Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദ തെരഞ്ഞെടുപ്പ്...

ബിരുദ തെരഞ്ഞെടുപ്പ് ദിശാബോധത്തോടെ

text_fields
bookmark_border
graduation
cancel

പ്ലസ് ടു കഴിഞ്ഞാല്‍ എൻജിനീയറിങ്, മെഡിസിന്‍, പാരാമെഡിക്കല്‍ എന്നിങ്ങനെയുള്ള കോഴ്സുകള്‍ക്ക് പോകാന്‍ താൽപര്യമില്ല, പ്രഫഷനല്‍ കോഴ്സുകള്‍ വേണ്ടേ വേണ്ട, പകരം സാദാ ഡിഗ്രികളില്‍ ഒന്ന് ചെയ്യണം എന്നിങ്ങനെ ആഗ്രഹിക്കുന്ന ഒരുപാട് വിദ്യാര്‍ഥികളുണ്ട്. അവര്‍ക്ക്, സാധാരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചുറ്റുപാടുകളില്‍ പഠിക്കണം, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ആസ്വദിക്കണം, കോളജ് ജീവിതം അടുത്തറിയണം എന്നിങ്ങനെ താൽപര്യങ്ങളാണ്. പക്ഷേ, ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളജുകളിലാണെങ്കിലും കൃത്യമായ ദിശാബോധത്തോടെയാകണം ഡിഗ്രി തെരഞ്ഞെടുപ്പ്. ഇതിനായി നമുക്ക് ബിരുദ കോഴ്സുകളെ നാല് വിശാല ഗ്രൂപ്പുകളായി തിരിക്കാം.

ശുദ്ധശാസ്ത്ര [Pure Science], പരമ്പരാഗത ശാസ്ത്ര [Traditional Science] കോഴ്സുകള്‍

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ജിയോളജി മുതലായ കോഴ്സുകള്‍ ഈ ഗണത്തില്‍പെടുന്നു. അധ്യാപനം, ഗവേഷണം എന്നിവയാണ് ഇവയുടെ പ്രധാന സാധ്യതകള്‍. ഇത്തരം ഡിഗ്രി കോഴ്സുകള്‍ക്ക് വളരെ കൃത്യവും ക്ലിഷ്ടവുമായ ചില തൊഴില്‍ മേഖലകള്‍ സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ തലത്തിലോ കാണാന്‍ സാധിക്കും, അവയാകട്ടെ എണ്ണത്തില്‍ ചുരുങ്ങിയവയുമാണ്.

ഫിസിക്സ്, കെമിസ്ട്രി ഡിഗ്രിക്കാര്‍ക്കുള്ള സയന്റിഫിക് അസിസ്റ്റന്റ്‌ ജോലികൾ, സര്‍ക്കാര്‍ ഫോറന്‍സിക് ലാബുകളിലെ ഫോറന്‍സിക് അസിസ്റ്റന്റ്‌, എയര്‍ ട്രാഫിക് കൺട്രോളര്‍ തുടങ്ങിയ നിര്‍ദിഷ്ട തൊഴില്‍സാധ്യതകള്‍ക്ക് പുറമേ, എല്ലാവിഭാഗം ഡിഗ്രിക്കാര്‍ക്കും ലഭ്യമായ പൊതുവായ ചില ജോലി സാധ്യതകളും ഈ കോഴ്സുകാര്‍ക്കുള്ള അവസരങ്ങളാണ്. മാത്രമല്ല, ഉപരിപഠന സാധ്യതകളുടെ വൈവിധ്യം വേറെ ഏത് കോഴ്സുകളേക്കാളും ഇവക്ക് കൂടുതലാണ്.

ഫിസിക്സ് ഡിഗ്രിക്കാര്‍ക്കു മാത്രം ഏകദേശം 300ലധികം ഉപരിപഠന സാധ്യതകളുണ്ട്. ഒട്ടുമിക്കതും ഗവേഷണ തല്‍പരരായവര്‍ക്ക് ഉള്ളതാണ്. ഏറ്റവും കൂടുതല്‍ ഉപരിപഠന സാധ്യതകള്‍ കെമിസ്ട്രിയിലാണ്. ഡിഗ്രി, പി.ജി തലത്തിലെ തൊഴില്‍ സാധ്യതകളിലും കെമിസ്ട്രിയാണ് മുന്നില്‍. അതോടൊപ്പം തൊഴില്‍ജന്യമായ ഹ്രസ്വകാല കോഴ്സുകള്‍ ഏറ്റവും കൂടുതല്‍ ലഭ്യമായിട്ടുള്ളത് കെമിസ്ട്രി വിഷയത്തിനാണ്.

