‘കീം’; പ്രോസ്പെക്ടസ് മാറ്റാൻ അധികാരമുണ്ടെന്ന് സർക്കാർ
text_fieldsകൊച്ചി: പ്രോസ്പെക്ടസ് പുറപ്പെടുവിച്ച് കഴിഞ്ഞാലും ഏതുഘട്ടത്തിലും അതിൽ മാറ്റം വരുത്താൻ 1.6 വകുപ്പ് അധികാരം നൽകുന്നുണ്ടെന്ന് കീം പ്രവേശന പരീക്ഷ റാങ്ക് പട്ടിക റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടതടക്കം സുപ്രീംകോടതി സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ രീതി എല്ലാ വിദ്യാർഥികൾക്കും തുല്യമായ പരിഗണനയാണ് നൽകുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, സർക്കാർ കൊണ്ടുവന്ന പുതിയ ഫോർമുലക്ക് റിവ്യൂ കമ്മിറ്റി ശിപാർശയുമായി ബന്ധമില്ലെന്നായിരുന്നു എതിർകക്ഷികളുടെ വാദം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്കിന് 1:1:1 എന്ന അനുപാതം കണക്കാക്കിയിരുന്നത് 5:3:2 എന്ന രീതിയിലാക്കിയത് ഇത്തരത്തിലാണ്. മാറ്റംവരുത്താമെന്ന ശിപാർശ നൽകിയെങ്കിലും സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തിയിട്ട് വേണം മാറ്റം കൊണ്ടുവരാനെന്നാണ് കമ്മിറ്റിയുടെ നിർദേശം. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്നും പകരമായി കൊണ്ടുവരുന്ന ഫോർമുല മികച്ചതാണെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് സമയം വേണ്ടിവരുമെന്നതിനാൽ ഇത്തവണ നടപ്പാക്കുക എളുപ്പമായിരിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയിൽ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. ഹരജി പരിഗണിക്കുമ്പോൾ കോടതി നിർദേശിച്ചതിനെത്തുടർന്നാണ് റിപ്പോർട്ട് ഹാജരാക്കിയത്.
വിദഗ്ധ സമിതി മാറ്റം ഈ വർഷംതന്നെ വേണമെന്ന് ശിപാർശ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവർഷത്തെ പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആധാരമാക്കണമെന്ന് നിർദേശിച്ചെങ്കിലും അഞ്ചുവർഷം മാത്രമാണ് സർക്കാർ പരിഗണിച്ചത്.
റാങ്ക് നിർണയരീതിയിൽ മാറ്റം വേണമെന്ന് പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് 2024 നവംബർ മൂന്നിന് ശിപാർശ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാതെയാണ് ഫെബ്രുവരി 19ന് എൻട്രൻസ് പരീക്ഷക്കായി നിലവിലെ റാങ്ക് നിർണയ രീതിയുടെ അടിസ്ഥാനത്തിൽതന്നെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രോസ്പെക്ടസ് മാറ്റി ഉത്തരവിട്ടത്.
കമ്മിറ്റി നിർദേശിച്ചതിൽനിന്ന് വ്യത്യസ്തമായ തീരുമാനമാണ് അവസാന മണിക്കൂറിൽ സർക്കാർ നടപ്പാക്കിയത്. സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇടപെടാൻ കാരണങ്ങളില്ലെന്നും വ്യക്തമാക്കിയ കോടതി, തുടർന്ന് സർക്കാറിന്റെ അപ്പീൽ തള്ളുകയായിരുന്നു. പുതിയ രീതി ചോദ്യംചെയ്യുന്ന ചില ഹരജികളും ബുധനാഴ്ചത്തെ സിംഗിൾബെഞ്ച് ഉത്തരവ് ബാധകമാക്കി ഡിവിഷൻബെഞ്ച് തീർപ്പാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.