ബിരുദ പഠനം മികച്ച സ്ഥാപനത്തിലാക്കാം
text_fieldsഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള ഏറ്റവും മികച്ച കോളജുകളിലൊന്നില്‍ പ്രവേശനം നേടി ഇഷ്ടപ്പെട്ട ബിരുദതല കോഴ്സ് പഠിക്കുക, അല്ലെങ്കില്‍ മികച്ച കേന്ദ്ര സര്‍വകലാശാലകളിലൊന്നില്‍ പ്രവേശനം നേടുക എന്നത് നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികളുടെ സ്വപ്നമാണ്. പ്രത്യേകിച്ച് അതിന്റെ പ്രാധാന്യം അറിയാവുന്നവര്‍ക്ക്.
കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദതല പഠനത്തിന് അവസരമൊരുക്കുന്ന ദേശീയതല മത്സരപരീക്ഷയാണ് സി.യു.ഇ.ടി -യു.ജി അഥവാ കോമണ്‍ യൂനിവേഴ്സിറ്റി എൻട്രന്‍സ് എക്സാമിനേഷന്‍ -യു.ജി. ഈ വര്‍ഷത്തെ പരീക്ഷ മേയ് 15 മുതല്‍ 31 വരെ രാജ്യത്തെ 388ഉം പുറെത്ത 24ഉം പരീക്ഷ കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷത്തെ അപേക്ഷ നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. മാര്‍ച്ച് 30 ആണ് അവസാന ദിവസം. പതിവുപോലെ ഓണ്‍ലൈനായാണ് പരീക്ഷ.
സീനിയര്‍ സെക്കൻഡറി/ഹയര്‍സെക്കന്‍ഡറി ജയമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്ലസ് ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. എന്നാല്‍, ഓരോ സര്‍വകലാശാലകള്‍ക്കും അവയുടെ പ്രത്യേക നിബന്ധനകള്‍ ഉണ്ടായേക്കും. ഇക്കാര്യം അതത് സര്‍വകലാശാലകളുടെ വെബ്സൈറ്റിൽ നോക്കി ഉറപ്പുവരുത്തേണ്ടതാണ്.
45 കേന്ദ്ര സര്‍വകലാശാലകള്‍, 37 സംസ്ഥാന സര്‍വകലാശാലകള്‍, 32 കൽപിത, 133 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം പങ്കെടുത്ത സ്ഥാപനങ്ങള്‍. എന്നാല്‍, ചില സര്‍വകലാശാലകളുടെ എല്ലാ ബിരുദ കോഴ്സുകള്‍ക്കും ഈ പരീക്ഷ വഴി പ്രവേശനം നല്‍കണമെന്നില്ല. ചിലർ അവരുടെ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷ വേറെ തന്നെ നടത്തുന്നുണ്ട്.
പരീക്ഷ മൂന്നുവിഭാഗം; 13 ഭാഷ
മലയാളം ഉൾപ്പെടെ 13 ഭാഷകളില്‍ ഒന്നില്‍ പരീക്ഷ എഴുതാം. മൂന്നു സെക്ഷനുകളിലായി പരമാവധി പത്ത് ടെസ്റ്റ് പേപ്പറുകള്‍ തിരഞ്ഞെടുക്കാം. എം.സി.ക്യു- മള്‍ട്ടിപ്പ്ള്‍ ചോയ്സ് ശൈലിയില്‍ ആയിരിക്കും പരീക്ഷ.
സെക്ഷന്‍ ഒന്ന്
ഭാഷയുമായി ബന്ധപ്പെട്ട ഈ സെക്ഷനിൽ രണ്ട് ഭാഗങ്ങളുണ്ട്.
സെക്ഷന്‍ ഒന്ന് എ: പരീക്ഷ എഴുതേണ്ട ഭാഷ തിരഞ്ഞെടുക്കാം. ഈ ഭാഷ പ്രവേശനം ആഗ്രഹിക്കുന്ന ഭാഷാ ഡിഗ്രി കോഴ്സിനുള്ള വിഷയമായും പരിഗണിക്കും.