അപ്ലൈഡ് സയന്‍സ് ഡിഗ്രികള്‍

ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, ബയോമെഡിക്കല്‍ സയന്‍സ് എന്നിങ്ങനെയുള്ള ഡിഗ്രി കോഴ്സുകളെ ഈ ഗണത്തില്‍പെടുത്താവുന്നതാണ്. വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് പൊതുവെ ഈ കോഴ്സുകള്‍ നല്ല തെരഞ്ഞെടുപ്പാണ്. വൈറോളജി, ഇമ്യൂണോളജി, ഹെമറ്റോളജി, ​ജെനറ്റിക്സ്, പാരാസൈറ്റോളജി, എംബ്രിയോസയന്‍സ് എന്നിങ്ങനെയുള്ള ഗവേഷണ തലത്തിലെ വൈവിധ്യമാര്‍ന്ന ചില മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് ഇത്തരം കോഴ്സുകള്‍ നല്ലതാണ്. ശുദ്ധശാസ്ത്ര ഗണത്തില്‍പെടുന്ന കോഴ്സുകളേക്കാള്‍ ഉപരിപഠന വൈവിധ്യങ്ങള്‍ കുറവാണെങ്കിലും മൈക്രോബയോളജി, ബയോകെമിസ്ട്രി മുതലായവക്ക് കുറച്ചുകൂടി ക്ലിഷ്ടമായ ചില തൊഴില്‍സാധ്യതകളുണ്ട്.

സെമി പ്രഫഷനല്‍ കോഴ്സുകള്‍

ഒരിക്കൽ ഒരു വിദ്യാർഥി പറഞ്ഞു: സാര്‍, എനിക്ക് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ആകണം. പക്ഷെ ബി.ടെക് പഠിക്കാന്‍ താല്പര്യം ഇല്ല. കാരണമായി പറഞ്ഞത് ബി.ടെക്കിലെ ഒട്ടേറെ സങ്കീര്‍ണമായ പാഠങ്ങളും ഭാഗങ്ങളും പഠിക്കാൻ താൽപര്യമില്ലത്രേ. വേഗം ജോലി കിട്ടുകയും വേണം. അത്തരം വിദ്യാര്‍ഥികളോട് ബി.സി.എ അല്ലെങ്കില്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുക്കാന്‍ ഉപദേശിക്കാറുണ്ട്. ബി.ടെക് കോഴ്സിന്‍റെ അത്ര സങ്കീര്‍ണമായ പാഠഭാഗങ്ങള്‍ ഇല്ല, നല്ല സ്ഥാപനങ്ങളില്‍ ജോലിസാധ്യതകളുണ്ട്. എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഐ.ടി മേഖലകളിലെ വരുംകാല സാധ്യതകളെ നേടിയെടുക്കാന്‍ ഇത്തരം കോഴ്സുകള്‍ ഉപകാരപ്രദമാണ്.

പക്ഷേ, ആഡ് ഓണ്‍ കോഴ്സുകളെ കൃത്യമായി ബന്ധപ്പെടുത്തുകയും പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ചെയ്താലേ ഈ കോഴ്സുകള്‍ തൊഴില്‍ജന്യമാകൂ. ബി.എസ്സി ഫുഡ്‌ സയന്‍സ് ആന്‍ഡ് ടെക്നോളജി, ബി.എസ്സി ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ്‌ മുതലായ കോഴ്സുകള്‍ ഈ കൂട്ടത്തിൽ വരും. കുറച്ചുകൂടി ദീര്‍ഘകാലമായ ആസൂത്രണം നടത്തിയാല്‍ വളരെ നന്നായി കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന കോഴ്സുകളാണിവ.

വൊക്കേഷനല്‍ ബിരുദ കോഴ്സുകള്‍

പൊതുവെ ചില വിദ്യാര്‍ഥികളെ കുറിച്ചുള്ള രക്ഷിതാക്കളുടെ പരാതി അവര്‍ പുസ്തകത്തിനു മുന്നില്‍ ഇരിക്കുന്നില്ല എന്നതാണ്. പ്രായോഗിക പരിശീലനങ്ങളില്‍ മാത്രം താല്പര്യമുള്ള, വായിച്ചുപഠിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളില്‍ താൽപര്യം ഇല്ലാത്ത വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇത്തരം ​പ്രസ്താവനകളിലൂടെയാണ് അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്.

