം എല്ലാ ഇനങ്ങളിലും വലിയ തുക അടക്കേണ്ടിവന്നതുകൊണ്ടാണ് മാതാപിതാക്കളിൽ വലിയൊരു വിഭാഗം കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റിയത്. പക്ഷേ, സർക്കാറിന്റെ പ്രവർത്തനമികവും അടിസ്ഥാനസൗകര്യ വികസനങ്ങളിലെ കുതിപ്പും മൂലം എയ്ഡഡ്-അൺ എയ്ഡഡ്-സ്വകാര്യ സ്കൂളുകളിൽനിന്ന് വൻതോതിൽ കുട്ടികൾ പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കെത്തിയെന്ന നിലയിലായിരുന്നു പ്രചാരണം.
ഒട്ടുമിക്ക സർക്കാർ സ്കൂളുകളിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും, ഈ അധ്യയന വർഷത്തിലെ ആദ്യ മാസം പിന്നിട്ടപ്പോൾത്തന്നെ സർക്കാർ സ്കൂളുകളിൽ കൊഴിഞ്ഞുപോക്കുണ്ടായി. എൽ.പി സ്കൂളുകളിൽ ഇത് പ്രകടമാണ്. ആധാറിലെ പിഴവുകൾ ശരിയാക്കുന്നതിന്റെ കാലതാമസമെന്ന് പറയുന്ന വകുപ്പധികൃതർ ജനനനിരക്കിലെ കുറവായിരിക്കാം ഒന്നാംക്ലാസിൽ പുതിയ കുട്ടികൾ കുറയാനുള്ള കാരണമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.