‘ജിപ്മാറ്റ്-2024’ ജൂൺ 6ന്; രജിസ്ട്രേഷൻ ഏപ്രിൽ 21നകം
text_fieldsബോധ്ഗയ, ജമ്മു എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് (IIM) 2024-25 വർഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കുള്ള (ഐ.പി.എം) ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജിപ്മാറ്റ്-2024) ദേശീയതലത്തിൽ ജൂൺ 6ന് സംഘടിപ്പിക്കും. മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് 4 മാർക്ക് വീതം പരമാവധി 400 മാർക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സെന്ററുകളുണ്ട്. ജിപ്മാറ്റ്-2024 വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://exams.nta.ac.in/JIPMAT ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
രജിസ്ട്രേഷൻ ഫീസ് ജനറൽ/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ്/ട്രാൻസ്ജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ.
ഇന്ത്യക്ക് പുറത്ത് 10,000 രൂപയാണ് ഫീസ്. സർവിസ്/പ്രോസസിങ് ചാർജ്, ജി.എസ്.ടി എന്നിവകൂടി നൽകേണ്ടതുണ്ട്. ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടക്കാം. ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ഏപ്രിൽ 21 വൈകീട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
ആർട്സ്, കൊമേഴ്സ്, സയൻസ് സ്ട്രീമിൽ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 2022, 2023 വർഷം വിജയിച്ചിട്ടുള്ളവർക്കും 2024ൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും ടെസ്റ്റിന് അപേക്ഷിക്കാം. ജിപ്മാറ്റ്-2024 റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്ലസ് ടുകാർക്ക് മികച്ച സ്ഥാപനത്തിൽ മാനേജ്മെന്റ് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.