തിരുവനന്തപുരം ഗവ. ലോ കോളജിലെ സായാഹ്ന എൽഎൽ.ബി നിർത്തി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളജിലെ ത്രിവത്സര സായാഹ്ന എൽഎൽ.ബി കോഴ്സ് അവസാനിപ്പിച്ച് സർക്കാർ ഉത്തരവ്. ബാർ കൗൺസിൽ നിർദേശ പ്രകാരമാണ് കോഴ്സ് നിർത്തലാക്കുന്നതെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ പറയുന്നത്.
2008ലെ നിയമവിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണ് അഡീഷനല്‍-സ്വാശ്രയ (സായാഹ്ന) കോഴ്സ് നടത്തുന്നതെന്ന് ബാർ കൗൺസിൽ നിയോഗിച്ച സമിതി കണ്ടെത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. 2014-15ലാണ് തിരുവനന്തപുരം ഗവ. ലോ കോളജിൽ അഡീഷനൽ ബാച്ചായി സായാഹ്ന കോഴ്സ് പുനരാരംഭിച്ചത്.
സർവകലാശാലയുടെയും ബാർ കൗൺസിലിെൻറയും അംഗീകാരത്തിന് വിധേയമായാണ് കോഴ്സ് ആരംഭിച്ചത്. കേരള സർവകലാശാലയുടെ അംഗീകാരം ലഭിച്ചെങ്കിലും ബാർ കൗൺസിലിെൻറ അംഗീകാരം ലഭിച്ചില്ല. കഴിഞ്ഞവർഷം ജനുവരി അഞ്ചിന് ബാർ കൗൺസിൽ സംഘം കോളജിൽ പരിശോധനക്ക് എത്തുകയും സായാഹ്ന കോഴ്സ് 2008ലെ ചട്ടപ്രകാരം അനുവദിനീയമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോട് നിലപാട് അറിയിക്കാൻ ബാർ കൗൺസിൽ ആവശ്യപ്പെടുകയും ചെയ്തു.
സർക്കാറിെൻറ മറുപടി ലഭിച്ച ശേഷമേ കോളജിലെ മറ്റ് െറഗുലർ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത് പരിഗണിക്കൂ എന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിരുന്നു. കോഴ്സ് നിർത്തലാക്കാൻ ബാർ കൗൺസിൽ നിർബന്ധം ചെലുത്തുന്നുവെന്നും അല്ലാത്തപക്ഷം കോളജിലെ മറ്റ് കോഴ്സുകളുടെ നടത്തിപ്പിനെ ബാധിക്കുമെന്നും കാണിച്ച് പ്രിൻസിപ്പൽ സർക്കാറിന് കത്ത് നൽകി. ഇതിന് പിന്നാലെയാണ് 2021-22 വർഷം മുതൽ സായാഹ്ന എൽഎൽ.ബി കോഴ്സ് നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് തിരുവനന്തപുരം ഗവ. ലോ കോളജിന് പുറമെ സ്വാശ്രയ സ്ഥാപനമായ പേരൂർക്കട ലോ അക്കാദമി ലോ കോളജിലും സായാഹ്ന എൽഎൽ.ബി കോഴ്സുണ്ട്. ബാർ കൗൺസിലിെൻറ ചട്ടങ്ങൾ ലോ അക്കാദമിയുടെ കാര്യത്തിൽ ബാധകമാക്കാതെയാണ് സർക്കാർ കോളജിലെ കോഴ്സ് നിർത്തലാക്കുന്നത്. സർക്കാർ ലോ കോളജിൽ സായാഹ്ന കോഴ്സ് പുനരാരംഭിച്ചതുമുതൽ ഇതിനെതിരെ ചരടുവലികൾ ആരംഭിച്ചതായി നേരേത്തതന്നെ ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.