ജയവും എ പ്ലസും ഉയർത്താൻ സർക്കാറുകൾ മത്സരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായത് ചുരുങ്ങിയ കാലയളവിനുള്ളിൽ. കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് ലഭിക്കുന്നെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം വിവാദമായതോടെയാണ് ഇതുസംബന്ധിച്ച കണക്കുകൾ പ്രസക്തമാകുന്നത്. ഗുണനിലവാരം ഉറപ്പാക്കാതെ എസ്.എസ്.എൽ.സി വിജയശതമാനം ഉയർത്തുന്നതിൽ മാറിമാറിവന്ന സർക്കാറുകൾ മത്സരിച്ചതോടെയാണ് വിജയവും എ പ്ലസുകാരുടെ എണ്ണവും സർവകാല റെക്കോർഡിലെത്തിയത്. 4.22 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 2021ൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 1,25,509 ആയിരുന്നു. ആ വർഷം പരീക്ഷ എഴുതിയ 29 ശതമാനത്തിലധികം വിദ്യാർഥികൾക്കും എ പ്ലസ് ലഭിച്ചു. കോവിഡ് സാഹചര്യത്തിൽ 40 ശതമാനം പാഠഭാഗങ്ങൾ പഠിച്ചാൽതന്നെ 100 ശതമാനം മാർക്കിനുള്ള ഉത്തരമെഴുതാവുന്ന രീതിയിൽ ഫോക്കസ് ഏരിയ സമ്പ്രദായം നടപ്പാക്കിയതാണ് 2021ൽ വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും കുത്തനെ ഉയരാനിടയാക്കിയത്.
2010ൽ 5182 പേർക്കായിരുന്നു എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ടായിരുന്നത്. ഇത് 2011ൽ 5821ഉം 2012ൽ 6995ഉം 2013ൽ 10,073ഉം 2014ൽ 14,802ഉം 2015ൽ 15,430ഉം ആയി ഉയർന്നു. 2016ൽ 22,879, 2017ൽ 20,967, 2018ൽ 34,313, 2019ൽ 37,334, 2020ൽ 41,906, 2021ൽ 1,25,509 ഉം ആയി ഉയർന്നു. 2022ൽ 44,363 പേർക്കും 2023ൽ 68,604 പേർക്കും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.
രണ്ടായിരത്തിന് ശേഷമാണ് എസ്.എസ്.എൽ.സി വിജയ ശതമാനം ഗണ്യമായി ഉയർന്നത്. മാർക്ക് സമ്പ്രദായം ഒഴിവാക്കി ഗ്രേഡിങ് സമ്പ്രദായവും നിരന്തര മൂല്യനിർണയ രീതിയും കൊണ്ടുവന്നതോടെയാണ് വിജയശതമാനം കുതിച്ചുയർന്നത്. വാരിക്കോരി ഗ്രേസ് മാർക്ക് നൽകുന്നതും വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും കുതിക്കാൻ കാരണമായി. രണ്ടായിരത്തിൽ 56.18 ശതമാനമായിരുന്ന വിജയശതമാനം 2004ൽ 70.06 ശതമാനത്തിലെത്തി. 2007 മുതൽ വിജയശതമാനം കുത്തനെ ഉയർന്നു. 2007ൽ 82.29 ശതമാനമായിരുന്നത് 2008ൽ 92.09 ശതമാനത്തിലെത്തി. പിന്നീടൊരിക്കലും വിജയതമാനം 90 ശതമാനത്തിന് താഴേക്ക് വന്നിട്ടില്ല. 2013ൽ 94.17 ശതമാനമുണ്ടായിരുന്നത് 2015ൽ 98.57ൽ എത്തി. 2016ൽ 96.59ഉം 2017ൽ 95.98ഉം ആയിരുന്ന വിജയം 2018 മുതൽ വീണ്ടും ഉയർന്നു. 2018ൽ വിജയം 97.84 ശതമാനവും 2019ൽ 98.11 ശതമാനവും 2020ൽ 98.82 ശതമാനത്തിലുമെത്തി. 2021ൽ ആദ്യമായി എസ്.എസ്.എൽ.സി ഫലം 99 ശതമാനത്തിന് മുകളിലെത്തി. 99.47 ശതമാനമായിരുന്നു 2021ൽ വിജയം. 2022ൽ 99.26 ശതമാനം. 2023ൽ സർവകാല റെക്കോർഡോടെ 99.70 ശതമാനത്തിലെത്തി. 2023ൽ 4,19,128 പേർ പരീക്ഷ എഴുതിയതിൽ 4,17,864 പേരും വിജയിച്ചു. 1264 പേർ മാത്രമാണ് പരീക്ഷയിൽ വിജയിക്കാതെ പോയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് റിപ്പോർട്ട് തേടി മന്ത്രി
തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത കുട്ടികൾക്ക് വരെ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ലഭിക്കുന്നെന്ന വിമർശനത്തിൽ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനോട് റിപ്പോർട്ട് തേടി. ഡയറക്ടറുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ഡയറക്ടർക്ക് തന്നെയാണ് നിർദേശം നൽകിയത്.
