ബിരുദ മൂല്യനിർണയം അടിമുടി മാറും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലെ ബിരുദ കോഴ്സിൽ എഴുത്തുപരീക്ഷക്ക് 80 ശതമാനവും ഇന്‍റേണലിന് 20 ശതമാനവും പാലിച്ചുള്ള മൂല്യനിർണയമാണ് പരീക്ഷ പരിഷ്കരണ കമീഷൻ മാറ്റാൻ ശിപാർശ ചെയ്തത്. ഇത് 60:40 അനുപാതത്തിലേക്ക് മാറുന്നതുവഴിയുണ്ടാകാവുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരവും കമീഷൻ മുന്നോട്ടുവെക്കുന്നു.
40 ശതമാനം വരുന്ന ഇന്‍റേണൽ അസസ്മെന്‍റിന്‍റെ 50 ശതമാനം മാർക്ക് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം. ക്ലാസ് റൂം ഹാജർ ഇന്‍റേണൽ അസസ്മെന്‍റിന് പരിഗണിക്കരുത്. സെമസ്റ്റർ പരീക്ഷയുടെ രണ്ടാഴ്ച മുമ്പെങ്കിലും ഇന്‍റേണൽ മാർക്ക് പ്രസിദ്ധീകരിക്കണം. ഇന്‍റേണൽ അസസ്മെന്‍റുമായി ബന്ധപ്പെട്ട രേഖകൾ ആറ് മാസത്തിൽ കുറയാത്ത കാലയളവിൽ സൂക്ഷിക്കുകയും പരിശോധനക്കായി സർവകലാശാലക്ക് ലഭ്യമാക്കുകയും വേണം. കോളജുകളിലെ ഇന്‍റേണൽ അസസ്മെന്‍റ് രീതി പരിശോധിക്കാൻ സർവകലാശാലകളിൽ സംവിധാനം വേണം.
പരാതികൾ പരിഹരിക്കാൻ സർവകലാശാല ത്രിതല സംവിധാനം വേണം. ഡിപ്പാർട്മെന്‍റ് തലത്തിൽ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലും കോളജ്തലത്തിൽ പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിലും സർവകലാശാലതലത്തിൽ സിൻഡിക്കേറ്റ് പരീക്ഷ സമിതി കൺവീനറുടെ നേതൃത്വത്തിലുമായിരിക്കണം ഇത്. സിൻഡിക്കേറ്റിലെ വിദ്യാർഥി പ്രതിനിധി/ യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൺ, പരീക്ഷ കൺട്രോളർ എന്നിവരും സർവകലാശാലതല സമിതിയിൽ അംഗങ്ങളായിരിക്കണം.
10 ദിവസത്തിനകം പരാതി തീർപ്പാക്കണം. ത്രിതല സമിതിയുടെ തീർപ്പ് ഉൾപ്പെടെ 30 ദിവസത്തിനകമുണ്ടാകണം. ചോദ്യപേപ്പറിന്‍റെ നിലവാരം ഉറപ്പാക്കാൻ സർവകലാശാല പരിശോധന സംവിധാനം നടപ്പാക്കണം. എം.ജി സർവകലാശാല പി.വി.സി സി.ടി. അരവിന്ദ് കുമാർ ചെയർമാനായ കമീഷനിൽ കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ.എ. പ്രവീൺ, കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.