ഇത്തരം വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരിക്കണം അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പ് യു.ജി.സി വൊക്കേഷനൽ ഡിഗ്രി കോഴ്സുകള്‍ കൊണ്ടു വന്നത്. പ്രായോഗിക പരിശീലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തൊഴില്‍ സാധ്യതകള്‍ മുന്‍നിർത്തി കൊണ്ടുവന്നതാണ് ബി.വോക് അഥവാ വോക്കേഷനല്‍ ഡിഗ്രീ കോഴ്സുകള്‍. 60 ശതമാനത്തിലധികം പ്രായോഗിക പരിശീലനം ഉൾക്കൊള്ളിച്ച ഇവയുടെ ഘടന സൈദ്ധാന്തിക പഠനം താല്പര്യമില്ലാത്തവര്‍ക്കും തൊഴില്‍പരിശീലനത്തില്‍ താല്പര്യം ഉള്ളവര്‍ക്കും ഏറ്റവും അനുയോജ്യമാണ്.

ലോജിസ്റ്റിക്സ്, റീട്ടെയില്‍ മാനേജ്‌മന്റ്‌, ടൂറിസം, ജെമ്മോളജി, ഡയാലിസിസ് ടെക്നോളജി.. ഇങ്ങനെ എല്ലാ സ്ട്രീം വിദ്യാര്‍ഥികള്‍ക്കും അനുയോജ്യമായ ഒട്ടേറെ കോഴ്സുകള്‍ ഈ വിഭാഗത്തില്‍ വരുന്നുണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നേടി കോഴ്സില്‍നിന്ന് സ്വമേധയാ പുറത്തുപോകാന്‍ സൗകര്യമുണ്ട്. രണ്ടാംവര്‍ഷം പൂര്‍ത്തിയാക്കിയാൽ അഡ്വാന്‍സ്ഡ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ഈയൊരു വര്‍ഗീകരണം സയന്‍സില്‍ മാത്രമല്ല, കോമേഴ്സ്‌, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിലും ലഭ്യമാണ്. കോമേഴ്സിലെ ശുദ്ധസയന്‍സ് വിഭാഗത്തില്‍ ബി. കോമിനെ ഉള്‍ക്കൊള്ളിക്കാം. കോമേഴ്സ്‌കാര്‍ക്ക് സാധ്യമാകുന്ന എല്ലാ കരിയര്‍ മേഖലകളിലേക്കും ബി.കോമുകാര്‍ക്ക് പോകാന്‍ സാധിക്കും എന്നത് കൊണ്ടാണിത്. അതേസമയം, ബി.കോമിനെ അപ്ലൈഡ് സയന്‍സ് ഡിഗ്രി ആയും പരിഗണിക്കാവുന്നതാണ്.

ഹ്യുമാനിറ്റീസ് സ്ട്രീമില്‍ അത് ഇക്കണോമിക്സ്‌, സോഷ്യോളജി എന്നിവയാണ്. താരതമ്യേന കൂടുതല്‍ സാധ്യതകളുള്ള ഡിഗ്രികള്‍ ആണ് ഇവ. ബാച്ചിലര്‍ ഓഫ് ഡിസൈനിങ്, എല്‍എല്‍.ബി, ബി.എസ്സി വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എസ്സി ഹോട്ടല്‍ മാനേജ്‌മെന്റ്‌ മുതലായ ചില കോഴ്സുകളെ നമുക്ക് ഹ്യൂമാനിറ്റീസ്, കോമേഴ്സ്‌ സ്ട്രീമുകള്‍ക്കുശേഷം തിരഞ്ഞെടുക്കാവുന്ന പ്രഫഷനല്‍ അല്ലെങ്കില്‍ സെമി പ്രഫഷനല്‍ കോഴ്സുകളായി ഗണിക്കാം. അപ്ലൈഡ് ഇക്കണോമിക്സ്‌, കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, ഡെവലപ്പ്മെന്റ്ല്‍ സ്റ്റഡീസ് മുതലായവയെ നമുക്ക് ഹ്യൂമാനിറ്റീസ്, കോമേഴ്സ്‌ സ്ട്രീമുകള്‍ക്ക് ശേഷമുള്ള അപ്ലൈഡ് സയന്‍സ് കോഴ്സുകളായും പരിഗണിക്കാവുന്നതാണ്.

കോഴ്സുകളെ സാധ്യതകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച് കൃത്യമായി വര്‍ഗീകരിച്ച് മനസ്സിലാക്കിയശേഷം തിരഞ്ഞെടുക്കുന്നത് ഉപരിപഠനം കുറച്ചുകൂടി സുഗമമാക്കുകയും തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduationEdu News
News Summary - Graduate selection oriented
Next Story