സെക്ഷന്‍ ഒന്ന് ബി: 20 ഭാഷകള്‍, പ്രവേശനം ആഗ്രഹിക്കുന്ന ഭാഷാ ഡിഗ്രി കോഴ്സുകള്‍ക്കുള്ള യോഗ്യതാ പരീക്ഷ. ഇതിൽ പരമാവധി രണ്ടുഭാഷ തിരഞ്ഞെടുക്കാം (നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷ ഡിഗ്രി കോഴ്സുകള്‍ക്കനുസരിച്ച് മാത്രം വിഷയങ്ങള്‍ തിരഞ്ഞെടുക്കുക)
ഓരോന്നിലും 50 ചോദ്യങ്ങള്‍ ഉണ്ടാകും. അതില്‍ 40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഓരോ ഭാഷക്കും 45 മിനിറ്റ് വീതമാണുള്ളത്.
സെക്ഷന്‍ രണ്ട്
ഇതില്‍ 27 പ്രധാന സബ്ജക്ട് ടെസ്റ്റ് പേപ്പറുകള്‍ ഉണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന ഡിഗ്രി കോഴ്സുകള്‍ക്ക് അനുസരിച്ച് ഈ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ഇവിടെ പരമാവധി ആറു ടെസ്റ്റ് പേപ്പറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
മൊത്തം 45/50 ചോദ്യങ്ങള്‍ ഓരോന്നിലും. അതില്‍ 35/40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മതിയാകും. ഓരോ വിഷയത്തിനും 45 മിനിറ്റ് വീതമാണുള്ളത്.
പന്ത്രണ്ടാം ക്ലാസിലെ സിലബസ് അടിസ്ഥാനമാക്കിയാണ് ഓരോ വിഷയത്തിലും പരീക്ഷ നടത്തുന്നത്.
സെക്ഷന്‍ മൂന്ന്
ജനറല്‍ ടെസ്റ്റ് പേപ്പർ: ഇതില്‍ ഒപ്ഷന്‍ ഇല്ല. ഇത് എല്ലാവര്‍ക്കും പൊതുവായി വരുന്നതാണ്. ആകെ 60 ചോദ്യങ്ങളില്‍നിന്ന് 50ന് ഉത്തരമെഴുതിയാല്‍ മതിയാകും ഒരു മണിക്കൂർ സമയം.
ന്യൂമറിക്കല്‍ റീസനിങ്, പൊതുവിജ്ഞാനം, കാലിക വിഷയങ്ങൾ, ജനറല്‍ മെന്റല്‍ എബിലിറ്റി മുതലായവയില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.
ഓരോ സര്‍വകലാശാലകള്‍ക്കും കോഴ്സുകള്‍ക്കും അനുസരിച്ച് ഈ മൂന്നു സെക്ഷനില്‍ പ്രവേശനത്തിനു ആവശ്യമായ സെക്ഷനുകളില്‍ മാറ്റമുണ്ടാകും. എല്ലാ സര്‍വകലാശാലകള്‍ക്കും എല്ലാ കോഴ്സുകള്‍ക്കും മുഴുവന്‍ സെക്ഷനുകളും വേണമെന്നില്ല.
ഓരോ ദിവസവും മൂന്നു ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുന്നത്. ഓരോ ശരിയുത്തരങ്ങള്‍ക്കും അഞ്ച് മാര്‍ക്ക് വീതം നല്‍കും, തെറ്റിന് ഒരു മാര്‍ക്ക് കുറക്കുന്നതാണ്.
നടപടിക്രമം വേറെ
സി.യു.ഇ.ടി പരീക്ഷക്ക് ലഭിച്ച മാര്‍ക്ക് പരിഗണിച്ച് ഓരോ സ്ഥാപനങ്ങളും അവരവരുടെ പ്രവേശന നടപടിക്രമങ്ങള്‍ വേറെ തന്നെ നടത്തുകയാണ് ചെയ്യുക. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് സ്ഥാപനങ്ങളുടെ സൈറ്റില്‍ കയറി നടപടിക്രമങ്ങളില്‍ വേറെ തന്നെ പങ്കെടുക്കണം.
ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ കോളജുകളിലേക്ക് സി.യു.ഇ.ടി മാര്‍ക്കിനെ അടിസ്ഥാനമാക്കി ഡല്‍ഹി സര്‍വകലാശാല കേന്ദ്രീകൃത അലോട്ട്മെന്റ് നടപടി വേറെ തന്നെ ചെയ്യുന്നതാണ്. അതില്‍ പങ്കെടുക്കാന്‍ സർവകലാശാലാ സൈറ്റിലൂടെ പ്രത്യേകം അപേക്ഷിക്കണം.
