നിങ്ങൾ ജോലി അന്വേഷിക്കുകയാണോ? സൂക്ഷിക്കുക! മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനെക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഇന്ത്യക്കാർ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങളെ തുടർന്നാണ് നടപടി.ആളുകളെ കബളിപ്പിക്കാൻ നൂതന മാർഗങ്ങളുമായി ചിലർ എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം ട്വിറ്ററിൽ പങ്ക് വെച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ട്വിറ്റർ പോസ്റ്റിൽ പറയുന്ന് ഇങ്ങനെ, 'നിങ്ങൾ ജോലി അന്വേഷിക്കുകയാണോ? സൂക്ഷിക്കുക! ജോലി വാഗ്ദാനം നൽകി ആളുകളെ കബളിപ്പിക്കാനുള്ള അവസരങ്ങൾക്കായി ചിലർ കാത്തിരിക്കയാണ്. അതൊരു വ്യാജ വെബ്‌സൈറ്റോ, ഓഫർ ലെറ്ററോ, ഇ-മെയിലോ ആകട്ടെ, ഇത്തരം തൊഴിൽ തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ രക്ഷപ്പെടാമെന്നതിന് മൂന്ന് സുരക്ഷാ നിർദേശങ്ങൾ ഇതാ'...
ഒന്ന്- എത്ര ആകർഷകമെന്ന് തോന്നിയാലും സ്ഥിരീകരിക്കാത്ത ലിങ്കുകളിൽ ക്ലിക്കുചെയ്യരുത്.
രണ്ട്- അപരിചിതരായ വ്യക്തികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക.
മൂന്ന്- വ്യാജന്മാരാണെന്ന് തോന്നിയാൽ അത്തരം നമ്പറുകൾ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും മറക്കരുത്.
സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ cybercrime.gov.in ൽ ഏതൊരു ഇന്ത്യൻ പൗരനും പരാതി രജിസ്റ്റർ ചെയ്യാം. പ്രശസ്ത കമ്പനികളിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ വ്യാജ എസ്.എം.എസുകൾ അയക്കുന്നുണ്ട്. ഇക്കാര്യത്തിൽ വലിയ ജാഗ്രത ആവശ്യമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, വ്യാജ തൊഴിൽ റാക്കറ്റുകളിൽ കുടുങ്ങിയ 45 ഇന്ത്യക്കാരെ മ്യാൻമറിൽ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.
'ചില ഇന്ത്യക്കാരെ വ്യാജ തൊഴിലുടമകളിൽ നിന്ന് രക്ഷപ്പെടുത്തി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിന് നിരവധിപേർ മ്യാൻമർ അധികൃതരുടെ കസ്റ്റഡിയിലാണ്. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലാവോസിൽ നിന്നും കംബോഡിയയിൽ നിന്നും സമാനമായ തൊഴിൽ റാക്കറ്റുകളുടെ സംഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്'- ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.