ആന്തരികമായി നടക്കുന്ന ശിൽപശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്നും എല്ലാ കുട്ടികളെയും ഉൾച്ചേർത്തുകൊണ്ടും ഉൾക്കൊണ്ടുകൊണ്ടും ഗുണമേന്മ വർധിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നും ഡയറക്ടറുടെ പരാമർശത്തോട് പ്രതികരിക്കവെ മന്ത്രി വ്യക്തമാക്കിയിരുന്നു.
സർക്കാർ പരിശോധിക്കട്ടെ- പ്രതിപക്ഷം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം സർക്കാർ പരിശോധിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 99 ശതമാനമൊക്കയാണല്ലോ ഇപ്പോൾ വിജയം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറല്ലേ അഭിപ്രായം പറഞ്ഞത്. അത് ഗൗരവായി കണ്ട് മൂല്യനിർണയത്തിൽ കുഴപ്പമുണ്ടെങ്കിൽ പരിശോധിച്ച് മാറ്റം വരുത്തുകയാണ് ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.
വിജയശതമാനം ഉയർത്തിയത് വിഷയ മിനിമം തിരികെ കൊണ്ടുവരാനുള്ള ശിപാർശ തള്ളിയതിനാൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയശതമാനം വിദ്യാഭ്യാസ വകുപ്പ് കുത്തനെ ഉയർത്തിയത് വിഷയ മിനിമം മാർക്ക് രീതി തിരികെ കൊണ്ടുവരാനുള്ള ശിപാർശ തള്ളി. 2016ലെ എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിന് അംഗീകാരം നൽകാൻ ഏപ്രിൽ 26ന് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയയുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷ പാസ് ബോർഡ് യോഗമാണ് വിഷയ മിനിമം രീതി തിരികെ കൊണ്ടുവരണമെന്ന് ശിപാർശ ചെയ്തത്.
എസ്.എസ്.എൽ.സി പരീക്ഷയുടെ ഗുണനിലവാരം ഉയർത്താൻ വിഷയ മിനിമം തിരികെ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ നിർദേശം വെച്ചതോടെയാണ് ഇതുസംബന്ധിച്ച് ശിപാർശ നൽകാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ഈ ശിപാർശ തള്ളി. പിന്നീടുള്ള വർഷങ്ങളിലും എസ്.എസ്.എൽ.സി വിജയശതമാനവും എ പ്ലസ് നേടുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരുന്നു. എഴുത്ത് പരീക്ഷയിൽ ഓരോ വിഷയത്തിലും നിശ്ചിത ശതമാനം മാർക്ക് വിദ്യാർഥി നേടിയിരിക്കണമെന്നതാണ് വിഷയ മിനിമം മാർക്ക് രീതി.
നിലവിൽ 100 മാർക്ക് പരീക്ഷയിൽ 80 മാർക്കിനാണ് എഴുത്തുപരീക്ഷ. 20 മാർക്കിന് നിരന്തര മൂല്യനിർണയവും. 50 മാർക്ക് പരീക്ഷക്ക് 40 മാർക്കിന് എഴുത്തുപരീക്ഷയും 10 മാർക്കിന് നിരന്തര മൂല്യനിർണയവുമാണ്. നിരന്തര മൂല്യനിർണയത്തിന് കൈയയച്ച് മാർക്ക് നൽകുന്നതോടെ വിജയിക്കാൻ വേണ്ട മാർക്ക് വിദ്യാർഥിക്ക് അനായാസം നേടാനാവും. ഈ രീതി മാറി എഴുത്തുപരീക്ഷയിൽ നിശ്ചിത മാർക്ക് നിർബന്ധമായും നേടണമെന്നതായിരുന്നു ശിപാർശ. ഇത് വിജയശതമാനം ഇടിയാൻ വഴിവെക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചത്. വിഷയ മിനിമം രീതി തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഏതാനും വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് പുറംതിരിഞ്ഞ് നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.