ഐ.സി.എ.ആറിന് കീഴിലെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ദേശീയ തലത്തില്‍ റിസര്‍വ് ചെയ്ത അഗ്രികള്‍ചര്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷ വഴിയാണ്. പക്ഷേ, ആ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ വേറെയാണ് നടത്തുന്നത്. അതിനായി ഐ.സി.എ.ആർ സൈറ്റില്‍ ഈ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിച്ച് റാങ്ക് പട്ടികയില്‍ ഇടംപിടിക്കണം.
സ്വകാര്യ സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസ് കേന്ദ്ര സര്‍വകലാശാലകളിലേതിനേക്കാള്‍ വളരെ കൂടുതലായിരിക്കും. അതിനാല്‍ ഫീസ് ഘടന പരിശോധിച്ചതിനുശേഷം മാത്രം അവയുടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കുക.
സി.യു.ഇ.ടി വെബ്സൈറ്റില്‍ ഓരോ സര്‍വകലാശാലകളും പ്രവേശനം നല്‍കുന്ന കോഴ്സുകളും യോഗ്യതകളും ഡിഗ്രികള്‍ക്ക് ആവശ്യമായ ടെസ്റ്റ് പേപ്പറുകളും നല്‍കിയിട്ടുണ്ട്, അത് പരിശോധിച്ചുമാത്രം അപേക്ഷിക്കുക.
നിങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പരീക്ഷയെഴുതാന്‍ പറ്റുന്നത്ര ഗ്രാഹ്യമുള്ള ടെസ്റ്റ് വിഷയങ്ങള്‍ത്തന്നെ ഡൊമൈന്‍ സബ്ജക്ട് ആയി തിരഞ്ഞെടുക്കുക.
ചില മികച്ച സ്ഥാപനങ്ങള്‍
കേന്ദ്ര സര്‍വകലാശാലകള്‍
1. ഡല്‍ഹി സര്‍വകലാശാല
2. ജെ.എൻ.യു - ഭാഷ ഡിഗ്രികള്‍ മാത്രം
3. അലീഗഢ് മുസ്‌ലിം സര്‍വകലാശാല
- എല്ലാ ഡിഗ്രി കോഴ്സുകള്‍ക്കും
പ്രവേശനം സി.യു.ഇ.ടി വഴിയല്ല
4. ബനാറസ് ഹിന്ദു
5. ജാമിയ മില്ലിയ ഇസ്‍ലാമിയ്യ
6. പോണ്ടിച്ചേരി
7. ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റി - ഇഫ്ലു
8. യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
9. യൂനിവേഴ്സിറ്റി ഓഫ് അലഹബാദ്
മറ്റ് പ്രധാന സ്ഥാപനങ്ങള്‍
1. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ച്
2. ഫൂട്ട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ്
ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
3. ലക്ഷ്മി ഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഫിസിക്കല്‍ എജുക്കേഷന്‍
4. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
5. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
6. ഡല്‍ഹി ടെക്നോളജിക്കല്‍ സര്‍വകലാശാല
7. ഡോ. ബി.ആര്‍. അംബേദ്‌കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് സര്‍വകലാശാല
8. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാല
9. ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ
10. ഹാര്‍കോര്‍ട്ട് ബട്ട്ലര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല
ദേശീയ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള വിവിധ സര്‍വകലാശാലകളില്‍ ദേശീയതലത്തില്‍ റിസര്‍വ് ചെയ്ത അഗ്രികള്‍ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി അടക്കമുള്ള വിവിധ ബിരുദതല കോഴ്സുകളുടെ സീറ്റുകളിലേക്കുള്ള പ്രവേശനം സി.യു.ഇ.ടിയുടെ അടിസ്ഥാനത്തിലാണ്.
സി.യു.ഇ.ടി-യു.ജി അപേക്ഷ
പരീക്ഷ മേയ് 15 മുതല്‍ 31 വരെ
അപേക്ഷ മാര്‍ച്ച് 30 വരെ
വെബ്സൈറ്റ്: https://cuet.samarth.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.